Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമരങ്ങളിലൂടെ ലഭിച്ചവയാണ് - ആരുടെയും സൗജന്യമല്ല. രണ്ടാമത്, നവബ്രാഹ്മണ്യമൂല്യങ്ങൾ സ്വാംശീകരിച്ച സമുദായങ്ങളും പ്രസ്ഥാനങ്ങളും സ്ത്രീകളെ സമരരംഗങ്ങളിലേക്ക് ഭാഗികമായിമാത്രമെ പ്രവേശിപ്പിച്ചിരുന്നുള്ളൂ. 'സമുദായം അപകടത്തിൽ', അല്ലെങ്കിൽ 'മാതൃരാജ്യം അപകടത്തിൽ' എന്ന മുദ്രാവാക്യമുയരുന്ന വേളകളിൽ തെരുവുകളിലിറങ്ങി പൊതുപ്രവർത്തനത്തിലേർപ്പെടാൻ സ്ത്രീകളെ പ്രോത്സാഹിപ്പിച്ച പുരുഷന്മാർതന്നെ ആ അപകടങ്ങൾ ഒഴിഞ്ഞുവെന്ന തോന്നലുണ്ടായപ്പോഴൊക്കെ സ്ത്രീകൾ വീട്ടിന്റെയുള്ളിലേക്കു മടങ്ങണമെന്ന് ആവശ്യപ്പെട്ടു. സമുദായത്തിന്റെയുള്ളിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും പൂർണ്ണമായ അവകാശങ്ങൾക്കായി സ്ത്രീകൾ നടത്തിയ സമരങ്ങൾ പ്രോത്സാഹിക്കപ്പെട്ടുമില്ല. തൊഴിലാളിപ്രസ്ഥാനത്തിൽപ്പോലും സ്ത്രീകളുടെ സംഘടനാസാമർത്ഥ്യത്തിനും സമരോത്സുകതയ്ക്കും മതിയായ അംഗീകാരം ലഭിച്ചില്ല. തൊഴിലാളിസ്ത്രീകൾക്ക് വിദ്യാഭ്യാസത്തിന്റെ കുറവുണ്ടായിരുന്നതുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്ന വാദത്തിൽ വലിയ കഴമ്പില്ല. വിദ്യാഭ്യാസം കുറഞ്ഞവരായ പുരുഷന്മാർ പലപ്പോഴും തൊഴിലാളിയൂണിയനുകളുടെയും രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും തലപ്പത്തേക്ക് ഉയർന്നിരുന്നുവെന്നത് ഒരു വസ്തുതയാണ്. സ്ത്രീകളെ - തൊഴിലാളിസ്ത്രീകളെ - 'പൂർണ്ണതൊഴിലാളികളാ'യി അംഗീകരിക്കാൻ പ്രസ്ഥാനങ്ങൾ പലപ്പോഴും വൈമനസ്യം കാട്ടി. ആദ്യകാല തൊഴിലാളിയൂണിയനുകളിൽ ആശാവഹങ്ങളായ പല സമ്പ്രദായങ്ങളുമുണ്ടായിരുന്നു - സ്ത്രീകളുടെ പ്രത്യേക ഫാക്ടറിക്കമ്മിറ്റിപോലെ. എന്നാൽ അവ തുടർന്നും വികസിച്ചില്ല. 1940കളിലെ ഇടതുപക്ഷപ്രസ്ഥാനത്തിന് 'പിന്നിൽനിന്ന്' സ്ത്രീകൾ നൽകിയ സംഭാവനകൾ കനത്തവയായിരുന്നു. നല്ല ധൈര്യവും കൂർമ്മബുദ്ധിയും പ്രായോഗികസാമർത്ഥ്യവും കൂടാതെ ഈ പിന്തുണനൽകാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇവയെ സ്തുതിക്കുകയല്ലാതെ ഈ സ്ത്രീകളെ പിന്നിൽനിന്ന് മുന്നിലെത്തിക്കാനുള്ള ഉദ്യമങ്ങളൊന്നും കാര്യമായി ഉണ്ടായില്ല.

