1950കൾക്കുമുമ്പ് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ വേർതിരിഞ്ഞുകിടന്ന പ്രദേശങ്ങളെ ഒന്നിച്ചുചേർത്താണ് മലയാളഭാഷ സംസാരിക്കുന്നവരുടെ സംസ്ഥാനമായ കേരളം നിലവിൽവന്നത്. ഇതിൽ തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടിഷ്സാമ്രാജ്യത്തിന്റെ മേൽക്കോയ്മ അംഗീകരിച്ച നാട്ടുരാജ്യങ്ങളായിരുന്നു. മലബാർഭാഗം ബ്രിട്ടിഷുകാർ നേരിട്ടു ഭരണംനടത്തിവന്ന മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു. ഈ പുസ്തകം തിരുവിതാംകൂറിൽ നടന്ന കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. ബ്രിട്ടിഷ് മേൽക്കോയ്മയ്ക്കു മുന്നിൽ പിടിച്ചുനിൽക്കാനൊരു തന്ത്രമെന്ന നിലയിൽ സ്ത്രീകളുടെ വിദ്യാഭ്യാസം, ആരോഗ്യം മുതലായ വിഷയങ്ങളിൽ തിരുവിതാംകൂറിലെയും കൊച്ചിയിലെയും സർക്കാരുകൾ സവിശേഷതാത്പര്യം പ്രകടിപ്പിച്ചിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾ, ലിംഗബന്ധങ്ങൾ മുതലായ വിഷയങ്ങൾ ഏറ്റവും വ്യാപകമായി ചർച്ചചെയ്യപ്പെട്ടതും ഇവിടെത്തന്നെ.
മലബാറിൽ ഇത്തരം ചർച്ചകൾ തീരെ നടന്നിരുന്നില്ലെന്നല്ല. മരുമക്കത്തായത്തിന്റെ ഗുണദോഷങ്ങളെപ്പറ്റി വളരെ സജീവമായ ചർച്ച മലബാറിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തും ഇരുപതാംനൂറ്റാണ്ടിലുമായി നടന്നിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സ്ത്രീസംഘടനകളിലൊന്നായിരുന്ന അഖിലേന്ത്യാ വനിതാകോൺഫറൻസിന്റെ ഒരു ഘടകം മലബാറിൽ നന്നായി പ്രവർത്തിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തിലും കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിലും മലബാറിലെ സ്ത്രീകൾ സജീവ പങ്കാളികളായിരുന്നു. എന്നാൽ തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങളിൽ പൊതുകാര്യങ്ങളെക്കുറിച്ചു ചർച്ച നടന്നിരുന്ന വേദികൾ - പൊതുമണ്ഡലങ്ങൾ - കൂടുതൽ വികസിതങ്ങളായിരുന്നതുകൊണ്ടും അവ നാട്ടുരാജ്യങ്ങളായിരുന്നതിനാൽ ദേശീയപ്രസ്ഥാനത്തിന്റെ സമ്മർദ്ദം താരതമ്യേന കുറവായിരുന്നതുകൊണ്ടും അവിടങ്ങളിൽ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ചർച്ച കൂടുതൽ ആഴത്തിൽ നടന്നുവെന്നു പറയാം. (സ്വാതന്ത്ര്യസമരം ശക്തമായ ഭാഗങ്ങളിൽ ദേശീയസ്വാതന്ത്ര്യം നേടുന്നതിന്റെ പ്രശ്നങ്ങൾക്കും വഴികൾക്കുമാണ് പലപ്പോഴും മുൻതൂക്കം ലഭിച്ചത്)
പത്രങ്ങൾ, ചർച്ചാവേദികൾ, സമുദായപരിഷ്കരണസംഘങ്ങൾ, സാമൂഹ്യസേവനസ്ഥാപനങ്ങൾ, വായനശാലകൾ, വിദ്യാലയങ്ങളിലും മറ്റും ആരംഭിച്ച സാഹിത്യസമാജങ്ങൾ, സാഹിത്യവേദികൾ, വനിതാസമാജങ്ങൾ, യുവജനസംഘടനകൾ മുതലായ പല കൂട്ടായ്മകളും ചേർന്നാണ് 'പൊതുമണ്ഡലം' രൂപീകരിക്കപ്പെടുന്നത്. ജനങ്ങളെ 'പൊതു'വായി ബാധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയാണത്. ജാതി-സമുദായങ്ങളുടെ സീമകളെ അതിലംഘിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ചർച്ചകളുമാണ് 'പൊതുമണ്ഡല'ത്തിൽ വരുന്നതെന്ന് ഒറ്റനോട്ടത്തിൽ തോന്നിയേക്കാം. എന്നാൽ സ്ത്രീകൾക്കും പുരുഷന്മാർക്കും മേൽജാതിക്കാർക്കും കീഴ്ജാതിക്കാർക്കും ഒരുപോലെ കയറിച്ചെല്ലാവുന്ന ഇടമായിരുന്നില്ല അത്. സ്ത്രീകൾ 'സ്ത്രീസമാജ'ങ്ങളിലും പുരുഷന്മാർ 'പൗരസമാജ'ങ്ങളിലും ഒത്തുചേരുന്നതാണ് ഉത്തമം എന്ന ബോധം മലയാളിപൊതുമണ്ഡലത്തിൽ അന്നും ഇന്നും സജീവമാണ്.
