താൾ:Kulastreeyum Chanthapennum Undayathengane.djvu/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത-പാലിഭാഷകളിൽ പാണ്ഡിത്യംനേടിയ യൂറോപ്യൻ 'ഓറിയന്റലിസ്റ്റ്' ഗവേഷകരുടെയും ബ്രിട്ടിഷ് ഭരണാധികാരികളായ ചരിത്രകാരന്മാരുടെയും സ്വാധീനം ശക്തമായിരുന്നു, ഇവരുടെ രചനകളിൽ. ആർ.സി. മജുംദാറിനെപ്പോലെയുള്ളവരുടെ ഹൈന്ദവതാത്പര്യം സുവ്യക്തമായിരുന്നപ്പോൾ രാധാകമൽ മുഖർജി, താരാചന്ദ് തുടങ്ങിയവർ ഇന്ത്യയുടെ ഇസ്ലാമികപൈതൃകത്തെ ഉയർത്തിക്കാട്ടാൻ മടിച്ചില്ല. പക്ഷേ സ്ത്രീകളെ സംബന്ധിച്ച് ആദ്യകാലചരിത്രകാരന്മാർ പൊതുവെ നിരവധി കെട്ടുകഥകളെ പിന്താങ്ങാൻ തയ്യാറായിരുന്നു. ഇന്ത്യയുടെ 'വേദകാലപാരമ്പര്യ'ത്തിൽ സ്ത്രീകൾ 'സ്വതന്ത്രരാ'യിരുന്നുവെന്നും മറ്റുമുള്ള പ്രസ്താവങ്ങൾ ചരിത്രഗവേഷണത്തിന്റെ സൂക്ഷ്മതയിൽനിന്നല്ല, ശുദ്ധദേശഭക്തിയിൽനിന്ന് ഉയിർക്കൊണ്ടവയാണ്. ബി.എസ്. അൽതേക്കർ എന്ന പ്രശസ്തനായ ചരിത്രകാരന്റെ 'സ്ത്രീചരിത്ര'ത്തെ സൂക്ഷ്മമായി വിമർശിക്കുന്ന സ്ത്രീപക്ഷചരിത്രകാരിയായ ഉമാ ചക്രവർത്തി ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് നമുക്കു കാണിച്ചുതരുന്നു. (അവർ സമീപകാലത്ത് പ്രസിദ്ധീകരിച്ച Beyond the Kings and Brahmanas of 'Ancient' India, New Delhi, 2007ലെ ലേഖനങ്ങൾ കാണുക). ഇന്ത്യൻ ചരിത്രരചനയ്ക്ക് ഭൗതികവാദപരമായ (meterialist) അടിത്തറ നൽകാൻ ഭൗതികജീവിതത്തിലും സ്വത്തുടമസ്ഥതയിലും ഉൽപ്പാദനക്രമങ്ങളിൽ വരുന്ന മാറ്റങ്ങളിലും കൊടുക്കൽ-വാങ്ങൽസമ്പ്രദായങ്ങളിലുണ്ടായ ചലനങ്ങളിലും മറ്റും ഇന്ത്യൻ സമൂഹത്തിന്റെ ചരിത്രപരിണാമത്തെക്കുറിച്ചുള്ള അന്വേഷണത്തെ ഉറപ്പിക്കാൻ ശ്രമിച്ച പുതിയൊരു തലമുറ സ്വാതന്ത്ര്യാനന്തരകാലത്ത് വളർന്നുവന്നു - ഡി.ഡി. കൊസാംബി, ആർ.എസ്. ശർമ്മ, ഇർഫാൻ ഹബീബ്, റോമിലാ ഥാപ്പർ തുടങ്ങിയവർ. മാർക്സിസ്റ്റ് ആശയങ്ങളെ (ചിലപ്പോൾ നരവംശശാസ്ത്രത്തിന്റെ ഉൾക്കാഴ്ചകളെ) ഏറിയോ കുറഞ്ഞോ കടംകൊണ്ട്, അവയെ പാകപ്പെടുത്തി, ചരിത്രഗവേഷണത്തിൽ പ്രയോഗിച്ചവരായിരുന്നു ഇവരെല്ലാം. Vinay Lal എഴുതിയ The History of History: Politics and Scholarship in Modern India (New Delhi, 2003) എന്ന കൃതി 'ഹിന്ദുചരിത്രകാര'ന്മാരും 'മാർക്സിസ്റ്റ്-ദേശീയവാദചരിത്രകാരന്മാ'രും തമ്മിലുള്ള പൊരിഞ്ഞ തർക്കത്തെ വിലയിരുത്തുന്നു. സ്വാതന്ത്ര്യപൂർവ്വകാലഘട്ടത്തിൽ തുടങ്ങി സമീപകാലംവരെ ഈ തർക്കത്തെ പിന്തുടരുന്നുണ്ട്, ഈ കൃതി.

