താൾ:Kulastreeyum Chanthapennum Undayathengane.djvu/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ന്നത് 'മാന്യമല്ലാത്ത' തൊഴിലുകളെ 'മാന്യ'മാക്കാനുള്ള വഴിപോലുമായിരുന്നു! നെല്ലുകുത്ത് അത്ര മാന്യമല്ലാത്ത തൊഴിലാണെന്ന് പലർക്കും അഭിപ്രായമുണ്ടായിരുന്നു - 1927-28ലെ മഹിളാമന്ദിരത്തിൽ എൽ. മീനാക്ഷിയമ്മ എന്ന ലേഖിക 'സ്ത്രീകളുടെ തൊഴിലില്ലായ്മ' എന്ന പേരിലെഴുതിയ ലേഖനത്തിൽ യന്ത്രവൽക്കരണംമൂലം സ്ത്രീകൾക്കു തൊഴിൽ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഇതിനുദാഹരണമായി അവർ ഉന്നയിച്ചത് തിരുവനന്തപുരത്തെ ചാലക്കമ്പോളത്തിലെ നെല്ലുകുത്തുകാരികൾക്ക് വരാൻ സാദ്ധ്യതയുള്ള വിപത്തിനെയാണ് - "നെല്ലുപുഴുങ്ങുന്നതിനും കുത്തുന്നതിനും ഉള്ള നല്ല മില്ലുകൾ ചാലക്കടയിൽ വേണ്ടുവോളം സ്ഥാപിക്കുന്നപക്ഷം എത്ര പാവപ്പെട്ട സ്ത്രീകൾക്ക് ഉപജീവനമാർഗ്ഗം നിന്നുപോകുമെന്നാലോചിച്ചാൽ യന്ത്രവേല വർദ്ധിച്ചുവരുന്നതിന്റെ ദോഷം സ്പഷ്ടമാകുന്നതാണ്." ഇതിന് മഹിളാമന്ദിരത്തിന്റെ പത്രാധിപ ഒരു അടിക്കുറിപ്പു ചേർത്തു: "സമുദായമാനികൾ സ്ത്രീകളുടെ ഈ വ്യവസായത്തെ ആദരിക്കുമെന്നു തോന്നുന്നില്ല!" എന്നാൽ, തിരുവിതാംകൂറിലെ സഹകരണസ്ഥാപനങ്ങളുടെ സാദ്ധ്യതകളെക്കുറിച്ച് ആരാഞ്ഞ തിരുവിതാംകൂർ സഹകരണ അന്വേഷണകമ്മിറ്റിയുടെ റിപ്പോർട്ടിൽ (1934) ഇത്തരം വ്യവസായത്തിലേർപ്പെട്ടിരുന്ന സ്ത്രീകളുടെ സഹകരണസംഘങ്ങളെക്കുറിച്ച് പ്രത്യേകം പറയുന്നുണ്ട്! മേലാളസ്ത്രീകളുടെ നേതൃത്വത്തിൽ സംഘങ്ങൾ രൂപീകരിച്ചുകൊണ്ട് അവരെ 'ഉദ്ധരിക്കേണ്ടതാണെ'ന്ന പൊതുധാരണയായിരുന്നു ഈ കാലത്ത്.

NotesBullet.png രാവണപുത്രൻ: സ്ത്രീത്വത്തെക്കുറിച്ചൊരു കീഴാളപക്ഷവീക്ഷണം
'ഉത്തമസ്ത്രീത്വ'ത്തെക്കുറിച്ച് കേരളത്തിൽ നടന്ന സാഹിത്യചർച്ചകളധികവും മേലാളവീക്ഷണത്തിന്റെ അതിർവരമ്പുകൾക്കുള്ളിൽ നടന്നവയായിരുന്നു. ഇതിനൊരപവാദമായിരുന്നു പള്ളത്തു രാമന്റെ രാവണപുത്രൻ (1944) എന്ന കൃതി. രാമായണത്തെ രാവണപക്ഷത്തുനിന്നു തിരുത്തിയെഴുതിയ ഈ കൃതി ബ്രാഹ്മണസ്ത്രീത്വത്തെയും തള്ളിക്കളഞ്ഞു. രാവണന്റെ അശോകവനിയിലെത്തിയ സീതയോട് സുലോചന എന്ന കഥാപാത്രം ലങ്കാപുരിയിലെ സ്ത്രീകളുടെ സ്വാതന്ത്യ്രത്തെക്കുറിച്ച് വർണ്ണിക്കുന്നുണ്ട്. രാമായണത്തിലെ ശൂർപ്പണഖ ഇതിൽ സ്വന്തം ശരീരത്തിന്മേൽ പൂർണ്ണാധികാരമുള്ള കാമവല്ലിയായി മാറുന്നു!
സുലോചനയുടെ വാക്കുകൾ:
തണ്ടൊടിഞ്ഞോരു ചെന്താരുപോലെ-
പ്പണ്ടുമേ ജീവിച്ചോരല്ല ഞങ്ങൾ
പ്രമത്തെച്ചങ്ങലവെച്ചു ഞങ്ങൾ
ഭീമം തുറുങ്കിലിടാറുമില്ല
ദൂരത്തു പശ്ചിമസാഗരത്തിൻ
തീരത്തു ലങ്കതൻ വായുകോണിൽ
നാരികളെല്ലാം സ്വതന്ത്രമാരാം
നാടുണ്ട് കേരളം, കേട്ടിട്ടില്ലേ?


