Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യകമായിരുന്നില്ല. തിരുവിതാംകൂർ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ത്രീകളും അവരെപ്പോലെ രാഷ്ട്രീയത്തിൽ താത്പര്യമുണ്ടായിരുന്നവരുമായ സ്ത്രീകളും 'പുരുഷന്മാരെപ്പോലെ' ആകാൻ ആഗ്രഹിക്കുന്നവരാണെന്നുപോലും പ്രചരണമുണ്ടായി; ഉത്തമസ്ത്രീ രാജ്യഭരണത്തിനിറങ്ങില്ലെന്നും കുടുംബഭരണംകൊണ്ട് തൃപ്തയാവുമെന്നും. അധികാരം ആഗ്രഹിക്കുന്ന സ്ത്രീ 'ഒട്ടും ശരിയല്ലെ'ന്നുവന്ന ഈ പശ്ചാത്തലത്തിൽ ശരിക്കും ശക്തിസ്വരൂപിണിയായി ചരിത്രരേഖകളിൽ പ്രത്യക്ഷപ്പെടുന്ന ഉമയമ്മറാണി ഉമാകേരളത്തിൽ വൻദുരന്തംസഹിച്ച സാധ്വിയും ദേശഭക്തയുമായ മാതാവായി ചുരുങ്ങിയതിൽ അതിശയിക്കാനൊന്നുമില്ലല്ലോ.

രാജ്യസേവനത്തിൽ സ്ത്രീകൾ ഉണ്ടാകണമെന്നും അവർ യാതൊരുവിധ അധികാരമോഹവുമില്ലാതെ കേവലം സേവനത്തിനുവേണ്ടിമാത്രം പ്രവർത്തിക്കണമെന്നും ഉപദേശിക്കാൻ അന്നത്തെ മഹാന്മാർ പലരും മറന്നില്ല. ചുരുക്കിപ്പറഞ്ഞാൽ സ്ത്രീകളുടെ രാഷ്ട്രീയ പ്രവർത്തനം സാമൂഹ്യസേവനംമാത്രമാണെന്നും അതിലൂടെ അവർ അധികാരത്തിലെത്താമെന്നൊന്നും മോഹിക്കേണ്ടതില്ലെന്നും വന്നു. സേവനമനഃസ്ഥിതിയാണ് സ്ത്രീകളുടെ മുഖ്യഗുണമെന്ന് നാം ഇന്നും എന്നും കേൾക്കുന്ന ആ പല്ലവി അന്നുതന്നെ സ്ത്രീകളെ രാഷ്ട്രീയത്തിന്റെ പിൻനിരയിലേക്ക് തള്ളാൻ നല്ലൊരു ആയുധമായി മാറിക്കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം കേരളത്തിൽ നടന്ന അധികാരമത്സരങ്ങളിൽ കഴിവുറ്റ സ്ത്രീകൾ പലരും പുറത്തായി. സ്വാതന്ത്ര്യത്തിന്റെ ആദർശമെല്ലാം പതുക്കെ തണുത്തു. തിരഞ്ഞെടുപ്പിന്റെ ഗോദയിലേക്ക് കടന്നപ്പോൾ കേരളത്തിലെ കോൺഗ്രസ്സിന്റെ പിതാമഹന്മാരും സമുദായനേതാക്കന്മാരും സ്ത്രീകൾക്കു പറ്റിയ രംഗമല്ല രാഷ്ട്രീയം എന്നുവരെ പ്രഖ്യാപിച്ചു. ദേശീയതലത്തിൽ ജവഹർലാൽ നെഹ്രു കോൺഗ്രസ്സ് സ്ഥാനാർത്ഥിപ്പട്ടികയിൽ സ്ത്രീകൾക്ക് പതിനഞ്ചു ശതമാനം സീറ്റ് സംവരണം നൽകണമെന്ന് വാദിച്ചതിനു പുറകെയായിരുന്നു ഇത്. തിരു-കൊച്ചിയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിപ്പട്ടികയിൽ സ്ത്രീകളുടെ എണ്ണം കുറഞ്ഞുപോയതിനെക്കുറിച്ച് ഇവിടത്തെ തലമൂത്ത രാഷ്ട്രീയനേതാക്കളിൽ ഒരാളായിരുന്ന കുമ്പളത്ത് ശങ്കുപ്പിള്ള ഇങ്ങനെയാണ് പ്രതികരിച്ചത്:

