താൾ:Kulastreeyum Chanthapennum Undayathengane.djvu/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലാളിസമരങ്ങളെക്കുറിച്ചു പ്രസിദ്ധീകരിച്ച വിവരണങ്ങൾ പരിശോധിച്ചാൽ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകുമെന്ന് കേരളത്തിലെ കശുവണ്ടിത്തൊഴിലാളിസ്ത്രീകളുടെ ചരിത്രകാരിയായ അന്നാ ലിന്റ്ബർഗ് ചൂണ്ടിക്കാണിക്കുന്നു. സമരങ്ങളുടെ ഇടം പുരുഷന്മാരുടേതാണെന്ന നിശബ്ദമെങ്കിലും ശക്തമായ അടിസ്ഥാനധാരണയാണ് ഈ വിവരണങ്ങളുടേതെന്ന് അന്ന വാദിക്കുന്നു. സമരങ്ങളുടെ മുൻനിരയിൽ ധാരാളം സ്ത്രീകളുണ്ടായിരുന്നുവെന്നതിൽ യാതൊരു സംശയവുമില്ല. ഉദാഹരണത്തിന് 1960കളിൽ കശുവണ്ടിമേഖലയിലെ തൊഴിലാളികളിൽ 90 ശതമാനത്തിലധികവും സ്ത്രീകളായിരുന്നു. എന്നാൽ സമരങ്ങളുടെ വിവരണത്തിൽ പലപ്പോഴും അവർ 'ഉപഘടക'മായാണ് കരുതപ്പെടുന്നത്. നേതാക്കന്മാരുടെ പ്രസംഗങ്ങൾ, പോലീസ് നടപടി മുതലായവ വിവരിച്ചശേഷം 'നൂറുകണക്കിന് തൊഴിലാളിസ്ത്രീകളും സമരത്തിൽ പങ്കെടുത്തു'വെന്ന് ഒഴുക്കൻമട്ടിൽ പറഞ്ഞുപോകുന്ന വിവരണങ്ങളാണ് ഇവയിലധികവും. സ്ത്രീസമരങ്ങളെന്നുതന്നെ വിശേഷിപ്പിക്കാമായിരുന്ന കശുവണ്ടിത്തൊഴിലാളി സമരങ്ങളിൽ ഇത്രയധികം പുരുഷന്മാർ എങ്ങനെ കടന്നുകൂടിയെന്നതിനെക്കുറിച്ച് 1940കൾമുതൽ ഈ മേഖലയിൽ സംഘടനാപ്രവർത്തനം നടത്തിയ ഗോമതി, അന്നാ ലിന്റ്ബർഗിനോടു പറയുന്നു:

... സാധാരണ ഞങ്ങൾ ഒരു സത്യാഗ്രഹം നടത്തുമ്പോഴോ അല്ലെങ്കിൽ വഴിയോ ഫാക്ടറിവാതിലോ കെട്ടിടമോ ഉപരോധിക്കുമ്പോഴോ അണ്ടിതല്ലുകയും തൊലിക്കുകയും ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരുമായ തൊഴിലാളികളിൽ മിക്കവരും പങ്കെടുക്കുമായിരുന്നു... നിങ്ങൾ പത്രത്തിൽ വായിച്ചുകണ്ട പുരുഷന്മാർ, തൊഴിലാളികളായ പുരുഷന്മാരെ ഒഴിച്ചാൽ, രണ്ടുതരമായിരുന്നു. ആദ്യത്തേത് ഞങ്ങളുടെ ഭർത്താക്കന്മാരോ സഹോദരന്മാരോ മക്കളോ അച്ഛന്മാരോ അമ്മാമന്മാരോ ഒക്കെ. അവസരംകിട്ടുമ്പോഴൊക്കെ - അവർക്കു അവസരം കിട്ടാൻ പലപ്പോഴും പ്രയാസമില്ലായിരുന്നു, കാരണം അവരിൽ പലർക്കും തൊഴിലില്ലായിരുന്നു - അവർ ഞങ്ങളോടൊപ്പം ചേർന്ന് വലിയൊരാൾക്കൂട്ടമുണ്ടാക്കിയിരുന്നു. മറ്റേതരക്കാർ രാഷ്ട്രീയപ്രവർത്തകരായിരുന്നു. വിദ്യാർത്ഥി - യുവജനസംഘടനകളിലും മറ്റു ട്രഡ് യൂണിയനുകളിലും പാർട്ടിയിലുംമറ്റും പ്രവർത്തിച്ചവർ. അവരും ഞങ്ങളോട് ഐക്യദാർഢ്യം കാട്ടിയിരുന്നു. അതുകൊണ്ടാണ് സ്ത്രീകളുടെ സമരത്തിൽ ഇത്രയധികം പുരുഷന്മാരെ നിങ്ങൾ കണ്ടത്.

