താൾ:Kulastreeyum Chanthapennum Undayathengane.djvu/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവരുടെ കയ്യിൽ ഇല്ലായിരുന്നെങ്കിലും. ആദിവാസികളുടെ ഭൂമിമുഴുവൻ നാട്ടുകാർ കൈക്കലാക്കാൻതുടങ്ങിയ കാലമായിരുന്നു. പാറ്റാമുരത്തിയുടെ വയലും കരഭൂമിയും ഒരു നാട്ടുകാരൻ കൈവശപ്പെടുത്തി, അതിനു വ്യാജരേഖയുമുണ്ടാക്കി. അവർ എല്ലാ രാഷ്ട്രീയക്കാരെയും സമീപിച്ചു. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റിനോടു പരാതി പറഞ്ഞു. ഒരു ഫലവുമുണ്ടായില്ല. നാട്ടുകാരൻ അവരുടെ കുടിലിനു തീയിട്ടു. ഭൂമി അവരുടേതാണെന്നു തെളിവായിയുണ്ടായിരുന്ന ഒരേയൊരു പുഞ്ചച്ചീട്ട് കത്തിയെരിഞ്ഞുപോയി. ഇയാൾ മറ്റുപലവിധത്തിലും പണിയരെ ദ്രോഹിച്ചു. പലരും ഒഴിഞ്ഞുപോയി. ഒടുവിൽ അയാൾ പണിയരെ അവരുടെ ഭൂമിയിൽ ശവദാഹം നടത്തുന്നതിൽനിന്ന് തടഞ്ഞപ്പോൾ പാറ്റാമുരത്തി തുറന്നസമരത്തിനുതന്നെ തയ്യാറായി. പഞ്ചായത്തു പ്രസിഡന്റ് മദ്ധ്യസ്ഥ്യം പറയാൻവന്നു. ഭൂമിയുടെ പകുതി തിരിച്ചുകൊടുക്കാമെന്ന് നാട്ടുകാരൻ സമ്മതിച്ചു. ഒരിഞ്ചുഭൂമിപോലും കൊടുക്കില്ലെന്ന നിലപാടിൽ പാറ്റാമുരത്തി ഉറച്ചുനിന്നു. അവരുടെ സമുദായസംഘടനയും പല രാഷ്ട്രീയകക്ഷികളും ഈ പ്രശ്നത്തിൽ ഇടപെട്ടു. തന്റെ നിലപാടിൽ അൽപ്പംകൂടി അയവുവരുത്തണമെന്ന് അവരെല്ലാം പറഞ്ഞു. വളരെക്കാലം ഈ തർക്കം നീണ്ടുപോയി.

രാഷ്ട്രീയക്കാരുടെ നിശബ്ദസഹായത്തോടെ നാട്ടുകാരൻ പഞ്ചായത്ത് പണിയർക്കനുവദിച്ച കിണർ കുത്തുന്നതു തടഞ്ഞു. 1995ൽ പാറ്റാമുരത്തി ഒരുപടികൂടി കടന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. മുഴുവൻ ഭൂമിയും വീണ്ടെടുത്ത് കൃഷിതുടങ്ങി. വൻ രാഷ്ട്രീയപിൻബലമുണ്ടായിരുന്ന നാട്ടുകാരൻ കോടതിയിൽപ്പോയി; പാറ്റാമുരത്തിയും മറ്റ് അഞ്ചു പണിയരും അറസ്റ്റുചെയ്യപ്പെട്ടു. പക്ഷേ, കോടതി അവരെ വെറുതേവിട്ടു. പോലീസിന്റെ സഹായത്തോടെ നാട്ടുകാരൻ അവരെ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചു; ആ കുടുംബംമുഴുവൻ പോലീസിന്റെ മുന്നിൽ നിരന്നുനിന്ന് 'വെടിവയ്ക്കിൻ, ധൈര്യമുണ്ടെങ്കിൽ!' എന്ന് വിളിച്ചുപറഞ്ഞു. പോലീസ് മടങ്ങിപ്പോയി. അതിനുശേഷം ഒരു പ്രബലരാഷ്ട്രീയകക്ഷിയുടെ യുവജനസംഘടനയെ കൂട്ടുപിടിച്ചുകൊണ്ടായിരുന്നു നാട്ടുകാരന്റെ നീക്കം - ഈ സംഘടനക്കാർ കുടി ആക്രമിച്ച് വീട്ടിലുണ്ടായിരുന്നവരെ മുഴുവൻ പൊതിരെ തല്ലി. പാറ്റാമുരത്തി വെറുതെയിരുന്നില്ല; അവർ പോലീസിൽ പരാതികൊടുത്തു. പതിനെട്ടുപേർക്കെതിരെ ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിക്കപ്പെട്ടു. ഇതോടെ രാഷ്ട്രീയക്കാർക്കു മടുത്തു. പാറ്റാമുരത്തിയും കൂട്ടരും ഭൂമിമുഴുവൻ വീണ്ടെടുത്ത് കൃഷിചെയ്യാൻ തുടങ്ങി. ഒടുവിലത്തെ പ്രയോഗമെന്നനിലയ്ക്ക് നാട്ടുകാരൻ വിലകുറഞ്ഞ മദ്യംകൊണ്ടുവന്ന് പണിയയുവാക്കളെ പാട്ടിലാക്കാൻനോക്കി - അതും അത്ര വിലപ്പോയില്ല. ആ പണിയക്കുടിയുടെ നേതാവായി പാറ്റാമുരത്തി ഉയർന്നുകഴിഞ്ഞിരുന്നു. ഇന്നും ആ ഭൂമിയുടെ പട്ടയം അവർക്കു കിട്ടിയിട്ടില്ല. എങ്കിലും വയനാട്ടിലെ പണിയസ്ത്രീകളുടെ വീരനായികയാണ് 80-ാം വയസ്സിൽ, ദീർഘമായ സമരത്തിനൊടുവിൽ, മരിച്ചുപോയ അവർ.