സഹകരണപ്രസ്ഥാനം സ്ത്രീകളുടെ ധനസമ്പാദനത്തെ വലിയതോതിൽ വർദ്ധിപ്പിച്ചില്ല. പൊതുവെ 'മാന്യസ്ത്രീകൾ' ഏർപ്പെട്ടിരുന്ന സാമ്പത്തിക ഇടപാട് ചിട്ടികളും കുറികളുമായിരുന്നു. ഇതിൽ ഇടത്തരം കുടുംബങ്ങളിലെ പല സ്ത്രീകളും സാമാന്യം വൈദഗ്ദ്ധ്യം നേടി. സ്വാതന്ത്ര്യാന്തരകാലത്ത് സർക്കാരുകൾ പല നടപടികളും സ്വീകരിച്ചുവെങ്കിലും സ്ത്രീകളെ സാമ്പത്തികരംഗത്തേക്ക് ആകർഷിക്കാനായില്ല - അടുത്തകാലത്ത് സ്വയംസഹായസംഘങ്ങളുടെ പ്രവർത്തനം, പക്ഷേ, വളരെയധികം സ്ത്രീകളെ ആകർഷിക്കുന്നു. സ്ത്രീകളുടെ 'മാന്യത' എല്ലാ സമുദായങ്ങൾക്കും സർവ്വപ്രധാനമായിത്തീർന്നുകഴിഞ്ഞ, 'മാന്യമല്ലാത്ത' തൊഴിൽരംഗത്തുനിന്നു സ്ത്രീകൾ കൂടുതലായി പിൻവാങ്ങിയ സാഹചര്യമാണ് ഇന്ന് നിലവിലുള്ളത് > കാണുക പുറം 74 < . ഈ പശ്ചാത്തലത്തിൽ പൊതുവെ 'മാന്യ'മെന്നു കരുതപ്പെടുന്ന സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടാൻ സ്ത്രീകൾ താൽപ്പര്യത്തോടുകൂടി മുന്നോട്ടുവരുന്നുവെന്നത് ഇന്നത്തെ സ്വയം സഹായസംഘങ്ങളുടെ വിജയഘടകങ്ങളിലൊന്നാണ്. എന്നാൽ 'തറവാട്ടിൽ പിറന്നവളെ'യും 'ചന്തപ്പെണ്ണി'നെയും വേർതിരിക്കുന്ന തൊഴിൽമാന്യതാമാനദണ്ഡങ്ങളെ ഇതു ലേശവും ഇളക്കുന്നില്ലെന്നതാണ് നിരാശാജനകമായ കാര്യം!

വിവാഹിത കുടുംബത്തിലിരുന്ന് ധനസമ്പാദനം നടത്തുന്നത് സ്ത്രീത്വത്തിനെതിരല്ലെന്നു വിധിച്ച അതേകൂട്ടർ അവിവാഹിതകൾക്ക് മറ്റൊരു അളവുകോലാണ് കൽപ്പിച്ചത്. ബി. കല്യാണിയമ്മ 'സ്ത്രീവിദ്യാഭ്യാസത്തിന്റെ മാതൃക'യെക്കുറിച്ചെഴുതിയ ലേഖനത്തിൽ ഇത്തരക്കാരിയായ ഒരു സ്ത്രീയെക്കുറിച്ച് ആശങ്കപ്പെട്ടു:


83


'തറവാട്ടിൽ പിറന്നവളും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/83&oldid=162961" എന്ന താളിൽനിന്ന് ശേഖരിച്ചത്