Jump to content
Reading Problems? Click here



താൾ:Kulastreeyum Chanthapennum Undayathengane.djvu/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പറ്റില്ല, തീർച്ച! അതുപോലെ, ഒന്നുരണ്ട് നല്ല ഭരണാധികാരിണികളെ കണ്ടെത്തിയെന്നു കരുതി അന്നത്തെ മേലാളസ്ത്രീകൾക്ക് ഭരണാധികാരത്തിൽ പുരുഷനുതുല്യമായ നിലയുണ്ടായിരുന്നുവെന്ന് വാദിക്കാൻ കഴിയില്ല. ഒന്നാമത്, റാണിമാരെ സാധാരണസ്ത്രീകളുടെ കൂട്ടത്തിൽപെടുത്താൻപറ്റില്ല. അവർ ഉന്നതജാതിക്കാരും കുടുംബക്കാരുമായിരുന്നു. രണ്ടാമത്, ഒന്നുരണ്ടുദാഹരണങ്ങൾ തിരഞ്ഞുപിടിക്കുന്നതുകൊണ്ട് സ്ത്രീ പുരുഷനു തുല്യയായിരുന്നുവെന്ന് സമർത്ഥിക്കാനാവില്ല - ഏതു സമൂഹത്തിലും പുരുഷനൊപ്പം നിൽക്കുന്ന ഒന്നുരണ്ട് അസാമാന്യസ്ത്രീകൾ ഉണ്ടാകുമെന്ന മറുപടിയായിരിക്കും കിട്ടുക.

എങ്കിലും പഴയ മലയാളിസമൂഹത്തിന്റെ ഏറ്റവും ഉയർന്നതട്ടുകളിലെ സ്ത്രീകളുടെ അനുഭവമെന്തായിരുന്നുവെന്ന് അന്വേഷിക്കുന്നത് സ്ത്രീകളെ മൊത്തത്തിൽ ബാധിച്ച ചില വൻസാമൂഹ്യമാറ്റങ്ങളിലേക്ക് കൂടുതൽ വെളിച്ചംവീശും. കേരളത്തിൽ ഇന്നും സ്ത്രീകൾക്ക് അധികം പ്രവേശനമില്ലാത്ത ഒരു മേഖലയാണ് അധികാരരാഷ്ട്രീയം. പല പരീക്ഷണങ്ങളും നടത്തിയിട്ടും രാഷ്ട്രീയത്തിന്റെ ഉന്നതമേഖലകളിലേക്ക് അധികം സ്ത്രീകൾ കയറിച്ചെന്നിട്ടില്ല. കയറിച്ചെന്ന ചിലർക്കു കിട്ടിയ സ്വീകരണം ഒട്ടും ആശാവഹവുമായിരുന്നില്ല. (ഇടതുപക്ഷപ്രസ്ഥാനത്തിലൂടെ നേതൃത്വനിരയിലേക്കുയർന്ന കെ.ആർ. ഗൗരിയമ്മയുടെ അനുഭവം ഓർമ്മിക്കുക) കേരളത്തിലെ റാണിമാരുടെ ചരിത്രം ഇതെങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ചില സൂചനകൾ നൽകുന്നു.

ഒന്നുരണ്ട് അസാമാന്യസ്ത്രീകൾ കേരളത്തിന്റെ കഴിഞ്ഞ കാലത്തിലുമുണ്ട്. അവരിൽ പ്രധാനിയാണ് പതിനേഴാം നൂറ്റാണ്ടിൽ തെക്കൻകേരളത്തിൽ (പിൽക്കാലത്തെ തിരുവിതാകൂർ) ജീവിച്ചിരുന്ന അശ്വതിതിരുനാൾ തമ്പുരാട്ടി. സ്ത്രീകൾ മൂപ്പുവാണ സ്വരൂപമെന്ന പേരിൽ - അതായത്, ഏറ്റവും മൂത്തസ്ത്രീ കാരണവത്തിയും ഭരണാധികാരിയുമായി വാണിരുന്ന സ്വരൂപം എന്ന പേരിൽ - അറിയപ്പെട്ടിരുന്ന ആറ്റിങ്ങൽ സ്വരൂപത്തിലെ മൂത്ത തമ്പുരാട്ടിയായിരുന്നു ഇവർ. ഉമയമ്മറാണി എന്ന പേരിൽ ഇവർ പ്രസിദ്ധയാണ്. 1678 മുതൽ 1698 വരെയായിരുന്നു ഇവരുടെ ഭരണകാലം. തിരുവനന്തപുരത്തെ പഴമക്കാർ ഉമയമ്മറാണിയെക്കുറിച്ചുളള പല കഥകളും കേട്ടിരിക്കും. കളിപ്പാങ്കുളം എന്ന സ്ഥലത്തുവച്ചുണ്ടായ ദാരുണസംഭവത്തെക്കുറിച്ചായിരിക്കാം അധികംപേരും കേട്ടിരിക്കുക. ഉമയമ്മറാണിക്ക് ആറ് ആൺമക്കളുണ്ടായിരുന്നെന്നും കളിപ്പാങ്കുളത്തിൽ നീന്താനിറങ്ങിയ കുമാരന്മാരെ ദുഷ്ടന്മാരായ മാടമ്പിമാർ കൊന്നുകളഞ്ഞുവെന്നുമാണ് കഥയുടെ രത്നച്ചുരുക്കം. പിൽക്കാലത്ത്, ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ മലയാളകവിതയ്ക്കു പുതുജീവൻ പകർന്ന മൂന്നു കവികളിൽ (ആധുനികകവിത്രയമെന്നാണ് അവരെ വിശേഷിപ്പിച്ചിട്ടുളളത്) ഒരാളായിരുന്ന ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ ഈ കളിപ്പാങ്കുളംകഥയെ ഉമാകേരളം (1913) എന്ന തന്റെ മഹാകാവ്യത്തിൽ ഉപയോഗിച്ചു. തിരുവിതാംകൂറിനോടും കേരളത്തോടും കവിയുടെ ഭക്തി പ്രകടിപ്പിക്കുന്ന ഈ കാവ്യത്തിൽ ഉമയമ്മറാണി സാക്ഷാൽ കേരളത്തിന്റെ പ്രതീകമായി പ്രത്യക്ഷപ്പെടുന്നു. മക്കളുടെ ദാരുണമരണത്തിലും ധൈര്യംകൈവിടാത്ത, സുചരിതയായ വീരമാതാവായാണ് കവി അവരെ ചിത്രീകരിക്കുന്നത്. തിരുവിതാംകൂറിലെ മാടമ്പിമാരുടെ ദുർഭരണവും വിദേശീയാക്രമണവുമെല്ലാം ചേർന്നുണ്ടായ പ്രതിസന്ധിയിൽനിന്ന് നാടിനെ രക്ഷിക്കാൻ പണിപ്പെടുന്ന മഹതിയായ മാതാവായിട്ടാണ് അവർ ആ കൃതിയിൽ നിറഞ്ഞുനിൽക്കുന്നത്. അവർക്ക് ഒടുവിൽ സിദ്ധിക്കുന്ന വിജയം കേരളത്തിന്റെതന്നെ വിജയമാകുന്നു.