എന്നാൽ, സമരങ്ങളിൽ പങ്കെടുക്കുന്ന സ്ത്രീകൾ കുറഞ്ഞുപോയി എന്നു പറയാൻ പറ്റില്ല. കേരളത്തിൽ ഇന്ന് പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സമരങ്ങളിൽ - ഭൂമിക്കുവേണ്ടി, പരിസ്ഥിതിസന്തുലനത്തിനുവേണ്ടി, മാലിന്യമുക്തമായ പരിസരങ്ങൾക്കുവേണ്ടി, ജലത്തിനുവേണ്ടി നടന്നുവരുന്ന സമരങ്ങളുടെ മുൻനിരയിൽ - ധാരാളം സ്ത്രീകളുണ്ട്. സി.കെ.ജാനു, മയിലമ്മ, സെലീനാ പ്രക്കാനം എന്നിവർ കൂടുതൽ പ്രശസ്തരായതുകൊണ്ട് നാമവരെ അറിയും. എന്നാൽ എത്രയോ അധികംപേർ അറിയപ്പെടാത്തവരായുണ്ട്. സമരത്തിലൂടെ, ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിലൂടെയാണ് ശക്തരാകേണ്ടതെന്ന ആ തിരിച്ചറിവിനെ ഇന്നത്തെ ദുഷ്ക്കരമായ പരിതഃസ്ഥിതികളിലും കെട്ടുപോകാതെ സൂക്ഷിക്കുന്നവരിൽ നല്ലൊരുപങ്ക് സ്ത്രീകളുണ്ടെന്നകാര്യം അഭിമാനത്തോടുകൂടി പറയാം.


float
float


കൂടുതൽ ആലോചനയ്ക്ക്

സ്ത്രീകൾ സമരത്തിനും രാഷ്ട്രീയത്തിനും പുറത്തുനിൽക്കുന്നത് സ്വാഭാവികകാര്യംമാത്രമാണെന്ന മുൻവിധി പ്രബലചരിത്രരചനാരീതികളിൽ ഒരുകാലത്ത് ശക്തമായിരുന്നു. 'നിഷ്പക്ഷചരിത്ര'രചനയിൽ ചില 'മഹതികൾ' മാത്രമെ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ, ഭൂരിപക്ഷത്തിന് അപവാദമായി. 'സ്ത്രീകളുടെ സമരപങ്കാളിത്തവും രാഷ്ട്രീയപങ്കാളിത്തവും കുറഞ്ഞിരിക്കുന്നതെന്തുകൊണ്ട്?' എന്ന ചോദ്യംതന്നെ അപ്രസക്തമാണെന്ന വാദം ഇതിനുപിന്നിലുണ്ട്. സ്ത്രീപങ്കാളിത്തം കുറവായിരുന്നുവെന്ന ധാരണയെ സ്ത്രീചരിത്രം വിമർശനാത്മകമായി പരിശോധിക്കുന്നു. എല്ലാ സമരങ്ങളിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും സ്ത്രീകൾ ഒരുപോലെ കുറവായിരുന്നില്ലെന്നും സ്ത്രീപങ്കാളിത്തം ഏറുന്നതും കുറയുന്നതുംമാത്രം നോക്കാതെ അതിനുപിന്നിൽ പ്രവർത്തിച്ച ഘടകങ്ങളേത്, അതിന്റെ പശ്ചാത്തലമെന്ത് തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കണമെന്നും സ്ത്രീചരിത്രരചനകൾ ആവശ്യപ്പെടുന്നു. ലിംഗപ്രത്യേകതകൾ അപ്രസക്തമായ ഒരു പൊതുവിടമല്ല, ആയിരുന്നില്ല ഇവിടുത്തേതെന്നും, അതിന്റെ ചരിത്രം പഠിക്കണമെങ്കിൽ, അതു രൂപീകരിക്കപ്പെട്ടതെങ്ങനെ എന്നറിയണമെങ്കിൽ, മാറിവരുന്ന ലിംഗബന്ധങ്ങളുടെ ചരിത്രം പഠിച്ചേ മതിയാവൂ എന്നും ഈ കൃതികൾ പ്രഖ്യാപിക്കുന്നു. ⚫

236

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/236&oldid=162879" എന്ന താളിൽനിന്ന് ശേഖരിച്ചത്