താൾ:Kulastreeyum Chanthapennum Undayathengane.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണമില്ലെന്ന് അവർ വാദിക്കുന്നു. മാർക്സിസ്റ്റ് ചരിത്രത്തിന്റെ ഉൾക്കാഴ്ചകളെ മൊത്തത്തിൽ അംഗീകരിക്കുന്നുണ്ടെങ്കിലും സാമ്പത്തികമാറ്റങ്ങൾക്ക് അതിനുള്ളിൽ കൽപ്പിക്കപ്പെടുന്ന അമിതപ്രാധാന്യം ഗുണകരമല്ലെന്ന് സ്ത്രീപക്ഷചരിത്രം ചൂണ്ടിക്കാണിക്കുന്നു. സാമൂഹ്യസ്ഥാപനങ്ങളും ആശയവ്യവസ്ഥകളും പലപ്പോഴും സാമ്പത്തികമാറ്റങ്ങളെ അതിജീവിക്കുകയും സമ്പദ്‌വ്യവസ്ഥയിലെ ചലനങ്ങൾക്കനുസരിച്ച് പുതിയ ധർമ്മങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്നത് ശ്രദ്ധേയമാണെന്ന് അവർ ഓർമ്മിപ്പിക്കുന്നു. ഇന്നു നാം പലയിടത്തും കാണുന്ന 'തറവാടിത്തഘോഷണം' നല്ലൊരു ഉദാഹരണമാണ്. മേൽജാതിക്കാരുടെ ആഭിജാത്യചിഹ്നങ്ങളായ പലതും - തറവാട്, കോടിവസ്ത്രം, പലതരത്തിലുള്ള മര-ലോഹസാമാനങ്ങൾ മുതലായവ - അവയുടെ പഴയ ധർമ്മം കൈവെടിഞ്ഞ് മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിൽ പുതിയ മൂല്യങ്ങൾ സ്വീകരിച്ചിരിക്കുന്നു. ഓണക്കാലത്തും മറ്റും ടെലിവിഷനിലൂടെ നാം കാണുന്ന 'പാരമ്പര്യം' വാസ്തവത്തിൽ പഴമയല്ല; നവവരേണ്യവർഗ്ഗത്തിന്റെ പുതിയ (മുതലാളിത്ത) മൂല്യങ്ങൾക്കനുസൃതമായ രീതിയിൽ വാർത്തെടുക്കപ്പെട്ടവയാണ്. അതു പോലെ, സമൂഹത്തിൽ വിഭവങ്ങളുണ്ടാക്കുന്ന രീതികൾ, സാമ്പത്തിക ഇടപാടുകൾക്കുണ്ടാകുന്ന മാറ്റം ഇതെല്ലാം സ്ത്രീകളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ സ്ത്രീചരിത്രരചനയിലേർപ്പെടുന്നവർ പറയുന്നു: 'പക്ഷേ, ഇത്തരം മാറ്റങ്ങൾ എല്ലാവരെയും ഒരുപോലെയല്ല ബാധിക്കുന്നത്. മേലാളരിൽത്തന്നെ സ്ത്രീക്കും പുരുഷനും വ്യത്യസ്ത അനുഭവങ്ങളായിരിക്കും ഉണ്ടാക്കുക. കീഴാളസ്ത്രീ-പുരുഷന്മാരുടെ അനുഭവങ്ങൾ തമ്മിലും വ്യത്യാസങ്ങളുണ്ടാകാം. കൂടാതെ മേലാളസ്ത്രീകളും കീഴാളസ്ത്രീകളും ഈ സാഹചര്യങ്ങളെ അഭിമുഖീകരിച്ചത് തീർത്തും വ്യത്യസ്ത രീതികളിലായിരിക്കാം. ഈ വ്യത്യാസങ്ങളുടെ പ്രാധാന്യം കുറച്ചു കണ്ടുകൂടാ, 'നിഷ്പക്ഷ'ചരിത്രത്തിന്റെ അല്ലെങ്കിൽ ശാസ്ത്രീയചരിത്രത്തിന്റെ പേരുപറഞ്ഞ് അവയെ കണ്ടില്ലെന്നു നടിച്ചുകൂടാ.'

കേരളചരിത്രത്തിന്റെ പ്രാചീനഘട്ടത്തെയും മദ്ധ്യകാലത്തെയും സ്ത്രീപക്ഷവീക്ഷണത്തിൽ വിലയിരുത്തുന്ന പഠനങ്ങൾ ഇന്നു കുറവാണ്. പക്ഷേ ആധുനികകാലത്തെക്കുറിച്ച് കുറേക്കൂടി പഠനങ്ങളുണ്ട്. ഇവിടെ പുതിയ സ്ത്രീചരിത്രവും ആൺ-പെൺഭേദത്തിന്റെ ചരിത്രവും ചർച്ചചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ പത്തൊമ്പതാംനൂറ്റാണ്ടിന്റെ ഏതാണ്ട് പകുതിമുതൽ ഇരുപതാം നൂറ്റാണ്ടുവരെയുണ്ടായ മാറ്റങ്ങളാണ് ഈ പുസ്തകത്തിൽ അധികവും ചർച്ചചെയ്യപ്പെടുന്നത്. മലയാളിസ്ത്രീയുടെ "വിമോചനയുഗ'മായി ഈ കാലത്തെ പറയാറുണ്ട്. തെക്കൻകേരളത്തിലെ ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ടു ധരിക്കാനുള്ള അവകാശത്തെ ചുറ്റിപ്പറ്റി പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്ന കലാപങ്ങളെ ആദ്യത്തെ സ്ത്രീവിമോചനസമരമായി കാണുന്നരീതി പതിവാണ്. ഇരുപതാംനൂറ്റാണ്ടിലെത്തിയപ്പോൾ സാമുദായികപ്രസ്ഥാനങ്ങളുടെ ശ്രമഫലമായി സ്ത്രീകളുടെ നില കൂടുതൽ മെച്ചപ്പെട്ടുവെന്നാണ് സാധാരണ നാം കേൾക്കാറുള്ളത്. പകുതിസത്യം മുഴുത്ത കള്ളത്തെക്കാൾ ദോഷംചെയ്യുമെന്ന് പ്രസിദ്ധമാണല്ലോ. ഈ പകുതിസത്യങ്ങളെ വിമർശനപരമായി പുനർവിചാരണചെയ്തും പുതിയ തെളിവുകൾ കണ്ടെത്തിയും പഴയ തെളിവുകളെ പുതിയ കാഴ്ചപ്പാടിൽ വിലയിരുത്തിയുമാണ് സ്ത്രീചരിത്രം ഇവിടെ പുതിയ ഉൾക്കാഴ്ചകളുണ്ടാക്കുന്നത്.


25


ചരിത്രപഠനം കൊണ്ട് എന്തു കാര്യം?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/25&oldid=162894" എന്ന താളിൽനിന്ന് ശേഖരിച്ചത്