താൾ:Kulastreeyum Chanthapennum Undayathengane.djvu/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രവർത്തനത്തെക്കുറിച്ചു പറഞ്ഞത്. കുടുംബങ്ങൾക്കുള്ളിൽ സ്ത്രീകൾ സഹിച്ച ത്യാഗവും കടുത്ത പൊലീസ് മർദ്ദനത്തിനെതിരെ പിടിച്ചുനിന്ന അവരുടെ സഹനവും ചില ആത്മകഥകളിലെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്. - ദേവയാനി കുഞ്ഞമ്പുവിന്റെ ചോരയും കണ്ണീരും നനഞ്ഞ വഴികൾ അവയിലൊന്നാണ്. ജയിലിൽപോയ മുതിർന്ന സ്ത്രീനേതാക്കൾ ധനശക്തിയുള്ളവരായിട്ടുപോലും മർദ്ദനത്തിൽനിന്നൊഴിവായില്ല - കെ.ആർ. ഗൗരിയമ്മയുടെ അനുഭവങ്ങൾ അതു വ്യക്തമാക്കുന്നു.

സുശീലാ ഗോപാലൻ
കേരളത്തിലെ കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഗൗരിയമ്മയ്ക്കൊപ്പം നിൽക്കുന്ന പേരാണ് സുശീലാ ഗോപാലന്റേത്. സ്ത്രീതൊഴിലാളികളുടെ വീട്ടുത്തരവാദിത്വങ്ങൾക്കും വീട്ടിനുള്ളിൽ അവർക്കു നടത്തേണ്ടിവന്ന ചെറുത്തുനിൽപ്പുകൾക്കും തൊഴിലിടത്ത് അവരനുഭവിച്ച ചൂഷണത്തോളംതന്നെ ഗൗരവംകൽപിക്കുന്ന പ്രവർത്തനശൈലിയുടെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലാളിപ്രസ്ഥാനത്തിലും ഇടതുസ്ത്രീപ്രസ്ഥാനത്തിലും ദീർഘകാലം പ്രവർത്തിച്ച അവർ, ഒരുപക്ഷേ മറ്റാരെക്കാളും, ബോധവതിയായിരുന്നു. കയർതൊഴിലാളി ഫെഡറേഷന്റെ പ്രസിഡന്റായിരിക്കേ 1983ൽ മീരാ വേലായുധന് നൽകിയ അഭിമുഖത്തിൽ അവർ ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്. തൊഴിലാളിസ്ത്രീകൾ സ്ത്രീപ്രസ്ഥാനത്തിലും സജീവമാകേണ്ടതുണ്ടെന്നും രാഷ്ട്രീയനേതൃത്വം സ്ത്രീകളുടെ സവിശേഷ ആവശ്യങ്ങളെ പരിഗണിക്കുമെന്ന് ഉറപ്പുവരുത്താൻ ഇത് വളരെ ആവശ്യമാണെന്നും അവർ വാദിച്ചു. സ്ത്രീകളുടെ രാഷ്ട്രീയവൽക്കരണം അവരുടെമാത്രം ആവശ്യമല്ലെന്നും ഒരു സ്ത്രീ രാഷ്ടീയത്തിൽ താൽപര്യമെടുത്തുതുടങ്ങിയാൽ കുടുംബമാകെ രാഷ്ട്രീയവൽക്കരിക്കപ്പെടുമെന്നും അവർ നിരീക്ഷിക്കുന്നു.

കുടുബത്തിൽ സ്ത്രീകൾചെയ്യുന്ന ജോലികൾ വീട്ടിനുപുറത്ത് ശമ്പളത്തിനുചെയ്യുമ്പോൾ സമൂഹം അതിനു മതിയായ വിലകൽപിക്കാൻ തയ്യാറാകുന്നില്ലെന്നാണ് അംഗണവാടി ജീവനക്കാരികളുടെയും സാമൂഹ്യസുരക്ഷാരംഗത്തും വികസനരംഗത്തും പ്രവർത്തിക്കുന്ന അനേകായിരം സ്ത്രീകളുടെയും അനുഭവം. തൊഴിലാളികളെന്ന നിലയ്ക്കുതന്നെ ഇക്കൂട്ടരെ സംഘടിപ്പിക്കാൻ മുൻകൈയെടുത്തത് സുശീലാ ഗോപാലനാണ്. താൻ കടന്നുപോയ കാലത്ത് ഇടതുരാഷ്ട്രീയത്തിലേക്കുവന്ന സ്ത്രീകൾ കുടുംബത്തിന്റെ വിലക്കുകളോടും സംഘടനയിലെ ആൺകോയ്മയോടും ഒരുപോലെ മല്ലിടുന്നത് അവർ ധാരാളം കണ്ടിരുന്നു. ഗൗരിയമ്മ, കൂത്താട്ടുകുളം മേരി തുടങ്ങിയ ചുരുക്കം ചിലർ മിക്ക കടമ്പകളും കടന്നെങ്കിലും മറ്റുപലർക്കും അതിനു കഴിഞ്ഞില്ല. പലപ്പോഴും ജീവിതത്തിലുണ്ടായിരുന്ന എല്ലാ സുരക്ഷയും നഷ്ടപ്പെട്ട സ്ഥിതിവരെ പലർക്കുമുണ്ടായി. 1948ൽ തിരുവിതാംകൂർ നിയമസഭയ്ക്കുള്ളിൽ ദിവാൻഭരണത്തിനെതിരെ മുദ്രാവാക്യം മുഴക്കിയ പി. ജെ. ഏലിയാമ്മ, പി.കെ. മേരി എന്നിവർ തൊഴിലാളിസംഘടനാപ്രവർത്തകരും ഫാക്ടറിക്കമ്മറ്റി അംഗങ്ങളുമായിരുന്നു. ഈ സംഭവത്തിനു ശേഷം മേരിയെ അവരുടെ ഭർത്താവ് വീട്ടിൽനിന്നു അടിച്ചിറക്കിവിട്ടത്രെ. അവർ രോഗിയായിത്തീരുകയും അധികം താമസിയാതെ മരിക്കുകയുംചെയ്തു. അറസ്റ്റുചെയ്യപ്പെട്ടു ജയിലിലായ കാലത്ത് ഇവരുടെ മക്കളെ സംരക്ഷിച്ചത് അമ്പലപ്പുഴ താലൂക്ക് മഹിളാസംഘത്തിന്റെ പ്രസിഡന്റായിരുന്ന കാളിക്കുട്ടി ആശാട്ടിയായിരുന്നെന്ന് മീരാ വേലായുധൻ പറയുന്നു.

ഇത്രയും കാണുമ്പോൾ ഒരു ചോദ്യം തീർച്ചയായും നമ്മുടെ മനസ്സിലവശേഷിക്കും. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിലെ തൊഴിലാളികൾ ബഹുഭൂരിപക്ഷവും സ്ത്രീകളാണെന്നിരിക്കെ, തൊഴിലാളിസ്ത്രീകളുടെ സമരപാരമ്പര്യം ഈവിധം ഉജ്ജ്വലമാണെന്നിരിക്കെ, തൊഴിലാളിപ്രസ്ഥാനത്തിന്റെ തലപ്പത്ത് സ്ത്രീകൾ എന്തുകൊണ്ടെത്തിയില്ല? 1950കളിലെ ജനയുഗം പത്രം തൊഴി


231


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/231&oldid=162874" എന്ന താളിൽനിന്ന് ശേഖരിച്ചത്