ഉമാ ചക്രവർത്തിയുടെ മുൻ സൂചിപ്പിച്ച ലേഖനസമാഹാരത്തിന്റെ ആമുഖലേഖനത്തിൽ അവർ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യം ചരിത്രവിദ്യാർത്ഥിനിയായി 'നിഷ്പക്ഷചരിത്ര'ത്തിന്റെ കോട്ടകളിലെത്തിയതും, പിന്നീട് അദ്ധ്യാപികയായി അവയോടെതിർത്തതുംമറ്റും വിവരിക്കുന്നുണ്ട്. ഡി.ഡി. കൊസാംബി, ദേവ് രാജ് ചനാന, ആർ.എസ്. ശർമ്മ, റോമിലാ ഥാപ്പർ മുതലായ ചരിത്രപണ്ഡിതർ തനിക്ക് വഴികാട്ടികളായതിനെക്കുറിച്ചും അവർ പറയുന്നുണ്ട്. സ്വന്തം ഡോക്ടറൽ ഗവേഷണപ്രബന്ധത്തെക്കുറിച്ച് അവർ പറയുന്നു:

സാമ്പത്തിക-സാമൂഹ്യചരിത്രത്തിന്റെ ചട്ടക്കൂടിനുള്ളിലായിരുന്നു എന്റെ ഡോക്ടറൽ ഗവേഷണപ്രബന്ധം. ഘടനകളെയും പ്രക്രിയകളെയും വേർതിരിച്ച് ആശയങ്ങളും സ്ഥാപനങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതെങ്ങനെ എന്നും അവയെ സൃഷ്ടിച്ച, അവ സ്ഥിതിചെയ്യുന്ന, സവിശേഷ പശ്ചാത്തലങ്ങൾ എന്തൊക്കെ എന്നുമാണ് ഞാൻ പഠിക്കാൻ ശ്രമിച്ചത്. പക്ഷേ, ചരിത്രത്തിന്റെ ചില ഘട്ടങ്ങളിൽ രൂപംപ്രാപിച്ച ഭൗതികസാഹചര്യങ്ങളോ സ്ഥാപനങ്ങളോ ലിംഗവത്കൃതമായിത്തീർന്ന രീതിക്ക് ഞാനധികം ശ്രദ്ധകൊടുത്തില്ല...
...സമൂഹത്തിലെ പാർശ്വവൽകൃതരുടെ ചരിത്രത്തിൽപ്പോലും... ലിംഗഭേദം അപഗ്രഥനത്തിൽ പ്രയോഗിക്കാവുന്ന ഒരു സംവർഗ്ഗമായിരുന്നില്ല. (പുറം xxiii - xxiv)

എന്നാൽ 1980കളിലെ സ്ത്രീപ്രസ്ഥാനം ഈ നിലയെ പരിപൂർണ്ണമായി മാറ്റിമറിച്ചതെങ്ങനെ എന്നവർ തുടർന്നു വിവരിക്കുന്നു. പ്രബലചരിത്രധാരകളിൽ സ്ത്രീപുരുഷവ്യത്യാസം എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്ന ചോദ്യം ഉയരാൻ തുടങ്ങി. ചരിത്രരചനാസാമഗ്രികൾ മുഴുവൻ പുനഃപരിശോധനയ്ക്കു വിധേയമായി. ഉമാചക്രവർത്തിയുടെ ഗണ്യമായ സംഭാവനകൾ 1980കളിൽത്തന്നെ ആരംഭിച്ചുകഴിഞ്ഞിരുന്നു. അവർക്കൊപ്പം പ്രാചീന-മദ്ധ്യകാല ഇന്ത്യാചരിത്രത്തെ സ്ത്രീപക്ഷകാഴ്ചപ്പാടിൽ തിരുത്തി എഴുതിയ കുംകും റോയി തുടങ്ങിയവർ രംഗത്തുവന്നു. റോയിയുടെ Women in Early Indian Societies (Delhi, 2001) പുരാതന ഇന്ത്യൻ സമൂഹങ്ങളിലെ സ്ത്രീകളെക്കുറിച്ചുള്ള പഴയതും പുതിയതുമായ ചരിത്രാന്വേഷണങ്ങളെ സമഗ്രമായി അവതരിപ്പിക്കുന്നു. ഉമാചക്രവർത്തിയും കുംകും റോയിയും ചേർന്നെഴുതിയ 'Breaking out of Invisibility: Rewriting the History of Women in Ancient India' എന്ന ലേഖനം ഈ ചർച്ചകളുടെ സംക്ഷിപ്തവിവരണമാണ്. (Jay Kleinberg (ed.), Retrieving Women's History: Changing Perceptions of the Role of Women in Politics and Society, London, 1988 എന്ന പുസ്തകത്തിൽ ചേർത്തിരിക്കുന്നു). മദ്ധ്യകാലസ്ത്രീചരിത്രവും ഇന്നു വളർന്നുകൊണ്ടിരിക്കുന്ന ശാഖയാണ്. രേഖാ മിശ്രയുടെ Women in Mughal India 1526-1748 (Delhi, 1967) തുടങ്ങിയ ആദ്യകാല കൃതികൾമുതൽ വർഷാ ജോഷിയുടെ

244

കൂടുതൽ വായനയ്ക്ക്


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/244&oldid=162888" എന്ന താളിൽനിന്ന് ശേഖരിച്ചത്