മാത്രമല്ല, മരുമക്കത്തായം - അഥവാ പെൺവഴിക്ക് കുടുംബസ്വത്തും സ്വത്തവകാശവും നീങ്ങുന്ന രീതി - വളരെ പ്രാകൃതമാണെന്നും മറ്റും വാദിച്ചത് ഇക്കാലത്തെ സാമൂഹ്യപരിഷ്കർത്താക്കൾതന്നെ! കൂടാതെ, ഇപ്പറയുന്നതുപോലുള്ള സ്വാതന്ത്ര്യം മരുമക്കത്തായ കുടുംബങ്ങളിലെ സ്ത്രീകൾ യഥാർത്ഥത്തിൽ അനുഭവിച്ചിരുന്നോ എന്ന ചോദ്യവും പ്രസക്തമാണ്. ഈ ഗൃഹചക്രവർത്തിനിപ്പട്ടംകൊണ്ടുള്ള കുഴപ്പമെന്താണെന്ന് വളരെ മുമ്പുതന്നെ തിരുവിതാംകൂറിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി അതിശക്തമായി വാദിച്ചവരിൽ പ്രമുഖയായിരുന്ന അന്നാ ചാണ്ടി പറഞ്ഞുകഴിഞ്ഞിരുന്നു. സ്ത്രീകൾക്ക് സർക്കാർജോലി കൊടുക്കുന്നത് സാമൂഹ്യവിപത്തിന് ഇടവരുത്തുമെന്നുംമറ്റും അക്കാലത്തെ ബുദ്ധിജീവികളിൽ ചിലർ ഉന്നയിച്ച വാദത്തിനെതിരെ അവർ 1927-ൽ നടത്തിയ ഒരു പ്രസംഗത്തിലായിരുന്നു ഇത്. ഇവിടെ മുമ്പുപറഞ്ഞ വാദം - കേരളത്തിലെ എല്ലാ സ്ത്രീകളും പൂർണ്ണമായ അവകാശങ്ങൾ അനുഭവിക്കുന്നവരാണെന്നുള്ള വാദം - ഈ ചർച്ചയിലും പ്രത്യക്ഷപ്പെടുന്നു. ഇതു തീരെ ശരിയെല്ലന്ന് ചൂണ്ടിക്കാട്ടിയശേഷം അവർ മരുമക്കത്തായ ഗൃഹചക്രവർത്തിനിമാരുടെ യഥാർത്ഥനിലയെപ്പറ്റി ഇങ്ങനെ പറഞ്ഞു:
കേരളത്തിൽ സ്ത്രീ അടിമയല്ല എന്ന് എങ്ങനെ പറയും? കേരളത്തിൽ അധിവസിക്കുന്ന വിവിധ ജാതിമതസ്ഥരിൽ സ്ത്രീകളുടെ നില പലവിധത്തിലാണ്. വൃഷളിയും വട്ടക്കുടയും ഓട്ടുവളകളുമായി അന്തർഗൃഹങ്ങളിൽക്കഴിയുന്ന അന്തർജനങ്ങൾ, തൊണ്ടയ്ക്ക് മുഴയില്ലാത്തതിനാൽ ആത്മാവില്ലാത്ത കൂട്ടമെന്ന് അപഹസിക്കപ്പെട്ട് നിത്യനരകമനുഭവിക്കുന്ന മുഹമ്മദീയ സഹോദരികൾ, സ്ത്രീധനമേർപ്പാടിന്റെ കാർക്കശ്യത്താൽ ആജീവനാന്തം ശപിക്കപ്പെട്ടവരായിക്കഴിയുന്ന ക്രിസ്തീയവനിതകൾ... ഇവരൊക്കെ കേരളത്തിൽ അധിവസിക്കുന്ന അടിമകൾതന്നെ. ഇനിയും മരുമക്കത്തായ കുടുംബങ്ങളിലെ ഗൃഹചക്രവർത്തിനികളുടെ കാര്യവും ഒന്ന് പരിശോധിക്കാം. രാഷ്ട്രീയപരിവർത്തനങ്ങ
കേരളത്തിൽ റാണിമാർ ഉണ്ടായിരുന്നോ?