താൾ:Kundalatha.djvu/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പ്രാണത്യാഗംചെയ്യുകയാണല്ലോ. വീരന്മാരുടെ ധർമ്മം , എന്റെ ജീവനെക്കുറിച്ചു വിചാരപ്പെടേണ്ട.

കറുത്തതാടി: ധൈര്യശാലികളും സ്വാമിഭക്തിയുള്ളവരും ആയ ഈ കാണുന്ന ആളുകളുടെയും, ഇവിടുത്തെ വിലയേറിയ ജീവനെ അനാവശ്യമായി, ദുരഭിമാനം വിചാരിച്ചു് അപമൃത്യുവാൽ നശിപ്പിക്കുവാൻ ഒരുങ്ങുന്നതിനെക്കാൾ അധികമായ അവമാനം എന്തുണ്ട്? അങ്ങുന്നോ ഇത്ര നിർഘുണനാകേണ്ടതു്? തന്റെ പ്രതിയോഗിയുടെ യുക്തിയുക്തമായ ആ വാക്കു കേട്ടു്,

കുന്തളേശൻ അല്പനേരം ആലോചിച്ചശേഷം വളരെ പണിപ്പെട്ടു കീഴടങ്ങാമെന്നു സമ്മതിച്ചു. കറുത്തതാടി 'എന്നാൽ, കുതിരപ്പുറത്തുനിന്നു് ഇറങ്ങി ആയുധം താഴെ വെക്കണം' എന്നു പറഞ്ഞു. അഘോരനാഥനെ വിളിച്ചു് ആ വിവരം അറിയിച്ചു. അഘോരനാഥൻ 'യുദ്ധം നിൽക്കട്ടെ !' എന്നു രണ്ടാമതും ഉച്ചത്തിൽ പറഞ്ഞു. കുന്തളേശൻ അത്യന്തം വ്രീണാപരവശനായി തന്റെ ഏറ്റവും വാടിയ മുഖം താഴത്തിക്കൊണ്ടു കുതിരപ്പുറത്തുനിന്നു് ഇറങ്ങി ആയുധം വെച്ചു്, ആ നിലയിൽത്തന്നെ ഒരു ചിത്രത്തിൽ എഴുതിയപോലെ നിശ്ചേഷ്ടനായി നിന്നു, കഷ്ടം!

ആയതു കണ്ടപ്പോൾ അദ്ദേഹത്തിന്റെ കൂടെയുള്ളവരൊക്കെയും ഏറ്റവും ഖിന്നന്മാരായി തങ്ങളുടെ ആയുധങ്ങളേയും വച്ചു. അഘോരനാഥൻ പ്രധാനമന്ത്രിയുടെ നിലയിൽ അവരുടെ മുമ്പാകെ ചെന്നു നിന്നു് 'കൃത്യവീരനെന്ന നാമധേയമായ കുന്തളരാജാവും, അദ്ദേഹത്തിന്റെ ഈ കാണാനാകുന്ന ആൾക്കാരും, ശ്രീ പ്രതാപചന്ദ്രകലിംഗ മഹാരാജാവവർവകളോട് പട വെട്ടി തോറ്റു കീഴടങ്ങുകയും, മേല്പറഞ്ഞ കുന്തളരാജാവിനെയും ആൾക്കാരെയും ഇന്നുമുതൽ രണ്ടാമതു് കല്പനയുണ്ടാകുന്നതുവരെ, ദുന്ദുഭീദുർഗത്തിൽ തടവുകാരാക്കി പാർപ്പിക്കുവാൻ മഹാരാജാവവർകൾ കല്പിക്കുകയും ചെയ്തിരിക്കുന്നുവെന്നു് കലിംഗ രാജാവവർകളുടെ പ്രജകളായ മഹാജനങ്ങൾ ഇതിനാൽ അറിയുമാറാക' എന്നു വളരെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു പടഹമടിപ്പിച്ചു. പിന്നെ വിനയത്തോടുകൂടി കുന്തളേശന്റെ അടുത്തുചെന്നു. 'മറുപ്രകാരം ഇങ്ങനെ പറയേണ്ടതാകയാൽ പറഞ്ഞതാണു്. ഇതിൽ കയറി എഴുന്നരുളാം' എന്നു പറഞ്ഞു വിശേഷമായി ചായം കയറ്റിയ ഒരു ഡോലി അദ്ദേഹത്തിന്റെ മുമ്പാകെ വെപ്പിച്ചു.

കുന്തളേശൻ, വാഹനാവശ്യമില്ലെന്നു പറഞ്ഞു് എങ്ങോട്ടാണു പോകേണ്ടതു് എന്നു ചോദിക്കുമ്പോലെ അഘോരനാഥന്റെ മുഖത്തേക്കു നോക്കി. ആയുധപാണികളായ ഭടന്മാർ രണ്ടു വരികളായി നില്ക്കുന്നതിന്റെ നടുവിൽ സേനാപതി കുന്തളശേനെ കൂട്ടിക്കൊണ്ടുപോകുവാൻ ഒരുങ്ങിനിൽക്കുന്നതിനെ കാണിച്ചുകൊടുത്തപ്പോൾ അദ്ദേഹം തല പൊങ്ങിച്ചു നോക്കാതെ അയാളുടെ പിന്നാലെ നടന്നു പോയിത്തുടങ്ങി. വാഹനത്തിൽ കയറാമെന്നു് രണ്ടു പ്രവിശ്യം

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/105&oldid=145284" എന്ന താളിൽനിന്നു ശേഖരിച്ചത്