Jump to content

താൾ:Kundalatha.djvu/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂടാതെ വെള്ളത്താടിയെ ചെറുക്കുന്നതിനിടയിൽ അടുത്തു നിന്നിരുന്ന യുവരാജാവിന്റെ കുതിരയെ വെട്ടിത്താഴ്ത്തി. അപ്പോൾ അരചന്റെ കുതിരയെ യുവരാജാവിന്നു കൊടുത്ത് വേറൊരു കുതിരപ്പുറത്തു കയറി. വെള്ളത്താടി രാജകുമാരന്നു് തരക്കേടു് ഒന്നും വന്നില്ലല്ലൊ എന്നു നോക്കുമ്പോഴേക്ക് കുന്തളേശൻ ആ തക്കം പാർത്ത് പിൻവാങ്ങി തന്റെ സൈന്യത്തോടു രണ്ടാമതും ചേർന്നു. ആ സൈന്യമോ, കറുത്ത താടിയുടേയും ചുവന്ന താടിയുടേയും അഘോരനാഥന്റെയും അതിസാഹസമായ പ്രയത്നം കൊണ്ടു് കുറച്ചുനേരത്തിന്നുള്ളിൽ ശിഥിലമായിത്തുടങ്ങി. സംശപ്തകന്മാരുടെ പരാക്രമംകൊണ്ടു് ചുവന്ന താടി മൂന്നു പ്രാവിശ്യം കുതിരയെ മാറ്റേണ്ടിവന്നു. ശുരന്മാരായ അവർ കൂട്ടുംകൂട്ടമായി യവനന്മാരോടു് ഏറ്റുചെന്ന് അഗ്നിയിൽ ശലഭങ്ങൾ എന്നപോലെ ഒന്നൊഴിയാതെ എല്ലാവരും പൊരുതി മരിച്ചു.

പിന്നെ കുന്തളേശനും, കുറ്റുകാരായ ചില അമാത്യന്മാരും, ഇരുനൂറിൽ ചില്വാനം ഭടന്മാരും മാത്രം ശേഷിച്ചു. അങ്ങനെയിരിക്കെ കറുത്ത താടി കുറഞ്ഞൊന്നു പിൻവാങ്ങി അഘോരനാഥനോടു് അല്പം ഒന്നു് ചെകി‌ട്ടിൽ മന്ത്രിച്ചു. അപ്പോൾത്തന്നെ അഘോരനാഥൻ കാഹളം വിളിപ്പിച്ച് 'പട നിൽക്കട്ടെ ' എന്നു പോർക്കളത്തിൽനിന്നു് ഉച്ചത്തിൽ വിളിച്ചുപറയിച്ചു. ആയുധങ്ങളുടെ ഝണഝണ ശബ്ദം നിന്നപ്പോൾ 'കുന്തളരാജാവിന്റെ സൈന്യത്തിൽ കീഴടങ്ങുവാൻ മനസ്സുള്ളവരുണ്ടെങ്കിൽ അവരെ നിഗ്രഹിക്കുന്നില്ല' എന്നു രണ്ടാമതും ഉച്ചത്തിൽ പറഞ്ഞതിന്നു് 'ഞങ്ങളുടെ സ്വാമി കീഴടങ്ങാത്തപക്ഷം, ഞങ്ങൾ അദ്ദേത്തിനുവേണ്ടി മരിക്കുവാൻ തയ്യാറായവരാണു് ' എന്നു സചിവന്മാരിൽ പ്രധാനിയായ ഒരാൾ ഉത്തരം പറഞ്ഞു. കുന്തളേശൻ അത് കേട്ടു എങ്കിലും കീഴടങ്ങുവാൻ വിചാരിക്കാതെ വെള്ളത്താടിയുമായി രണ്ടാമതും പോരാടുവാൻ തുടങ്ങിയപ്പോഴേക്കു്, കറുത്തതാടി അവിടേയ്ക്കെത്തി. ഒരു അന്തകനെപ്പോലെ അയാൾ തന്റെ മുമ്പിൽ വന്നു നിന്നപ്പോൾ, കുന്തളേശനുണ്ടായ നിരാശയും ഭയവും വ്യസനവും പറയുന്നതിനേക്കാൾ വിചാരിച്ചു് അറിയുകയാണ് എളുപ്പം. കറുത്തതാടി കുന്തളേശന്റെ സഹായത്തിനു് എത്തുവാൻ ശ്രമിച്ച ചില കുറുള്ള അമാത്യന്മാരെ അഘോരനാഥനും വെള്ളത്താടിയുംകൂടി തടുത്തുനിർത്തുകയും ചെയ്തു.

കറുത്തത്താടി: കീഴടങ്ങാമെന്നുണ്ടെങ്കിൽ നമുക്കു രണ്ടാൾക്കും കുറെക്കാലംകൂടി ജീവിച്ചിരിക്കാം. ഇല്ലെങ്കിൽ നമ്മിൽ ഒരാളുടെ ആയുസ്സ് എങ്കിലും ഇപ്പോൾ അവസാനിക്കേണ്ടിവരുമെന്നു് തീർച്ചതന്നെ.

കൃത്യവീരൻ: അവമാനത്തോടുകൂടി ഇരിക്കുന്നതിനേക്കാൾ ധീരതയോടുകൂടി

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/104&oldid=162985" എന്ന താളിൽനിന്ന് ശേഖരിച്ചത്