താൾ:Kundalatha.djvu/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പോന്നിട്ടുള്ള ഒരു കൂട്ടം ഭടന്മാരും ദൂരെ ഒരു വഴിക്കു് പോകുന്നതായി കാണായി. അവർ യവനന്മാരെ കണ്ടില്ല. യവനന്മാർ അവരുടെ ഏതാണ്ടു് അടുത്തെത്തിയപ്പോൾ, ചില മരങ്ങളുടെ മറവിൽ ഒട്ടും അനങ്ങാതെ അല്പനേരം നിന്നു. അപ്പോഴേക്കു ഡോലിക്കാരും പകുതി ഭടന്മാരും രണ്ടു കുന്നുകളുടെ നടുവിൽകൂടിയുള്ള ഒരു ഇടുക്കിന്റെ അങ്ങേ ഭാഗത്തേക്കു കടന്നതു കണ്ടു് യവനന്മാർ ആ സ്ഥലത്തേക്കു തക്കമറിഞ്ഞു് ഓടിച്ചെത്തി. കറുത്ത താടി മുമ്പിൽ കടന്നു് തന്റെ വലിയ വെണ്മഴു ഓങ്ങികൊണ്ടു്, ആ കുടുങ്ങിയ സ്ഥലത്തിന്റെ മീതെ ചെന്നുനിന്നു് 'അവിടെ വെക്കുവിൻ കള്ളന്മാരെ! നിങ്ങൾ ആരാണെന്നു പരമാർത്ഥം ഇപ്പോൾ പറഞ്ഞിട്ടില്ലെങ്കിൽ നിങ്ങളുടെ അവസാനം അടുത്തിരിക്കുന്നുവെന്നു് കരുതിക്കൊൾവിൻ'! എന്നു് അതിനിഷ്ഠുരതരം പറഞ്ഞപ്പോൾ ഡോലിക്കാർ ഉടനെ ഡോലി താഴത്തുവെച്ചു. ഭടന്മാർ പുറത്തേക്കു പോകുന്നതിനെ തടുക്കുവാൻവേണ്ടി, ചുവന്ന താടിയും വെള്ളതാടിയും അതിനിടയിൽ , ആ കുടങ്ങിയ വഴിയുടെ മുമ്പിലും പിമ്പിലും പോയി നിന്നു് വഴിയടച്ചു. ഇങ്ങനെ പെട്ടെന്നു തങ്ങളെ, കാലതുല്യന്മാരായ ആ യവനന്മാർ കടുഭാഷണംകൊണ്ടു് ഭീഷണിപ്പെടുത്തിയപ്പോൾ ഭടന്മാർ നാലു പുറത്തും നോക്കി തങ്ങളുടെ അപകടത്തെ മനസ്സിലാക്കി നിർവാഹമില്ലെന്നു നിശ്ചയിച്ചു്, പരമാർത്ഥം മുഴുവനും സമ്മതിച്ചു. ' നല്ലതു്.നിങ്ങൾ പരമാർത്ഥം പറഞ്ഞതു നന്നായി. നിങ്ങൾക്കു് പ്രാണനെ കൊതിയുണ്ടെങ്കിൽ ഡോലിയെടുത്തവരൊഴികെ ശേഷമുള്ളവർ ഒരുത്തനെങ്കിലും പിൻതിരിയാതെ, ഇപ്പോൾ ഞങ്ങൾ നോക്കിനില്ക്കതന്നെ കുന്തളരാജ്യത്തേക്കു പോകണം. താമസിച്ചാൽ മരണം നിശ്ചയം. ഡോലിക്കാരെ ഞങ്ങൾ വേണ്ടും പോലെ രക്ഷിക്കും' എന്നു് കറുത്ത താടി പിന്നെയും പറഞ്ഞു. ഭടന്മാർ യവനന്മാരുടെ അധികമായ പൗരുഷം കണ്ടു് ഭയപ്പെട്ടു്, അങ്ങെനെതന്നെയെന്നു് സമ്മതിച്ചു്, അപ്പോൾതന്നെ കുന്തളരാജ്യത്തേക്കു വേഗം മടങ്ങിപ്പോവുകയും ചെയ്തു.

യവനന്മാർ ഭടന്മാരെ കാണാതാകുന്നതുവരെ നോക്കിക്കൊണ്ടുനിന്നശേഷം രാജാവിനെ എടുപ്പിച്ചുകൊണ്ടു വേറോരു വഴിയായി പോയി. തരക്കേടു് ഒന്നും കൂടാതെ ഒരു ദിക്കിൽ എത്തി, രാജാവാണെന്നു പറഞ്ഞു്, അവിടെ ചിലരെ ഏല്പ്പിച്ചു് ബദ്ധപ്പെട്ടു് അല്പം ഭക്ഷണം കഴിച്ചു് ഉടനെ യുദ്ധം നടക്കുന്നിടത്തേക്കു് ഓടിക്കുകയുംചെയ്തു.

(കാരാഗൃഹം)

ഇതൊക്കെയും നാഴികക്കുള്ളിലാണു് യവനന്മാർ സാധിച്ചതു്. അവർ രാജധാനിയുടെ സമീപം എത്തിയപ്പോൾ ഉള്ളിൽ നിന്നു് അതിഘോരമായ സമരം നടക്കുന്നതിന്റെ കോലാഹലം കേൾക്കു

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/100&oldid=162981" എന്ന താളിൽനിന്ന് ശേഖരിച്ചത്