താൾ:Kulastreeyum Chanthapennum Undayathengane.djvu/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പാടത്തിൽനിന്ന്/തറവാട്ടിൽനിന്ന് ഫാക്ടറിയിലേക്ക്
അക്കാലത്ത് കൃഷിയിലും കശുവണ്ടി, കയർ പോലെയുള്ള വ്യവസായങ്ങളിലും പണിയെടുത്തിരുന്നവരിൽ വളരെ വലിയൊരു ശതമാനം സ്ത്രീകളായിരുന്നു. കർഷകത്തൊഴിലാളിസ്ത്രീകളായിരുന്നു ഫാക്ടറികളിൽ അധികവും എത്തിയിരുന്നത്. പുലയ-കുറവസമുദായക്കാരായിരുന്നു ഇവരിൽ അധികംപേരും. ഈ ചുവടുമാറ്റത്തിന്റെ നല്ലൊരു ചിത്രം ലിന്റ്ബർഗ് നടത്തിയ അഭിമുഖങ്ങളിൽനിന്നു തെളിയുന്നുണ്ട്. 1920തിനടുത്തു ജനിച്ച കുറവസമുദായാംഗമായ ഒരു സ്ത്രീയുടെ ജീവിതകഥയിൽ നിന്ന്:

ഞാനെപ്പഴാണ് ജനിച്ചതെന്ന് എനിക്കറിയില്ല — അപ്പോൾ രാജഭരണമായിരുന്നു. ജന്മിയുടെ വയലിലെ കുടിയിൽ അപ്പനമ്മമാരോടും സഹോദരങ്ങളോടും അമ്മൂമ്മയോടുമൊത്താണ് കുട്ടിക്കാലം കഴിഞ്ഞത്. എല്ലാവരും പാടത്ത് പണിക്കുപോയിരുന്നു. ഞാനും കളപറിക്കാൻപോയിരുന്നു. കൂലിയായി കിട്ടിയിരുന്നതു നെല്ലാണ്. ... അപ്പനമ്മമാർക്ക് പണികിട്ടാതെ കഷ്ടപ്പെട്ട സമയം... ഞാൻ കുട്ടിയായിരുന്നപ്പം... ഓർക്കുന്നു.

പിന്നെ ഒരു ദിവസം - എനിക്കു ഏഴു വയസ്സുള്ളപ്പോൾ - അമ്മ എന്നെ അണ്ടിഫാക്ടറിയിൽ കൊണ്ടുപോയി. കുറേദൂരം... നടന്നാണ് പോയത്. ചുറ്റുവട്ടത്തുള്ള പെണ്ണുങ്ങളും കുട്ടികളും കുറച്ചാണുങ്ങളും ഒപ്പമുണ്ടായിരുന്നു. മിക്കവരും ഞങ്ങളുടെ ജാതിക്കാരോ പുലയരോ ആയിരുന്നു. അമ്മ അണ്ടിതല്ലിയപ്പോൾ ഞാൻ അടുത്തിരുന്നു. അതുചെയ്യാൻ അമ്മ എന്നെ പഠിപ്പിച്ചു, ഞാൻ ദിവസംമുഴുവൻ അണ്ടിതല്ലി. പക്ഷേ അമ്മയുടെ അടുത്തായി ചാക്കിൽ കിടന്നിരുന്ന കൊച്ചനുജനെ നോക്കുന്ന പണിയും എനിക്കായിരുന്നു. ... ഞാനാദ്യം പണിക്കുപോയത് ഒരു വിദേശിയുടെ ഫാക്ടറിയിലായിരുന്നു. എനിക്കവിടം തീരെ ഇഷ്ടമല്ലായിരുന്നു - ഭയങ്കര ചിട്ടയും ശിക്ഷയും ഒക്കെയായിരുന്നു. ഒരു ദിവസം വിശപ്പുകൊണ്ട് ഞാൻ ഒരു അണ്ടിപ്പരിപ്പു തിന്നുപോയി. എന്നെ ഉടമയുടെ ആൾ പിടികൂടി, തല്ലി, വലിച്ചിഴച്ചു ഫാക്ടറിയുടെ പുറത്തുതള്ളി. പിന്നുള്ള രണ്ടാഴ്ച ഞാൻ അമ്മ വരുംവരെ പുറത്തു കാത്തുനിന്നു. കൂലി കുറവായിരുന്നു, പക്ഷേ പണമായിട്ടു കിട്ടും... മാത്രമല്ല, എന്നും പണികിട്ടി. വളരെക്കാലം ഞങ്ങൾ ഞായറാഴ്ചയും പണിക്കുപോകുമായിരുന്നു. പ്രത്യേകിച്ചു ജോലിസമയമില്ലായിരുന്നു. ഞങ്ങൾ വെളുക്കും മുതൽ ഇരുട്ടുംവരെ പണിയെടുത്തു. മടങ്ങുമ്പോഴേക്കും ഇരുട്ടിയിരിക്കും, ചൂട്ടുംകത്തിച്ചാണ് പോരുന്നത്...

ഏതാണ്ടിതേ പ്രായമുള്ള നായർ സമുദായാംഗമായ മറ്റൊരു തൊഴിലാളിസ്ത്രീയുടെ അനുഭവം മറ്റൊരു വിധത്തിലുള്ളതാണ്:

....ഞാൻ 1920ൽ കൊല്ലത്തു ജനിച്ചു. നാലുവർഷം പള്ളിക്കൂടത്തിൽ പോയി, പക്ഷേ പന്ത്രണ്ടാംവയസ്സിൽ വീട്ടിനടുത്തുണ്ടായിരുന്ന അണ്ടിഫാക്ടറിയിൽ പോയിത്തുടങ്ങി. അച്ഛനു പണിയൊന്നും ഇല്ലായിരുന്നു... അമ്മൂമ്മയുടെ കാലത്ത് ഒരുപാടു ഭൂമിയുണ്ടായിരുന്നു. അതു ഭാഗംവച്ചപ്പോൾ ഓരോരുത്തർക്കും കുറച്ചേ കിട്ടിയുള്ളു... ആ ഭൂമിയിൽ അച്ഛൻ വീടുപണിതു. പക്ഷേ ഞങ്ങൾ ദരിദ്രരായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അമ്മയും സഹോദരിമാരും ഞാനും അണ്ടിഫാക്ടറിയിൽ പോയത് ... ഞങ്ങളുടെ ജാതിയിൽപ്പെട്ട സ്ത്രീകൾ ഇതുപോലുള്ള സ്ഥലങ്ങളിൽ പോകുന്നതേ അപൂർവ്വമായിരുന്നു. പക്ഷേ, 1930കളിൽ ഭയങ്കര പട്ടിണിയായിരുന്നു. മിക്ക നായർ സ്ത്രീകളും വീട്ടിലിരുന്ന് കയർപിരിക്കുകയോ തയ്ക്കുകയോ ഒക്കെ ചെയ്തിരുന്നു.


229


സ്ത്രീകളും സമരങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/229&oldid=162871" എന്ന താളിൽനിന്ന് ശേഖരിച്ചത്