താൾ:Kundalatha.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

വർക്കു് അവന്റെ സ്വാമിയുടെ യോഗ്യത അവനിൽ പ്രതിഫലിച്ചു കാണാം.

യോഗീശ്വരന്റെ ഈ വനഭവനം ഘോരകാന്താരത്തിൽ വളരെ ഏകാന്തസ്ഥലത്താണെങ്കിലും ചുരുക്കത്തിൽ ഉറപ്പും രക്ഷയുമുള്ള ഭവനമാണു്. ഗജം, വ്യാഘ്രം മുതലായ കാട്ടുമൃഗങ്ങളുടെ ആക്രമം തട്ടാതിരിപ്പാൻവേണ്ടി നാലു പുറത്തും ബലമുള്ള വൃക്ഷങ്ങൾ വളരെ അടുപ്പിച്ചുവെച്ചു് ഒരു വളരുന്ന വേലിയുണ്ടാക്കിയിട്ടുണ്ടു്. അതുകൊണ്ടും യോഗീശ്വരൻ അത്യാവശ്യം ചില ആയുധങ്ങൾ കരുതീട്ടുണ്ടായിരുന്നതിനാലും ആ വക ദുഷ്ടമൃഗങ്ങളിൽ നിന്നു് ഭീതിയുണ്ടാവാൻ സംഗതികൂടാതെ കഴിഞ്ഞു. ഭവനത്തിനുചുററും ഒരു വലിയ തോപ്പാണു്. അതിൽ സസ്യാദികൾ കുന്ദലതയുടെ കയ്യുകൊണ്ട് ജലം ആസ്വദിച്ചവ അനവധിയുണ്ടു്. ഉമ്മരത്തു് മുറ്റത്തിനരികെ കുന്ദലതക്കു് പ്രത്യേകമായി ഒരു വളപ്പുണ്ടു്. അതിൽ മന്ദാരം, പനിനീരു്, പിച്ചകം, മുല്ല, മുതലായ സുഗന്ധപുഷ്പങ്ങളുടെ ചെടികളും വള്ളികളും നാരകം, ദ്രാക്ഷ, മാതളനാരകം മുതലായ വിശേഷഫലങ്ങൾ ഉണ്ടാവുന്ന വൃക്ഷങ്ങളും ചെടികളും കുന്ദലതയുടെ കയ്യുകൊണ്ടു തന്നെ നട്ടു നനച്ചിട്ടുണ്ടാക്കീട്ടുണ്ടായിരുന്നു. ദിവസംപ്രതി രാവിലെ സമയങ്ങളിലും യോഗീശ്വരന്റെ കൂടെ നടക്കാൻ പോകാത്ത മറ്റു സമയങ്ങളിലും കുന്ദലത ആ ചെടികളെ നനച്ച്, അവയ്‌ക്കു് മണ്ണും വളവും ചേർത്ത്, വളരെ വാത്സല്യത്തോടുകൂടി രക്ഷിക്കുകയും അവ മുളയ്ക്കുന്നതും വളരുന്നതും തെഴുക്കുന്നതും മൊട്ടിടുന്നതും പൂക്കുന്നതും കായ്ക്കുന്നതും കൗതുകത്തോടുകൂടി നോക്കിക്കണ്ടു് സന്തോഷിക്കുകയും ചെയ്യും.

ഇല്ല നിങ്ങളെ നനച്ചിടാതെയൊരുനാളി-
വൾക്കു ജലപാനവും
പല്ലവം തൊടുവതില്ല മണ്ഡനരതാവ-
പി പ്രിയതകൊണ്ടിവൾ
നല്ലൊരുത്സവമിവൾക്കു നിങ്ങളുടെയാദ്യ-
മായ കുസുമോൽഗമെ
വല്ലഭം വ്രജതി സാ ശകുന്തളയനുജ്ഞ
നിങ്ങളരുളീടുവിൻ'

എന്ന ശ്ലോകത്തിൽ കണ്വമഹർഷി പറഞ്ഞതത്രയും വാസ്തവമായി കുന്ദലതയെക്കുറിച്ചും പറയാം. അങ്ങനെ കുന്ദലതയുടെ പ്രയത്നത്തിന്റെ ഫലവും വിനോദത്തിന്റെ ഹേതുവും ആയ ആ ചെറിയ പൂന്തോട്ടം സുഗന്ധമുള്ള പുഷ്പങ്ങളെക്കൊണ്ടും മാധുര്യമുള്ള ഫലങ്ങളെക്കൊണ്ടും ആ ആരാമത്തിനു് ഒരു തൊടുകുറിയായി തീർന്നിട്ടുണ്ടായിരുന്നു.

തോപ്പിന്റെ ഒരു ഭാഗത്തു് ഗോതമ്പും വിളയിട്ടിട്ടുണ്ടു്. ആയതും കായ്ക്കനികളുമാണു് അവരുടെ പ്രധാന ഭക്ഷണസാധനങ്ങൾ.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/10&oldid=214241" എന്ന താളിൽനിന്ന് ശേഖരിച്ചത്