താൾ:Kulastreeyum Chanthapennum Undayathengane.djvu/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ലിൽ മാത്രമല്ല അവിടംകടന്നു അക്കാലെത്ത മറ്റു സ്വരൂപങ്ങളിലും തന്റെ സ്വാധീനമുറപ്പിക്കാൻ അവർ ശ്രമിച്ചുവെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന് അന്നത്തെ തിരുവിതാംകൂറിൽ (അന്ന് ആറ്റിങ്ങൽ തിരുവിതാംകൂറിൽനിന്ന് വേറിട്ടായിരുന്നു) ഉമയമ്മറാണി ആറ്റിങ്ങൽ മൂത്തതമ്പുരാനായിട്ട് അധികം കഴിയുന്നതിനുമുമ്പ് തിരുവിതാംകൂർ രാജാവായിരുന്ന ആദിത്യവർമ്മ അന്തരിച്ചു. തുടർന്നുണ്ടായ പിന്തുടർച്ചാത്തർക്കത്തിൽ അവർ ശക്തമായി ഇടപെടാൻ ശ്രമിച്ചു. തന്റെ താൽപര്യമനുസരിച്ച് ഒരാളെ രാജാവായി അവിടെ വാഴിക്കാൻ പരിശ്രമിച്ചു. ഒടുവിൽ അവർ ദത്തെടുത്ത പുറവഴിനാട് കേരളവർമ്മ തിരുവിതാംകൂർ രാജാവാകുകയും ചെയ്തു. എന്നാൽ അവർതന്നെ പിൽക്കാലത്ത് ഈ വ്യക്തിക്ക് എതിരാവുകയും അയാളെ കൊന്നുകളയാനുള്ള ഗൂഢാലോചനയിൽ പങ്കുചേരുകയും ചെയ്തുവെന്നാണ് എഴുതപ്പെട്ട ചരിത്രരേഖകളും വാമൊഴിയായി പ്രചരിച്ച കഥകളും പറയുന്നത്. 1692ൽ ഇയാൾ കൊല്ലപ്പെട്ടു. ഉമയമ്മറാണി തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലും തന്റെ സ്വാധീനമുറപ്പിക്കാൻ ശ്രമിച്ചതായി തെളിവുണ്ട്. ബ്രിട്ടിഷ് പ്രതിനിധികളുമായി നേരിട്ട് ചർച്ചകളിലേർപ്പെടാനും അവരെ സ്വാധീനിച്ച് തന്റെ അധികാരമുറപ്പിക്കാനും അവർ ഒട്ടും മടിച്ചിരുന്നില്ല. ബ്രിട്ടിഷുകാർക്ക് ആദ്യമായി കച്ചവടസ്ഥാപനം അനുവദിച്ചത് അവരായിരുന്നു. ദത്തെടുക്കപ്പെട്ട കേരളവർമ്മയെ അവർ തിരുവിതാംകൂർ രാജസ്ഥാനത്തെത്തിച്ചത് നടപ്പിലുണ്ടായിരുന്ന പിന്തുടർച്ചാനിയമങ്ങളെ ലംഘിച്ചുകൊണ്ടത്രെ. ചുരുക്കിപ്പറഞ്ഞാൽ, അന്നത്തെ രാഷ്ട്രീയ അധികാരക്കളിയുടെ പതിനെട്ടടവും പാച്ചിലും വശത്താക്കിയ, എല്ലാത്തരം രാഷ്ട്രീയകൗശലങ്ങളും വശമായിരുന്ന, രാഷ്ട്രീയാധികാരം ആത്മവിശ്വാസത്തോടെ കൈകാര്യംചെയ്തിരുന്ന ഒരു റാണിയുടെ രൂപമാണ് ചരിത്രരേഖകളിൽ തെളിയുന്നത്. അധികാരത്തിനുവേണ്ടി ആചാരത്തെ അതിലംഘിക്കാൻ മടിക്കാത്ത ഒരുവൾ. ആറ്റിങ്ങൽ തമ്പുരാട്ടിമാരെയും ഉമയമ്മയെയും നേരിൽക്കണ്ട ഒരു യൂറോപ്യൻ സൈനികൻ 1677ൽ അവരെ ഇങ്ങനെ വിവരിക്കുന്നു:

DownArrow.png

ആറ്റിങ്ങൽ റാണി തിരുവിതാംകൂറിന്റെ മാതൃഗൃഹമാണ്; മാത്രമല്ല, തൃപ്പാപ്പൂർസ്വരൂപത്തിന്റെ മൂപ്പും വഹിക്കുന്നു. തിരുവിതാംകൂറിൽനിന്നു സ്വതന്ത്രമായി നിൽക്കുന്ന വലിയൊരു ഭൂപ്രദേശവും അവർക്ക് സ്വന്തമായുണ്ട്.

Kulasthree Chapter three pic02.jpg
NotesBullet.png എന്താണീ 'മാമൂൽ?'
പണ്ടു നിലവിലുണ്ടായിരുന്ന ജാതിവ്യവസ്ഥയിൽ പാലിച്ചിരുന്ന ആചാരങ്ങൾക്കും നിയമങ്ങൾക്കും മൊത്തത്തിൽ പറയുന്ന പേരാണ് 'മാമൂൽ'. പണ്ടൊക്കെ വളരെ കണിശമായി പാലിച്ചിരുന്ന ദുരാചാരങ്ങളായ തൊട്ടുകൂടായ്മ, തീണ്ടൽ, മാസക്കുളിസമയത്തെ അശുദ്ധി കൽപിക്കലും പുറത്തു മാറിയിരിക്കലുമൊക്കെ 'മാമൂലി'ന്റെ ഭാഗമായിരുന്നു. കരമനയാറു കടന്നാൽ മേൽജാതിസ്ത്രീകളുടെ ജാതി പോകുമെന്ന വിശ്വാസവും 'മാമൂലാ'യിരുന്നു, ഇന്ന് അങ്ങനെയൊരു വിശ്വാസം നിലവിലില്ലെങ്കിലും. ഏകദേശം പത്തെഴുപതു വർഷം മുമ്പുവരെ വടക്കേ മലബാറിൽ കോരപ്പുഴ കടന്നാൽ സ്ത്രീകളുടെ ജാതി പോകുമെന്ന വിശ്വാസം നിലനിന്നിരുന്നു. ഇത്തരം ദുരാചാരങ്ങളെ പാലിച്ചു നിലനിർത്തേണ്ടത് ഇവിടത്തെ രാജകുടുംബങ്ങളുടെ കടമയായി കണക്കാക്കപ്പെട്ടിരുന്നു (രാജഭരണം വളരെ നന്നായിരുന്നുവെന്നൊക്കെ തട്ടിവിടുന്നവർ മറക്കുന്ന കാര്യം).


57


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/57&oldid=162932" എന്ന താളിൽനിന്ന് ശേഖരിച്ചത്