താൾ:Kundalatha.djvu/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യെന്നു യുവരാജാവു ചോദിച്ചപ്പോൾ താമസിയാതെ വരുമെന്നു് വെള്ളത്താടി ഉത്തരം പറഞ്ഞു.

ശേഷമെല്ലാവരും ഉദ്യാനത്തിൽ എത്തിയ ഉടനെ, മാളികയുടെ മുകളിൽ മുമ്പൊരേടത്തു വിവരിച്ചിട്ടുള്ള ആ വലിയ ഒഴിഞ്ഞ അകത്തു് എല്ലാവരുംകൂടി ഒരു വട്ടമേശയുടെ ചുറ്റും ഇരുന്നു ചില ഭോജ്യപേയാദികളെക്കൊണ്ടു് ക്ഷീണം തീർത്തുക്കൊണ്ടിരിക്കെ, യവനന്മാർ ചെയ്ത ഉപകാരത്തെപ്പറ്റി അഘോരനാഥൻ ശ്ലാഘിച്ചു പറയുന്നതിനിടയിൽ വലിയ രാജാവിനെ അന്നു രാവിലെ മോചിച്ചുക്കൊണ്ടു വന്ന വിവരവും പറഞ്ഞു. അപ്പോൾ യുവരാജാവിനുണ്ടായ വിസ്മയവും സന്തോഷവും ഇത്ര എന്നു പറഞ്ഞുകൂടാ. അദ്ദേഹം തന്റെ സന്തോഷത്തെയും കൃതഞ്ജതയേയും കുറിച്ചു യവനന്മാരോടു കുറഞ്ഞൊന്നു പറഞ്ഞു് അതിന്റെശേഷം അഘോരനാഥൻ കറുത്തതാടിയുടെ ചെവിയിൽ അല്പം ഒന്ന് മന്ത്രിച്ചു് അയാളെ മറ്റൊരു അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. വെള്ളത്താടിയും മനസ്സിനു സ്വസ്ഥതയില്ലാത്തതുപോലെ താഴത്തേക്കിറങ്ങി പടിക്കൽ പോയി നിൽക്കുമ്പോൾ രണ്ടു ഡോലികൾ ഉദ്യാനത്തിലേക്കു വരുന്നതു കണ്ടു. അതിന്റെ പിന്നിൽ ചുവന്ന താടിയും ഉണ്ടായിരുന്നു. ഡോലികൾ അകത്തേക്കു കടത്തി അതിൽനിന്നു രണ്ടാളുകൾ പുറത്തേക്കിറങ്ങി. ഭവനത്തിന്റെ ഇടത്തു ഭാഗത്തുള്ള ഒരു കോണിയിന്മേൽകൂടി മുകളിലേക്കു കയറിപ്പോകയും ചെയ്തു.

യുവരാജാവു് അതിനിടയിൽ അച്ഛന് തരക്കേടു് ഒന്നും ഇല്ലല്ലൊ എന്നു് അറിവാനും അരചനെ അച്ഛന്റെ മുമ്പാകെ കൊണ്ടുപോയി. അയാൾ തനിക്കു ചെയ്ത ഉപകാരത്തെക്കുറിച്ചു് അച്ഛനോടു പറയുവാനുംവേണ്ടി വലിയ രാജാവിന്റെ സമീപത്തേക്കു പോയി. സ്വർണ്ണമയി വലിയ രാജാവിന്റെ സമക്ഷത്തിങ്കൽ തന്നെയുണ്ടായിരുന്നു. ഭർത്താവു വരുന്നതു കണ്ടപ്പോൾ അവൾ വേഗം അടുക്കലേക്കു ചെന്നു്, യുദ്ധത്തിൽ ആപത്തുകൾ ഒന്നും സംഭവിക്കാതെ ജയിച്ചുപോന്നതിനെക്കുറിച്ചു രണ്ടുപേരും തമ്മിൽ പറഞ്ഞു സന്തോഷിച്ചു. അരചൻ രാജ്ഞിയേയും വലിയ രാജാവിനെയും താണുതൊഴുതു വിനീതനായി നിന്നു. രാജാവു് അരചനോടും പ്രതാപചന്ദ്രനോടും യുദ്ധത്തെക്കുറിച്ചു് ഓരോ വർത്തമാനങ്ങൾ ചോദിച്ചപ്പോൾ അവർ രണ്ടുപേരും ഒരുപോലെ യവനന്മാരുടെ സഹായത്തെക്കുറിച്ചു വളരെ പ്രശംസിച്ചു പറഞ്ഞു.

പ്രതാപചന്ദ്രൻ: ആ യവനന്മാർത്തന്നെയാണു്, കുന്തളൻ ഇന്നു്, അച്ഛനെ ആരും അറിയാതെ കൊണ്ടുപോകുമ്പോൾ തടുത്തു നിർത്തി ഇവിടെ കൊണ്ടുവന്നാക്കിയതു്. അവർ, നമുക്കു ചെയ്ത സഹായത്തിനു നാം ഒരിക്കലും തക്കതായ ഒരു പ്രത്യുപകാരം ചെ‌യ്‌വാൻ കഴിയുകയില്ല. അവർ വന്നിട്ടില്ലെങ്കിൽ നമ്മുടെ കലമഹിമ ഇന്നു സൂര്യൻ അസ്തമിക്കുന്നതോടുകൂടി മേലാൽ ഉദി-

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/108&oldid=162989" എന്ന താളിൽനിന്ന് ശേഖരിച്ചത്