(Experience and Identity, പുറം. 275)


അടിയന്തരാവസ്ഥയുടെ ഓർമ്മകളും ഓർമ്മനഷ്ടവും
അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് മലയാളിക്കുള്ള ഓർമ്മകൾ മുഴുവൻ സമരനേതാക്കന്മാരെയും വീരനായകന്മാരെയും ചുറ്റിനിൽക്കുന്നവയാണ്. ആ കാലത്ത് സർക്കാരിനെ നേരിട്ടു വെല്ലുവിളിക്കാൻ തയ്യാറായി ജയിലിൽപോയ കശുവണ്ടിസ്ത്രീകൾക്ക് ഇന്നും ചരിത്രത്തിൽ ഇടമില്ല. അവർ അതിന്റെ പേരിൽ പെൻഷൻ വാങ്ങാൻ ആരുടെയും മുന്നിൽ കൈനീട്ടാത്തതുകൊണ്ടാകാം!

ലിന്റ്ബർഗുമായി നടത്തിയ അഭിമുഖത്തിൽ അന്ന് വെറും പതിനെട്ടു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന രാജി എന്ന തൊഴിലാളിവനിത തന്റെ അനുഭവം പങ്കുവയ്ക്കുന്നു:

പാർട്ടിയിലെ പുരുഷസഖാക്കളിൽ ചിലർ ഞങ്ങളോട് കശുവണ്ടി തൊഴിലാളികളുടെ ഒരു പ്രകടനം സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടു. കളക്ടറേറ്റിൽ ചെന്ന് തടവിലാക്കപ്പെട്ട നേതാക്കളുടെ മോചനം ആവശ്യപ്പെടാൻ അവർ നിർദ്ദേശിച്ചു. മറ്റെല്ലാ കശുവണ്ടിഫാക്ടറികളിൽനിന്നും പെണ്ണുങ്ങൾ വന്നു. ഇരുപതുസ്ത്രീകളടങ്ങുന്ന ബാച്ചുകളായിട്ടാണ് ഞങ്ങൾ പോയത്. അങ്ങനെ ഞങ്ങൾ കളക്ടറേറ്റിന്റെ ഹാളിൽ സംഘമായി കടന്നു, അറസ്റ്റുചെയ്യപ്പെട്ടു. അപ്പോൾ നേതാക്കൾ പുതിയപുതിയ ബാച്ചുകളെ ആയച്ചുകൊണ്ടേയിരുന്നു, ഒടുവിൽ കൊല്ലം ജയിൽ നിറഞ്ഞുകവിഞ്ഞു. ഞങ്ങൾക്ക് നേതാക്കളെ പിൻതാങ്ങാൻ സമ്മതമായിരുന്നു. ബോംബെയിൽകൊണ്ടുപോയി വേശ്യകളാക്കുമെന്ന് പോലീസുകാർ ഭീഷണിപ്പെടുത്തിയെങ്കിലും ഞങ്ങൾ പേടിച്ചില്ല.

...അടിയന്തരാവസ്ഥ തിരിച്ചുവരണമെന്ന് ഞാൻ പറയില്ല, പക്ഷേ ഒരുതരത്തിൽ അതൊരു മഹത്തായ കാലമായിരുന്നു. അന്നെനിക്കു ചെറുപ്പമായിരുന്നു, ഈ രാഷ്ട്രീയയുദ്ധത്തിന്റെ ഒത്തനടുക്കു നിൽക്കാൻ കഴിഞ്ഞത് കോരിത്തരിപ്പിക്കുന്ന അനുഭവമായിരുന്നു. എനിക്കെന്തോ ഭയങ്കരശക്തി കൈവന്നുവെന്ന തോന്നലായിരുന്നു. എനിക്കത് വലിയ ആനന്ദമായിരുന്നു. ഞാൻ ഒരു പ്രധാനപ്പെട്ട ആളാണെന്നു തോന്നി, ഞാൻ ഈ രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്തെന്ന തോന്നൽ — ആ കാലം ഒരിക്കലും തീരാതിരുന്നെങ്കിൽ എന്നു തോന്നിപ്പോകുന്നു.
(Anna Lindberg, Experience and Identity, പുറം 236)


1950കളിൽത്തന്നെ തൊഴിലാളിസ്ത്രീകളെ 'വെറും വീട്ടമ്മമാരാ'ക്കി മാറ്റുന്ന പ്രക്രിയകൾ സജീവമായിത്തുടങ്ങിയെന്ന് ലിന്റ്ബർഗ് നിരീക്ഷിക്കുന്നുണ്ട്. പുരുഷതൊഴിലാളികൾ കുടുംബനാഥന്മാരാണെന്നും വീടുപോറ്റുന്ന ഉത്തരവാദിത്തം അവർക്കാ

232

സ്ത്രീകളും സമരങ്ങളും


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/232&oldid=162875" എന്ന താളിൽനിന്ന് ശേഖരിച്ചത്