തേൻ മുതലായ വന്യങ്ങളായ പദാർത്ഥങ്ങൾ സുലഭം. വന്യങ്ങളല്ലാത്ത സാധനങ്ങളും ഇല്ലെന്നില്ല. ആ വക സാമാനങ്ങൾ ധർമ്മപൂരിക്കു സമീപമുളള ചന്തയിൽനിന്നു വാങ്ങി കരുതുമാറുണ്ടായിരുന്നു. ഭവനത്തിന്റെ അല്പം തെക്കുഭാഗത്തായിട്ടു് വില്വാദ്രിയുടെ അധികം ഉയർന്ന ഒരു കൊടുമുടിയുണ്ടു്. അധികം അടിയിൽനിന്നു് ഒരു ചെറുതായ ചോല ശാശ്വതമായി പ്രവഹിച്ചുവരുന്നതിന്റെ മാർഗം തിരിച്ചു് യോഗീശ്വരന്റെ വളപ്പിനുള്ളിലേക്കു കടത്തി, അവിടെ ഒന്നു രണ്ടു വലിയ കുഴികളിൽ കെട്ടിനിർത്തീട്ടുണ്ടായിരുന്നതിനാൽ കുടിക്കുവാനും കുളിക്കുവാനും ആ നിർമലജലംതന്നെ ഉതകുമാറാക്കിയിരുന്നു. ആ കുഴികളിൽനിന്നു കവിഞ്ഞൊഴുകിപ്പോരുന്ന വെളളം ചെറിയ ചാലുകളിൽക്കൂടി പല വഴിയും തിരിച്ചിട്ടുണ്ടായിരുന്നതിനാൽ തോപ്പിലെ വൃക്ഷാദികൾക്കു നനയ്ക്കുവാൻ വളരെ എളുപ്പമായിത്തീർന്നു. ആകപ്പാടെ വാസസൗഖ്യം രാജാക്കന്മാർക്കുകൂടി ഇതിലധികം ഉണ്ടാവാൻ പ്രയാസമാണു്.
അങ്ങനെ ഏകാന്തമായിരിക്കുന്ന ആ ഭവനത്തിൽ യോഗീശ്വരനും കുന്ദലതയുംകൂടി സൗഖ്യമായി വസിക്കട്ടെ. ഇനി നമ്മുടെ കഥ വില്വാദ്രിയിൽനിന്നു് വളരെ ദൂരമുളള വേറെ ഒരു രാജ്യത്തുവച്ചു് തുടങ്ങേണ്ടിയിരിക്കുന്നു.