താൾ:Kulastreeyum Chanthapennum Undayathengane.djvu/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


DownArrow.png

വിവാഹത്തിനിടയാകാതെയും എന്നാൽ ശരിയായ രക്ഷാകർത്താക്കന്മാരില്ലാതെയും ആഹാരസമ്പാദനത്തിന് നിർബന്ധിതയായും തീരുന്ന ഒരു ഗ്രാമീണയുവതിയുടെ കഥയെന്താണ്? കുടുംബത്തിൽ പരമ്പരയാ വല്ല കൈത്തൊഴിലും നടത്തിയിരുന്നെങ്കിൽ ജന്മവാസനകൊണ്ടും, കണ്ടുപഠിച്ചും വല്ല തൊഴിലും ചെയ്‌വാൻ അവൾക്കു സാധിച്ചുവെന്നുവരും. ഇല്ലാത്തപക്ഷം അവൾ സ്വഗൃഹഭിത്തിക്കുള്ളിൽ ഇരുന്നു സ്വാഭിമാനം രക്ഷിച്ച് ഉപജീവനം നേടാൻ എങ്ങനെ പ്രാപ്തയാകും?

...അതിനാൽ പുറത്തിറങ്ങി പുരുഷനോടൊപ്പം കൂലിപ്പണി എടുക്കുകതന്നേ ഗതിയുള്ളൂ. പുരുഷന്മാരുടെ നേരമ്പോക്കിനു ലാക്കായും, അവരുടെ ദുർവൃത്തികൾക്കു കീഴടങ്ങിയും നരകദുഃഖമനുഭവിക്കുന്നു.

(ബി. കല്യാണിയമ്മ, 'സ്ത്രീവിദ്യാഭ്യാസത്തിന്റെ മാതൃക', മലയാളമാസിക 1(1), 1930)


കല്യാണിയമ്മയുടെ വർണ്ണന യാഥാർത്ഥ്യത്തിൽനിന്ന് അകലെയല്ലായിരുന്നുവെന്ന സൂചനയാണ് മുൻ അദ്ധ്യായത്തിൽ വിവരിച്ച കശുവണ്ടിത്തൊഴിലാളിസ്ത്രീകളുടെ ജീവിതകഥകൾ നൽകുന്നത്. പക്ഷേ, സ്ത്രീകളുടെ തൊഴിലിടങ്ങളെ ഭേദപ്പെടുത്തുക, അതിക്രമങ്ങൾ തടയുക, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക മുതലായ നടപടികൾക്കുപകരം സ്ത്രീകളെ വീടുകൾക്കുള്ളിൽ ഒതുക്കുന്ന 'കുടിൽവ്യവസായപരിശീന'മാണ് മേൽ സൂചിപ്പിച്ച അപകടത്തിൽനിന്നുള്ള രക്ഷാമാർഗ്ഗമായി അവതരിപ്പിക്കപ്പെടുന്നത്. മാത്രമല്ല, കല്യാണിയമ്മയുടെ കണ്ണിൽ ഒപ്പം ജോലിയെടുക്കുന്ന 'ആണുങ്ങളാ'ണ് പ്രശ്നക്കാർ. എന്നാൽ മുൻ അദ്ധ്യായത്തിൽ പരിചയപ്പെട്ട കോത എന്ന തൊഴിലാളിസ്ത്രീ സൂചിപ്പിച്ചതുപോലെ, പ്രശ്നക്കാർ മുതലാളിയുടെ കൂലിപ്പടയിലെ പുരുഷന്മാരായിരുന്നു. മറ്റുള്ള പുരുഷന്മാരെ ഭയപ്പെടേണ്ടകാര്യം തൊഴിലാളിസ്ത്രീകൾക്കില്ലായിരുന്നെന്ന് കോത വ്യക്തമാക്കുന്നുണ്ട്. അപ്പോൾ തൊഴിലിടത്തെ കൂടുതൽ സുരക്ഷിതമാക്കാൻ സാധിക്കുമെന്നതു തീർച്ചതന്നെ - പ്രശ്നക്കാരായ പുരുഷന്മാരെ നിയന്ത്രിക്കുന്നപക്ഷം! എന്നാൽ കല്യാണിയമ്മയുടെ നോട്ടത്തിൽ പുരുഷന്മാരോടൊത്ത് കൂലിവേലയെടുക്കുന്ന സ്ത്രീ 'മാന്യത'യുടെ അതിർവരമ്പു കടന്നുകഴിഞ്ഞു; അതുകൊണ്ടുതന്നെ അവർ ലൈംഗികശല്യത്തെ, ഒരർത്ഥത്തിൽ, വിളിച്ചുവരുത്തുന്നു!

