താൾ:Kulastreeyum Chanthapennum Undayathengane.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


സാന്നിദ്ധ്യമായിരുന്നു. ഈ തലമുറ അന്യംനിന്നുപോയതെങ്ങനെ, ഇവരുടെ സ്മരണപോലും നമുക്കില്ലാതെപോയതെന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കേണ്ടതാണ്. കാരണം, നമ്മൾ 'പഴയകാലത്തെ പ്രമുഖസ്ത്രീകൾ' എന്നോർക്കുന്നത് ദേശീയപ്രസ്ഥാനത്തിലോ ഇടതുപക്ഷപ്രസ്ഥാനത്തിലോ പ്രവർത്തിച്ച സ്ത്രീകളെക്കുറിച്ചാണ്. എന്നാൽ സ്ത്രീകളെ ഒരു പ്രത്യേകവിഭാഗമായിക്കരുതി അവരുടെ അവകാശങ്ങൾക്ക് സവിശേഷപരിഗണന നൽകണമെന്നു വാദിച്ച സ്ത്രീകൾ ഈ നാട്ടിലുണ്ടായിരുന്നുവെന്ന കാര്യം എത്രപേർക്കറിയാം? അവരിൽ ചിലരെക്കുറിച്ച് നാം ചിലപ്പോൾ കേട്ടിട്ടുണ്ടാവും. ഉദാഹരണത്തിന് അന്നാ ചാണ്ടി. ഇന്ത്യയിൽ ആദ്യമായി മുൻസിഫ് പദവിയിലെത്തിയ സ്ത്രീ എന്നാണ് നമുക്ക് ഇവരെപ്പറ്റിയുളള അറിവ്. എന്നാൽ കേരളീയസ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ വനിതകളിൽ ഇവർക്കുണ്ടായിരുന്ന പ്രമുഖസ്ഥാനത്തെപ്പറ്റി എത്രപേർ കേട്ടിട്ടുണ്ട്?

അന്നത്തെ കൊമ്പുകെട്ടിയ പുരുഷബുദ്ധിജീവികളുടെ പുരുഷാധികാരപരമായ നിലപാടുകളെ വിമർശിച്ചുകൊണ്ടും തുറന്നെതിർത്തുകൊണ്ടും ഇവരെഴുതിയ ലേഖനങ്ങളിൽ പലതും ഇന്നത്തെക്കാലത്തും പ്രസക്തങ്ങളാണ്. സ്ത്രീപക്ഷത്തുനിന്നു വാദിച്ച സ്ത്രീകളുടെ ആ തലമുറ കുറ്റമറ്റതാണെന്നോ അവരുമായി നാം പൂർണ്ണമായും യോജിക്കുമെന്നോ അല്ല. തീർച്ചയായും അവർക്ക് പോരായ്മകളുണ്ടായിരുന്നു. എങ്കിലും അവരിൽനിന്ന് ചിലതൊക്കെ പഠിക്കാനുണ്ട്. യുക്തിയും നർമ്മബോധവും സമകാലികപ്രശ്നങ്ങളെപ്പറ്റിയുളള അറിവും വേണ്ടവിധം കൂട്ടിച്ചേർത്ത് അവർ നിർമ്മിച്ച ശക്തമായ വാദശൈലി ഒരുദാഹരണംമാത്രമാണ്. അധികാരസ്ഥാനത്തിരിക്കുന്ന വ്യക്തികളെയോ അധികാരസ്ഥാപനങ്ങളെയോ തീരെ ഭയക്കാതെ, പറയാനുളള കാര്യം ശക്തവും വ്യക്തവുമായ ഭാഷയിൽ പറയാനുള്ള ആ തന്റേടം തീർച്ചയായും ഇന്നു നമുക്കില്ല. ആ തലമുറയെ ഇന്നത്തെ സ്ത്രീപുരുഷന്മാർക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യംകൂടി ഈ പുസ്തകത്തിനുണ്ട്. ആ തലമുറയ്ക്ക് ഇനിയുള്ള കാലത്ത് പുതിയ അവകാശികൾ ഒരുപാടുണ്ടാകുമെന്ന പ്രത്യാശയാണ് ഈ പുസ്തകത്തെ നയിക്കുന്നത്; അവർ ഈ വിമർശനപാരമ്പര്യത്തെ കാലാനുസൃതമായി നവീകരിക്കുമെന്നും. ⚫

Kulasthree Chapter01 pic09.jpg
"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/27&oldid=162899" എന്ന താളിൽനിന്ന് ശേഖരിച്ചത്