ഇന്നത്തെ കേരളത്തിൽ നിരവധി വെല്ലുവിളികളെ നേരിടുന്ന സ്ത്രീകൾക്ക് ചോദിക്കാൻ ഒരുപാടു ചോദ്യങ്ങളുണ്ട്. വിദ്യാഭ്യാസം, പ്രസവം, ആരോഗ്യം, കുടുംബാസൂത്രണം എന്നീ മേഖലകളിൽ ഇരുപതാംനൂറ്റാണ്ടിലെ മലയാളിസ്ത്രീകൾക്കുണ്ടായ നേട്ടങ്ങളെപ്പറ്റി പലയിടത്തും ഇന്ന് പറഞ്ഞുകേൾക്കാറുണ്ട്; വായിച്ചുകാണാറുണ്ട്. സ്ത്രീസാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഒരു കുതിച്ചുചാട്ടംതന്നെയാണ് ഈ നൂറ്റാണ്ടിലുണ്ടായത്. ഇതുകൂടാതെ സ്ത്രീകൾ സർക്കാർജോലികളിലും മറ്റും പ്രവേശിച്ചു, ദേശീയപ്രസ്ഥാനത്തിലും ഇടതുപക്ഷപ്രസ്ഥാനത്തിലും പങ്കെടുത്തു, ഇവിടത്തെ ഏറ്റവും വലിയ തൊഴിലാളിസംഘടനകളിൽ ചേർന്ന് തൊഴിൽസമരങ്ങളുടെ മുൻനിരയിൽ പ്രത്യക്ഷപ്പെട്ടു. ഈ നേട്ടങ്ങളെല്ലാമുണ്ടായിട്ടും നമ്മുടെ നില ഇത്ര മോശമായിരിക്കുന്നതെന്തുകൊണ്ടെന്ന ചോദ്യം ഓരോ മലയാളിസ്ത്രീയുടെയുമുള്ളിൽ നിശബ്ദമുയരുന്ന ഇക്കാലത്ത് ഈ പുസ്തകം ഏറ്റവും പ്രസക്തമാണെന്ന് കരുതുന്നു.
മറ്റൊരു പ്രചോദനംകൂടിയുണ്ട് ഈ പുസ്തകത്തിനു പിന്നിൽ. കേരളത്തിലെ മറ്റേതു രാഷ്ട്രീയപ്രസ്ഥാനത്തിനും - ഇടതുപക്ഷപ്രസ്ഥാനമാകട്ടെ, കോൺഗ്രസ്സാകട്ടെ, കീഴ്ജാതിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാനുളള പ്രസ്ഥാനങ്ങളാകട്ടെ - ഒരു ചരിത്രപാരമ്പര്യം അവകാശപ്പെടാനുണ്ട്. എന്നാൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്ന പ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ച് അധികമാരും പറഞ്ഞുകേൾക്കാറില്ല. വാസ്തവത്തിൽ വലിയൊരു അന്യായമാണിത്. കേരളത്തിൽ സ്ത്രീപക്ഷത്തുനിന്നുള്ള ശബ്ദങ്ങൾ കേട്ടുതുടങ്ങിയത് 1980കളിലാണെന്ന ധാരണ ശരിയല്ല. അതിനെത്രയോ മുമ്പുതന്നെ ഇവിടെ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി അതിശക്തമായ ഭാഷയിൽ വാദിച്ച സ്ത്രീബുദ്ധിജീവികളുടെ ഒരു തലമുറതന്നെയുണ്ടായിരുന്നു. 1920കൾ മുതൽ 1940കൾ വരെ കേരളത്തിന്റെ പൊതുരംഗത്ത് ഇവർ സജീവ
26