പൊതുവെ പറഞ്ഞാൽ പുരുഷന്മാരുടേതെന്ന് തിരിച്ചറിയപ്പെട്ട ഏതൊരു സ്ഥലത്തേക്കും കടക്കുന്ന സ്ത്രീകളുടെ സ്ത്രീത്വം തേഞ്ഞുപോകുമെന്ന ഭീതിയായിരുന്നു ഇവർക്കെല്ലാം. സർക്കാരിനോട് സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കാൻ തയ്യാറായ സ്ത്രീകൾ, അധികവും പുരുഷന്മാരുടെ മേഖലയായ തൊഴിലുകളിൽ പ്രവേശിച്ച സ്ത്രീകൾ (അക്കാലത്ത് നിയമരംഗം ആകെപ്പാടെ പുരുഷന്മാരുടെ കുത്തകയായിരുന്നു - അവിടേക്ക് ആദ്യം കടന്നുചെന്ന അന്നാചാണ്ടിക്ക് ഇത്തരം വിമർശനം കേൾക്കേണ്ടിവന്നു), ഇവരെല്ലാം 'സ്ത്രീത്വം' കളഞ്ഞുകുളിക്കുന്നവരാണെന്നു വിധിക്കുന്ന പലരും അക്കാലത്തെഴുതിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി 'അമിതമായി' വാദിച്ച് 'സ്ത്രീത്വ'ത്തെ നശിപ്പിക്കരുതെന്ന് അപേക്ഷിച്ച ചില വനിതാമാസികകൾപോലുമുണ്ടായിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്ന മലയാളമാസികയുടെ ആമുഖക്കുറിപ്പിൽനിന്ന്:

DownArrow.png

പെണ്ണുങ്ങളായാലും പൗരുഷം നടിക്കുന്നവരെ പേടിക്കുകതന്നെ വേണമെന്നാണ് ഞങ്ങളുടെ പക്ഷം. ആണത്തം ചമയുന്ന പെണ്ണുങ്ങൾ ആണും പെണ്ണും കെട്ടവരാകുമോ എന്നാണ് ഞങ്ങളുടെ ഭയം. അസമത്വംകൊണ്ടുള്ള അവശത തീർക്കുവാൻ മോഹിച്ച് 'സ്വത്വം' കളയുന്നത് ശുദ്ധകമ്പമാണെന്നു പറയുന്നവരോട് ഞങ്ങൾക്ക് അശേഷം ശണ്ഠയില്ല.

('സ്വന്തം കാര്യം', മലയാളമാസിക 1(1), 1930)ബ്രാഹ്മണലിംഗമൂല്യങ്ങളുടെ രണ്ടാംജന്മം

മേൽവിവരിച്ച പുതിയ ലിംഗക്രമത്തെ കേരളത്തിൽ ഉയർന്നുവന്ന ഒട്ടുമിക്ക സമുദായപരിഷ്ക്കരണപ്രസ്ഥാനങ്ങളും അംഗീകരിച്ചിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ നായർസമുദായത്തെ കേന്ദ്രീകരിച്ചു രൂപമെടുത്ത നായർസർവ്വീസ് സൊസൈറ്റി, ഈഴവരുടെ സമുദായസംഘടനയായി അംഗീകരിക്കപ്പെട്ട ശ്രീനാരായണധർമ്മപരിപാലനയോഗം, കത്തോലിക്കരുടെ സംഘടനയായിരുന്ന കത്തോലിക്കാകോൺഗ്രസ്, അരയസമുദായസംഘടനയായിരുന്ന അരയസമാജം - എന്നു തുടങ്ങി ചെറിയ സമുദായങ്ങളുടെ സംഘടനകളിൽവരെയും 'സ്ത്രീകളെ ഉത്തമഗൃഹിണികളാക്കുക, പുരുഷന്മാരെ 'പൗരുഷ'മുള്ളവരാക്കിത്തീർക്കുക' എന്ന മുദ്രാവാക്യത്തിന് മുന്തിയ പ്രാധാന്യം ലഭിച്ചിരുന്നു.

ഇക്കാര്യത്തിൽ മുൻകൈയെടുക്കേണ്ടത് പുരുഷന്മാരായിരിക്കണമെന്നും ആർക്കും സംശയമുണ്ടായിരുന്നില്ല. ആധുനിക ആശയങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുമായി ആദ്യം പരിചയം സിദ്ധിച്ചത് സമുദായങ്ങളിലെ അഭ്യസ്തവിദ്യരായ പുരുഷന്മാർക്കായിരുന്നു. സമുദായത്തെ അതിനു പുറത്തുനിന്നു വിലയിരുത്താനുള്ള കാഴ്ചപ്പാട് ആദ്യം കൈവന്നത് അവർക്കായിരുന്നു. സമുദായജീവിതത്തിലും കുടും

84

'തറവാട്ടിൽ പിറന്നവളും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/84&oldid=162962" എന്ന താളിൽനിന്ന് ശേഖരിച്ചത്