പാറ്റാമുരത്തിയുടെ കഥ ഭൂതകാലത്തിലായിരുന്നുവെന്ന് പറയാൻ കഴിയില്ല - പല ദശകങ്ങൾ നീണ്ട സമരമായിരുന്നു അവരുടേതെങ്കിലും. ആദിവാസിസ്ത്രീകളുടെ പല തലമുറകൾ നടത്തിവന്ന നിരന്തരമായ സമരത്തിന്റെ ഒടുവിലത്തെ കണ്ണികളിലൊന്നായി ഇതിനെ കാണാം. ആ സമരങ്ങൾ എല്ലാം ഇത്ര ശുഭമായി കലാശിച്ചവയല്ല. സമീപകാലത്ത് നടന്ന ആദിവാസി-ദളിത് സമരങ്ങളിൽ സ്ത്രീകൾ ഈവിധത്തിലുള്ള കേന്ദ്രസ്ഥാനം വഹിച്ചിട്ടുണ്ട്. സി.കെ. ജാനുവിനെപ്പോലെ മറ്റേതൊരു സ്ത്രീയുണ്ട് കേരളരാഷ്ട്രീയത്തിൽ? എന്നാൽ ഈ പ്രതിരോധം, വാസ്തവത്തിൽ, പല തലമുറ പിന്നിലേക്കു നീണ്ടുകിടക്കുന്ന ഒന്നാണ്. അതിനെക്കുറിച്ചുള്ള ചില സൂചനകളേ നമുക്കിന്നുള്ളൂ. 1999ൽ കോട്ടയത്തെ കുറിച്ചിയിൽ ദളിതർ നടത്തിയ '11 കെ.വി.ലൈൻവിരുദ്ധസമരം', വികസനത്തിന്റെ പുറമ്പോക്കിൽപ്പോലും ദളിതർക്കിടമില്ലെന്ന സർക്കാർ സമീപനത്തിനെതിരെ നടന്ന വലിയൊരു പൊട്ടിത്തെറിയായിരുന്നു. പല രാഷ്ട്രീയവിശ്വാസക്കാരായ സ്ത്രീകൾ ഒരുമിച്ചുചേർന്നു നടത്തിയ സമരമാണിത്. ആദിവാസി-ദളിത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദൈനംദിന സുരക്ഷിതത്വത്തിനുവേണ്ടി നിരന്തരം സമരംചെയ്യേണ്ട അവസ്ഥയാണ് - ഇതും അടുത്തകാലത്തുമാത്രം ഉണ്ടായ വിപത്തല്ല. 1970കളുടെ ഒടുക്കം ഭൂമിക്കുവേണ്ടി ദളിതർ കേരളഹരിജൻ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ സമരങ്ങളിൽ ശക്തരായ സ്ത്രീകൾ പലരുമുണ്ടായിരുന്നു. ഇവരെക്കുറിച്ചും നമുക്ക് വളരെയധികമൊന്നും അറിയില്ല. ഇന്ന് തിരുവനന്തപുരത്തെ തെരുവീഥികളിൽ നടക്കുന്ന സമരങ്ങളിൽ സ്ത്രീകളുടെ ശക്തമായ സാന്നിദ്ധ്യമുള്ളത് മത്സ്യത്തൊഴിലാളി സമരങ്ങളിലാണ്. 1980കളിൽ ശക്തിപ്രാപിച്ച, എന്നാൽ അതിനുമുമ്പുതന്നെ വേരുകളുള്ള, ഈ സമരപാരമ്പര്യത്തിന്റെ ചരിത്രവും വീണ്ടെടുക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ സ്ത്രീകളുടെ സമരാനുഭവങ്ങളുടെ ചരിത്രത്തിൽനിന്ന് നാമെന്താണ് പഠിക്കുന്നത്? ഒന്നാമത്, ഇന്നു നാം ദൈനംദിനജീവിതത്തിൽ അനുഭവിക്കുന്ന ചില്ലറ സ്വാതന്ത്ര്യങ്ങൾപോലും മുൻതലമുറക്കാരുടെ നേരിട്ടും അല്ലാതെയുമുള്ള


235


സ്ത്രീകളും സമരങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/235&oldid=162878" എന്ന താളിൽനിന്ന് ശേഖരിച്ചത്