Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന്റെ നെഞ്ചിലേക്കു നിറയൊഴിക്കാൻ വാറ്റ്കിൻസിനെ അവർ വെല്ലുവിളിച്ചതുമൊക്കെ അന്ന് തിരുവിതാംകൂറിൽ വീരകഥകളായിരുന്നു. ആനി മസ്ക്രീനിനെക്കുറിച്ച് 1948ൽ പൊൻകുന്നം വർക്കി വരച്ച 'തൂലികാചിത്ര'ത്തിൽ ഇങ്ങനെ പറയുന്നു:

...രാജ്യത്തെ സ്നേഹിക്കുന്നതിനുള്ള ധീരതയിൽ ഒരു സ്ത്രീയെന്നുള്ള യാതൊരു ദൗർബ്ബല്യവും അവർ സമ്മതിച്ചുതരികയില്ല. രാജ്യത്തിനുവേണ്ടിയുള്ള ക്ലേശഭാരങ്ങൾ ഒരു പുരുഷനോടൊപ്പം സമധീരതയോടുകൂടി അവർ ഏറ്റെടുക്കുന്നു. അനുഗൃഹീതമായ യൗവ്വനത്തിന്റെ ഒരു നല്ലഭാഗം അവർ ജയിൽജീവിതത്തിനു നൽകിക്കഴിഞ്ഞു. സമാധാനകാലത്തല്ല, സമരകാലത്താണ് ഏറ്റവും നല്ല സേവനോത്സുകയായി അവർ പരീക്ഷിക്കുന്നത്... ഞങ്ങളാണ് നിങ്ങളെ വലുതാക്കിയത് എന്ന് ആരെങ്കിലും ബുദ്ധിഹീനന്മാർ അവരോടു പറകയാണെങ്കിൽ ഉടനെ അവർ പറകയായി: നിങ്ങളല്ല, എന്റെ സേവനങ്ങൾമാത്രമേ എന്നെ വലുതാക്കൂ എന്ന്.

(പൊൻകുന്നം വർക്കി, തൂലികാചിത്രങ്ങൾ, കോട്ടയം, 1999, പുറം 94)


എ.വി. കുട്ടിമാളു അമ്മ
1930ലെ ഉപ്പുസത്യാഗ്രഹത്തോടെയാണ് എ.വി. കുട്ടിമാളു അമ്മ മലബാറിലെ ദേശീയപ്രസ്ഥാനത്തിൽ സജീവമായത്. കോഴിപ്പുറത്തു മാധവമേനോൻ എന്ന സജീവ കോൺഗ്രസ് പ്രവർത്തകനെ വിവാഹംകഴിച്ച അവർ ദേശീയസമരത്തിന്റെ മുന്നണിപ്രവർത്തകയായി. വിദേശവസ്ത്രങ്ങൾ വിൽക്കുന്ന കടകൾ പിക്കറ്റുചെയ്യുന്നതിലും ഖാദി-നൂൽനൂൽപ്പ് പ്രചരണത്തിലും അവർ മുന്നിലായിരുന്നു. രണ്ടാം നിയമലംഘനപ്രസ്ഥാനകാലത്ത് നിരോധനാജ്ഞ ലംഘിച്ച് പ്രകടനംനയിച്ചതിന് കോടതി അവർക്ക് രണ്ടുവർഷത്തെ കഠിനതടവുശിക്ഷ ലഭിച്ചു. മാസങ്ങൾമാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെയുംകൊണ്ടാണ് അവർ ജയിലിൽ പോയത്. 1940ലും അതിനുശേഷം 1942ലെ ക്വിറ്റ് ഇന്ത്യാസമരത്തിലും സജീവമായി പങ്കെടുത്തു. ഗാന്ധിയൻ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട്ടു പ്രവർത്തിച്ച അനാഥാലയവും വെള്ളിമാടുകുന്നിലെ ശിശുമന്ദിരവും സ്ഥാപിച്ചത് അവരുടെ മേൽക്കൈയിലായിരുന്നു. സംഘടനയ്ക്കകത്തും നേതൃസ്ഥാനങ്ങൾ അവർക്കു കൈവന്നു. മലബാർ (മലയാള)പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷയായിരുന്നു. കോഴിക്കോട്ടു നഗരസഭാകൗൺസിലറായിരുന്നു. മദ്രാസ് നിയമനിർമ്മാണയിൽ രണ്ടുതവണ അംഗമായിരുന്നു.


1949ൽ തിരുവിതാംകൂറിലെ ദിവാൻഭരണവിരുദ്ധസമരം തീവ്രമായിത്തീർന്നപ്പോൾ തിരുവിതാംകൂർ നിയമസഭാമന്ദിരത്തിനകത്തുകടന്ന് ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ 'അമേരിക്കൻ മോഡൽ' ഭരണഘടനയ്ക്കെതിരെ മുദ്രാവാക്യംമുഴക്കിയ കുറ്റത്തിന് പൊലീസ് അറസ്റ്റുചെയ്തുനീക്കിയ നാലുപേരിൽ രണ്ടുപേർ സ്ത്രീകളായിരുന്നു - പി.കെ. മേരിയും പി.ജെ. ഏലിയാമ്മയും. ആ സമയത്ത് നിയമസഭാംഗമായിരുന്ന അക്കാമ്മ ചെറിയാൻ അവരെ പൊലീസുകാരുടെ മർദ്ദനത്തിൽനിന്ന് രക്ഷപ്പെടുത്തിയത്രെ .> കാണുക പുറം 229 <

ചുരുക്കിപ്പറഞ്ഞാൽ സ്ത്രീകളുടെ സമരപങ്കാളിത്തത്തിന്റെ രണ്ടു മാതൃകകളാണ് ദേശീയപ്രസ്ഥാനത്തിൽനിന്ന് ഉരുത്തിരിഞ്ഞുവന്നത്. ഒന്ന് 'സ്ത്രീധർമ്മ'ത്തെയും 'സ്ത്രീസ്വഭാവ'ത്തെയും അടിസ്ഥാനപരമായി ചോദ്യംചെയ്യാത്ത രീതി. ആധുനികകുടുംബിനിയുടെ ക്ഷമ, ദയ, സ്നേഹം, അഹിംസ ആദിയായ 'സഹജഗുണങ്ങളെ' ദേശീയ താൽപര്യത്തിനുവേണ്ടി വിനിയോഗിക്കുന്ന രീതിയായിരുന്നു ഇത്. പുരുഷന്മാരിൽനിന്നു വ്യത്യസ്തരായി, 'സ്ത്രീഗുണം' തികഞ്ഞവരായി സ്ത്രീപ്രവർത്തകർ പ്രത്യക്ഷപ്പെട്ടു. ഈ 'സ്ത്രീഗുണങ്ങൾ' നിർവ്വചി

226

സ്ത്രീകളും സമരങ്ങളും


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/226&oldid=162868" എന്ന താളിൽനിന്ന് ശേഖരിച്ചത്