താൾ:Kulastreeyum Chanthapennum Undayathengane.djvu/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കയും ചെയ്തു. അവരിൽ എം. കാർത്ത്യായനിയമ്മ, ഇ. നാരായണിക്കുട്ടിയമ്മ, ഗ്രേസി ആരൺ, കുഞ്ഞിക്കാവമ്മ മുതലായവർ അറസ്റ്റിലായി. 'കോഴിക്കോട്ടെ സ്ത്രീകളുടെ പ്രതിഷേധപ്രകടനം' ദീപികയുടെ പത്രാധിപക്കുറിപ്പിനു വിഷയമായി (21 നവം. 1930) - ബോംബെയിൽ നടന്ന പൊലീസാക്രമണത്തെ അപലപിച്ചെങ്കിലും സ്ത്രീകൾ ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് അകന്നുനിൽക്കുന്നതാണ് നല്ലതെന്നായിരുന്നു ദീപികയുടെ അഭിപ്രായം!

എന്തായാലും കോഴിക്കോട്ടുള്ള സ്ത്രീപ്രവർത്തകർ ഈ ഉപദേശം ചെവിക്കൊണ്ടില്ല - ഗാന്ധിയൻസമരത്തിൽ സ്ത്രീകൾക്ക് വ്യക്തമായൊരിടം ലഭിച്ചുവെന്ന തോന്നൽകൊണ്ടാകാം. 1930 നവംബറിൽ അവരുടെ പ്രതിഷേധങ്ങൾ തുടർന്നു. ചാലപ്പുറം ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനികൾ സമരത്തിനിറങ്ങി; സ്ത്രീത്തടവുകാരെ പാർപ്പിച്ചിരുന്ന ജയിലിനുമുന്നിൽ പ്രകടനംനടത്തി. 1930 അവസാനകാലത്ത് കേരളാപ്രദേശ് കോൺഗ്രസ് കമ്മിറ്റിയെ സർക്കാർ നിരോധിച്ചു. പിന്നീടുണ്ടായ സമരത്തിന്റെ വേലിയേറ്റത്തിലും സ്ത്രീകൾ മുൻനിരയിൽത്തന്നെയുണ്ടായിരുന്നു. 1931-32 കാലയളവിൽ ഗ്രേസി ആരൺ, ദേവകിയമ്മ, വേദവതിപ്രഭു, ഈശ്വരിഅമ്മാൾ, മാർഗരറ്റ് പാവമണി തുടങ്ങിയവർ സമരത്തിന്റെ 'സമുന്നതനേതാക്കളാ'യി (dictators) ഉയർത്തപ്പെട്ടു. 1931 ഫെബ്രുവരി 2-ാം തീയതി കോഴിക്കോട്ടു കടപ്പുറത്ത് ഉപ്പുനിയമലംഘനം നടന്നു - ഈശ്വരിയമ്മാളും 14 വയസ്സുകാരനായ മകനും മറ്റനവധി സ്ത്രീപ്രവർത്തകരും അറസ്റ്റുചെയ്യപ്പെട്ടു. ഇതിനിടെ ദേശീയവാദസ്ത്രീസംഘങ്ങൾ മലബാറിൽ പലയിടത്തുമുണ്ടായി. വീടുവീടാന്തരമുള്ള ഖദർപ്രചരണവും മറ്റു ഗാന്ധിയൻ നിർമ്മാണപ്രവർത്തനങ്ങളും തകൃതിയായി നടന്നു. 1931ലെ ഗുരുവായൂർസത്യാഗ്രഹത്തിലും അതിന്റെ പ്രചരണത്തിലും സ്ത്രീകൾ പ്രധാന പങ്കുവഹിച്ചിരുന്നു.

മലബാറിലെ ഗാന്ധിയൻസമരങ്ങൾ സ്ത്രീകൾക്ക് സവിശേഷമായൊരിടം നൽകിയെങ്കിലും വരേണ്യസ്ത്രീത്വത്തെയാണ് അത് പാടിപ്പുകഴ്ത്തിയത്. 'ഉത്തമകുടുംബിനി'യെന്ന പുതിയ ആശയത്തിന്റെ പരിധികൾക്കകത്തുനിന്നുകൊണ്ടാണ് ഇവിടെ സ്ത്രീകൾ ഗാന്ധിയൻസമരങ്ങളിൽ പങ്കുചേർന്നത് - 'കുടുംബസ്നേഹവും' 'സൗമ്യാധികാരവും' കുടുംബത്തിന്റെ അരികുകൾക്കപ്പുറം വ്യാപിച്ചുവെന്നുമാത്രം. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഉത്തമകുടുംബത്തിനുള്ളിൽ ഉത്തമകുടുംബിനി നിർവ്വഹിക്കേണ്ട കടമകൾ കുടുംബത്തിനു പുറത്തേക്ക്, രാജ്യത്തിലേക്ക്, വ്യാപിപ്പിക്കണമെന്നാണ് ഇവിടെ ഗാന്ധിയൻ സ്ത്രീത്വാശയങ്ങൾ ഉദ്ബോധിപ്പിച്ചത്. വിശാലരാഷ്ട്രീയരംഗത്ത് സ്ത്രീകളുടെ തുല്യപങ്കാളിത്തവും പൂർണ്ണമായ സ്ഥാനവും ഇതുകൊണ്ട് ഉറപ്പാവില്ലായിരുന്നു - ഗാന്ധിയൻ സ്ത്രീകൾ സജീവരാഷ്ട്രീയരംഗംവിട്ട് ഗാന്ധിയൻ ആശയപ്രചരണത്തിലേക്കുംമറ്റും ചേക്കേറിയത് വെറുതെയല്ല. 'ഉത്തമസ്ത്രീ'യെ നിർണ്ണയിച്ച ബ്രാഹ്മണസദാചാരമൂല്യവ്യവസ്ഥയ്ക്കുള്ളിൽ നിൽക്കുന്ന സ്ത്രീകൾക്കുമാത്രമേ നല്ല രാഷ്ട്രീയപ്രവർത്തനം സാധിക്കൂ, അവർക്കുമാത്രമേ ഗാന്ധിയൻ സമരങ്ങളുടെ മുന്നണിപ്പോരാളികളാകാൻ കഴിയൂ എന്നീ ശാഠ്യങ്ങൾ ഗാന്ധിയൻ സ്ത്രീപ്രവർത്തനത്തിന്റെ മുഖമുദ്രയായിരുന്നു.