വടക്കെയിന്ത്യയിലെ സ്ത്രീകളുടെ നിലയെ മനസ്സിൽ വച്ചുകൊണ്ടായിരിക്കാം പണ്ഡിറ്റ്ജി ഈ ആക്ഷേപം ഉന്നയിച്ചിട്ടുളളത്. എന്നാൽ പൊതുവേയുള്ള നില അതല്ല. ഇവിടെ ഒരു സ്ത്രീ വിവാഹിതയായിക്കഴിഞ്ഞാൽ അഭ്യസ്തവിദ്യയാണെങ്കിൽക്കൂടിയും അവളുടെ സംരക്ഷണം പുരുഷൻ ഏൽക്കുകയും അവളുടെ മരണംവരെയും അതിനുശേഷവുമുളള ചുമതലകൾ ഒരു ധാർമ്മികചിന്തയോടുകൂടി ഏറ്റെടുത്തു നടത്തുകയുമാണ് സാധാരണ നടപ്പ്. സ്ത്രീ വീട്ടിലിരുന്ന് പുരുഷനെ ഭരിക്കുകയാണ് ചെയ്യുന്നത്. സ്വാതന്ത്ര്യബോധത്തോടുകൂടി പൊതുരംഗങ്ങളിലേക്കിറങ്ങി പ്രവർത്തിക്കേണ്ട ആവശ്യകത നമ്മുടെ സ്ത്രീകൾക്ക് ഇനിയും തോന്നിയിട്ടില്ല. വടക്കേയിന്ത്യയിലെപ്പോലെ ഇവിടെ സ്ത്രീകളുടെ ന്യായമായ അവകാശങ്ങളൊന്നും നിഷേധിക്കപ്പെട്ടിട്ടില്ല. ഹിന്ദുകോഡ് ബില്ലുതന്നെയും ഇവിടത്തെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആവശ്യമില്ലാതെയാണിരിക്കുന്നത്. അതിനുകാരണം സ്ത്രീക്കും പുരുഷനോടൊപ്പം സ്വത്തവകാശങ്ങളും മറ്റെല്ലാ അവകാശങ്ങളും ഇവിടെയുണ്ട്. ഒരു ധാർമ്മികചിന്തയോടുകൂടി തന്റെ സകലവിധ അവകാശങ്ങളും സ്ത്രീ നിർബാധം അനുഭവിക്കുകയും സഹധർമ്മചാരിണിയെന്ന നിലയിൽ പുരുഷനെക്കൂടി ഭരിക്കുകയും ചെയ്യുന്ന ഈ നാട്ടിൽ സ്ത്രീകൾ നിയമസഭയിൽ പോകാത്തതുകൊണ്ട് യാതൊരുദോഷവും വരാനില്ല.
(ദീപിക, 29 ഒക്ടോബർ 1951)

സ്ത്രീകളുടെ ശരിയായ ഇടം കുടുംബമാണെന്നും അവിടം ഭരിക്കുന്നതാണ് സ്ത്രീക്ക് ഭൂഷണമെന്നും പൊതുരംഗത്ത് സ്ത്രീക്ക് നേടാൻ ഒന്നുമില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം. തന്നെയുമല്ല, സ്ത്രീകൾ രാഷ്ട്രീയരംഗത്തിറങ്ങുന്നത് സ്ത്രീകൾക്കുവേണ്ടിമാത്രമായിരിക്കുമെന്നും ആണുങ്ങളാകുമ്പോൾ അത് എല്ലാ ജനങ്ങൾക്കുംവേണ്ടിയായിരിക്കുമെന്നും ഒരു മുൻവിധി ഇതിനുള്ളിലുണ്ട്. ഇത് കോൺഗ്രസ്സിൽ അന്ന് പ്രമുഖസ്ഥാനം വഹിച്ചിരുന്ന സ്ത്രീകളെ ചൊടിപ്പിക്കുക തന്നെ ചെയ്തു. അക്കമ്മ ചെറിയാനും > കാണുക പുറം 217, 223 < എ.വി.കുട്ടിമാളു അമ്മയും> കാണുക പുറം 224 < ശങ്കുപ്പിള്ളയുടെ അഭിപ്രായത്തോട് പരസ്യമായി വിയോജിച്ചു. ശങ്കുപ്പിള്ള മരുമക്കത്തായകുടുംബങ്ങളിലെ സ്ത്രീകൾക്ക് 'എല്ലാ അവകാശങ്ങളു'മുണ്ടെന്ന വാദമല്ല ഉപയോഗിച്ചത്; അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ദായക്രമമെന്തായാലും, ഭാര്യമാരെ നല്ലരീതിയിൽ പരിപാലിക്കുന്ന ഭർത്താക്കന്മാർ കേരളത്തിൽ ധാരാളമുണ്ട്, അതുകൊണ്ട് സ്ത്രീകൾ പൊതുരംഗത്തേക്കു വരേണ്ട കാര്യമില്ല. പക്ഷേ, കേരളത്തിലെ സ്ത്രീകൾ മരുമക്കത്തായക്കാരായതുകൊണ്ട് സ്വതന്ത്രകളാണെന്നും അവർ 'ഗൃഹചക്രവർത്തിനികളാ'ണെന്നും അവർക്ക് രാഷ്ട്രീയാധികാരം ആവശ്യമില്ലെന്നും വാദിച്ചിരുന്ന വളരെപ്പേർ ഇവിടെ ഉണ്ടായിരുന്നു. കേരളത്തിൽ മരുമക്കത്തായികളല്ലാത്ത എത്രയോ വിഭാഗക്കാരുണ്ടെന്ന വസ്തുത ഇക്കൂട്ടർ കണക്കാക്കിയതേയില്ല.

64

കേരളത്തിൽ റാണിമാർ ഉണ്ടായിരുന്നോ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/64&oldid=162940" എന്ന താളിൽനിന്ന് ശേഖരിച്ചത്