മൂത്ത തമ്പുരാട്ടിക്കൊപ്പം ഒരു ഇളയ തമ്പുരാട്ടിയുമുണ്ട്. പൗരുഷവും കുലീനതയും തികഞ്ഞ അവരെ എല്ലാവർക്കും ഭയവും ബഹുമാനവുമാണ്. അവരുടെ സ്ത്രീത്വത്തെ ചിലർ ബഹുമാനിക്കുന്നു. മറ്റുചിലർ മൂത്ത തമ്പുരാട്ടിയോടുളള ബഹുമാനംകൊണ്ട് അവരെ വന്ദിക്കുന്നു. ഇങ്ങനെ കിട്ടുന്ന ആദരവിനെ തനിക്കനുകൂലമായി ഉപയോഗിക്കാൻ ഈ ഇളയ തമ്പുരാട്ടിക്ക് നല്ല കഴിവാണ്. അതിലൂടെ അവർ ആറ്റിങ്ങൽ മാത്രമല്ല, തിരുവിതാംകൂർതന്നെ ഭരിക്കുന്നു. അവിടത്തെ ആചാരപ്രകാരം തിരുവിതാംകൂറിലേക്ക് തമ്പുരാട്ടിമാർ കാലെടുത്തുവച്ചുകൂടാത്തതാണ്. കരമനയാറു കടന്നാൽ കളങ്കമുണ്ടാകുമെന്നാണ് വിശ്വാസം. എന്നാൽ ഈ പൗരുഷക്കാരി ആ മാമൂൽ അടുത്തകാലത്ത് ലംഘിച്ചു. രാജാവുപോലും അവരുടെ മുന്നിൽനിന്ന് പറപറക്കുന്നു.
എന്തായാലും ഉമാകേരളത്തിലെ ദുരന്തനായികയെയല്ല നാമിവിടെ കാണുന്നത്. ഈ ഉമയമ്മറാണി ആറ്റിങ്ങൽ പ്രദേശത്ത് ഇന്നും പ്രശസ്തയത്രെ. മുതിർന്നവരോട് 'ഓർഡറി'ടുന്ന കൊച്ചുമിടുക്കികളോട് "എന്താ നീ ഉമയമ്മറാണിയാണോ?" എന്നു ചോദിക്കുന്ന രീതി ഇന്നുമുണ്ടെന്നാണ് ആ നാട്ടുകാരായ സുഹൃത്തുക്കൾ പറയുന്നത്!
സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ഉപേക്ഷിച്ച് രാജ്യസേവനം നടത്തിയ ത്യാഗസ്വരൂപിണിയെയല്ല ചരിത്രരേഖകളിൽ കാണുന്നത്. മറിച്ച്, തന്റെ താൽപര്യങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ മടിക്കാത്ത ഒരു വനിതയായിരുന്നു അവരെന്ന സൂചനകളുണ്ട്. (റാണിക്ക് ഇംഗ്ളീഷുകാരുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. അതുകൊണ്ട് ഇത് റാണിയുടെ സൽപ്പേര് കളങ്കപ്പെടുത്താനുളള ശ്രമമായിക്കാണാൻ കഴിയില്ല) പുറവഴിനാട് കേരളവർമ്മയും റാണിയും തമ്മിൽ സംബന്ധമുണ്ടായിരുന്നെന്നും സൂചനകളുണ്ട്. അക്കാലത്ത് ഇതൊന്നും നാണക്കേടായിരുന്നില്ലെന്നും ഒന്നിലധികം ഭർത്താക്കന്മാർ സ്ത്രീകൾക്കുണ്ടാകുന്ന രീതി അന്നത്തെ പല ജാതികളിലും പതിവായിരുന്നെന്നും ചരിത്രകാരനായ കെ. ശിവശങ്കരൻ നായർ വേണാടിന്റെ പരിണാമം എന്ന കൃതിയിൽ ചൂണ്ടിക്കാണിക്കുന്നു. പക്ഷെ, ഉമാകേരളത്തിലെ ഉമയമ്മറാണി ഇങ്ങനെയുളള ആഗ്രഹങ്ങൾ പ്രകടിപ്പിക്കുന്ന സ്ത്രീയല്ല.
58