1932ൽ തലശ്ശേരിയിൽനടന്ന ഒരു ഉപരോധസമരത്തിൽ അറസ്റ്റിലായ ശ്രീമതി കമല പ്രഭുവിന്റെ താലി സർക്കാർ അഴിച്ചുവാങ്ങിയതിനെത്തുടർന്നുണ്ടായ ഒച്ചപ്പാടിൽ ഇതു വ്യക്തമാകുന്നുണ്ട്. താലി പാതിവ്രത്യത്തിന്റെ ചിഹ്നമാണെന്നും അതഴിച്ചുമാറ്റുന്നത് സ്ത്രീയെ വിധവയാക്കുന്നതിനു സമമാണെന്നുമായിരുന്നു ദേശീയവാദികളുടെ പ്രചരണം. ഈ പ്രശ്നം ബ്രിട്ടിഷ് നിയമനിർമ്മാണസഭവരെ എത്തുകയും, ഒടുവിൽ താലി അഴിപ്പിച്ച മജിസ്ട്രേട്ട് മാപ്പുപറയുകയും ചെയ്തു. താലി എന്ന ആഭരണത്തെ വിവാഹിത തന്റെ കഴുത്തിൽനിന്ന് അഴിച്ചുമാറ്റുന്നത് അപശകുനമാണെന്ന ധാരണ അന്നത്തെ കേരളത്തിൽ ശൂദ്രജാതിക്കാർക്കിടയിലും കീഴ്ജാതിക്കാർക്കിടയിലും അധികമൊന്നും പ്രചാരത്തിലില്ലായിരുന്നു. എന്നാൽ അതു തീർത്തും പുറത്തുനിന്നുവന്ന ആശയമായിരുന്നുവെന്ന് പറയാൻ കഴിയില്ല. ബ്രാഹ്മണരാണ് താലി ധാരണത്തിൽ കണിശം അധികം കാണിച്ചിരുന്നത്. ബ്രാഹ്മണ ആശയങ്ങൾ 'ദേശീയ' ആശയങ്ങളായി പരിണമിച്ചതിൽ ദേശീയപ്രസ്ഥാനം വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ചിഹ്നങ്ങൾ വഹിച്ചുകൊണ്ടാണ് ഗാന്ധിയൻ സ്ത്രീപ്രവർത്തകർ സമരങ്ങളിൽ പങ്കുചേർന്നത് - രണ്ടുമാസം പ്രായമുള്ള കൈക്കുഞ്ഞിനേയുംകൊണ്ട് ജയിലിൽപ്പോയ എ.വി. കുട്ടിമാളു അമ്മയുടെ കഥ പ്രസിദ്ധമാണല്ലോ. 'രാജ്യത്തിനുവേണ്ടി സമരം ചെയ്യുന്ന സ്ത്രീ' അല്ല, 'രാജ്യത്തിനുവേണ്ടി സമരം ചെയ്യുന്ന മാതാവ്' ആയിട്ടാണ് അവർ ചിത്രീകരിക്കപ്പെട്ടത്.

തിരുവിതാംകൂറിലെ നിവർത്തനപ്രക്ഷോഭത്തിലും അതിനുശേഷം നടന്ന ഉത്തരവാദഭരണപ്രക്ഷോഭത്തിലും ഒന്നാംതരംപ്രക്ഷോഭകാരിണികളുണ്ടായിരുന്നു - അക്കാമ്മ ചെറിയാൻ, ആനി മസ്ക്രീൻ. 1938ൽ ശ്രീചിത്തിരതിരുനാളിന്റെ പിറന്നാൾദിനത്തിൽ അക്കാമ്മ ചെറിയാൻ നയിച്ച പ്രകടനത്തെ കേണൽ വാറ്റ്കിൻസ് തടഞ്ഞതും പിരിഞ്ഞുപോകാൻ വിസമ്മതിച്ച അവർക്കുനേരെ വെടിവെക്കുമെന്നു ഭീഷണിപ്പെടുത്തിയതും അതിനുമുമ്പ്


225


സ്ത്രീകളും സമരങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/225&oldid=162867" എന്ന താളിൽനിന്ന് ശേഖരിച്ചത്