എന്നാൽ ഉമാകേരളത്തിലെ ഉമയമ്മയ്ക്ക് ചരിത്രരേഖകളിൽ പ്രത്യക്ഷപ്പെടുന്ന ഉമയമ്മറാണിയുമായി വലിയ സാമ്യമൊന്നുമില്ലെന്നതാണ് കൗതുകകരമായ കാര്യം. ഉള്ളൂർ കവിമാത്രമായിരുന്നില്ല, അറിയപ്പെട്ട ചരിത്രഗവേഷകൻകൂടിയായിരുന്നു. അദ്ദേഹംതന്നെ തന്റെ ചരിത്രപഠനത്തിൽ കളിപ്പാങ്കുളം സംഭവം നടന്നതായി തെളിവില്ലെന്ന് സൂചിപ്പിക്കുന്നുണ്ട്. ആറെണ്ണംപോയിട്ട് ഒരു സന്താനംപോലും ഉമയമ്മയ്ക്കില്ലായിരുന്നെന്നും അവർ പ്രസവിച്ചതായിപ്പോലും അറിവില്ലെന്നും പിൽക്കാലത്തുണ്ടായ ചരിത്രപഠനങ്ങൾ അവകാശപ്പെടുന്നു. ഇവിടെ യൂറോപ്യർ - ലന്തക്കാരും ബ്രിട്ടിഷുകാരും - തങ്ങളുടെ ആധിപത്യമുറപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചിരന്ന പതിനേഴാംനൂറ്റാണ്ടിന്റെ അവസാനമായിരുന്നു ഉമയമ്മറാണി ഭരണമേറ്റത്. അവർ ബാക്കിവച്ച പല രേഖകളിലും ഉമയമ്മറാണിയെക്കുറിച്ചുള്ള ചിത്രങ്ങളുണ്ട്. ഈ വിവരങ്ങളെ ഏറെക്കുറെ സ്ഥിരീകരിക്കുന്ന ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്.

ആറ്റിങ്ങൽസ്വരൂപത്തിന്റെ മൂത്ത തമ്പുരാട്ടിയായി അവർ 1678ൽ സ്ഥാനമേറ്റു. അന്നത്തെ അധികാരരാഷ്ട്രീയമെന്നുവച്ചാൽ തെക്കൻകേരളത്തിലുണ്ടായിരുന്ന രാജസ്വരൂപങ്ങൾ തമ്മിലുള്ള മത്സരമായിരുന്നു. തൃപ്പാപ്പൂർ, ദേശിങ്ങനാട്, ഇളയിടത്തു സ്വരൂപം മുതലായ നിരവധി രാജസ്വരൂപങ്ങൾ തമ്മിൽ വലിയ മത്സരംനടന്ന കാലം. ഈ മത്സരത്തിൽ ഉമയമ്മറാണി കാര്യമായി പങ്കെടുത്തിരുന്നുവെന്നാണ് രേഖകളിൽ കാണാനുള്ളത്. ആറ്റിങ്ങ

56

കേരളത്തിൽ റാണിമാർ ഉണ്ടായിരുന്നോ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/56&oldid=162931" എന്ന താളിൽനിന്ന് ശേഖരിച്ചത്