തിരുവിതാംകൂറിൽ, പക്ഷേ, സ്ത്രീകളെ സമരരംഗത്ത് എത്തിച്ചത് ദേശീയപ്രസ്ഥാനമല്ല, ജാതിവിരുദ്ധസമരമായിരുന്നു. ഇവിടുത്തെ കീഴ്ജാതിക്കാരുടെ പൗരാവകാശങ്ങൾക്കുവേണ്ടി - പൊതുവഴിയിലൂടെ അവർക്ക് സ്വതന്ത്രരായി നടക്കാനുള്ള അവകാശത്തിനുവേണ്ടി - അരങ്ങേറിയ വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ചുകൊണ്ട് തിരുവിതാംകൂറിന്റെ പലഭാഗത്തും 1924ൽ നടന്ന പൊതുയോഗങ്ങളിൽ വളരെ സ്ത്രീകൾ പങ്കെടുത്തു. വൈക്കം സത്യാഗ്രഹത്തിൽ യോഗങ്ങളിലും സത്യാഗ്രഹികൾക്കുവേണ്ടിയുള്ള സൗജന്യഭക്ഷണശാലകളിലും സ്ത്രീകളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. മയ്യനാട്ടുള്ള സ്ത്രീകൾ 'പിടിയരി'സംഭാവനകളിലൂടെ നല്ലൊരു തുക ശേഖരിച്ച് സത്യാഗ്രഹഫണ്ടിനു നൽകി. പിൽക്കാലത്ത് അറിയപ്പെട്ട സാമൂഹ്യപ്രവർത്തകകളായിത്തീർന്ന പലരും ഈ സമരത്തിലൂടെ രംഗപ്രവേശം ചെയ്തവരാണ്. ചേർത്തലയിലെ കരപ്പുറം ഈഴവയുവജനസംഘത്തിന്റെ യോഗത്തിൽ പ്രസംഗിച്ച മുതുകുളം പാർവ്വതിയമ്മ പിൽക്കാലത്ത് ഈഴവസമുദായപ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകയും അറിയപ്പെട്ട കവിയുമായിത്തീർന്നു.
1930ൽ ആരംഭിച്ച നിയമലംഘനപ്രസ്ഥാനത്തിൽ മലബാർ പ്രദേശത്തെ അഭ്യസ്തവിദ്യരായ വരേണ്യവനിതകൾ സജീവമായ പങ്കുവഹിച്ചു. ഗാന്ധിയൻ ആശയങ്ങളാൽ പ്രേരിതരായ നിരവധി സ്ത്രീകൾ സർക്കാരിനെതിരെ പ്രകടനം നടത്താനും ഉപരോധസമരങ്ങളിൽ പങ്കുചേരാനും വർഷംതോറും കോഴിക്കോട്ടു നഗരത്തിൽ വിജയകരമായി സ്വദേശിപ്രദർശനമേളകൾ സംഘടിപ്പിക്കാനും ഹിന്ദിഭാഷ പ്രചരിപ്പിക്കാനുംമറ്റും മുന്നിട്ടിറങ്ങിയിരുന്നു. 1930 ആഗസ്റ്റ് 30ന് തടവിലടയ്ക്കപ്പെട്ടവർക്കുവേണ്ടിയുള്ള ദിനാചരണത്തിന്റെ ഭാഗമായി കടകമ്പോളങ്ങളടപ്പിക്കുന്നതിൽ സ്ത്രീസംഘങ്ങൾ ഉത്സാഹത്തോടെ പ്രവർത്തിച്ചു. എന്നാൽ ബോംബെയിൽ വനിതാസത്യാഗ്രഹികൾക്കെതിരെ പൊലീസ് അതിക്രമമഴിച്ചുവിട്ടതിൽ പ്രതിഷേധിച്ചുകൊണ്ട് കോഴിക്കോട്ടുള്ള സ്ത്രീപ്രവർത്തകർ നടത്തിയ സമരം കേരളംമുഴുവൻ ചർച്ചാവിഷയമായിത്തീർന്നു. പ്രമുഖ സ്ത്രീപ്രവർത്തകർക്കെതിരെ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചുകഴിഞ്ഞിരുന്നു. അമ്പലത്തിൽപോകാനെന്നമട്ടിൽ വെള്ള (ഖദർ) വസ്ത്രംധരിച്ച് വഴിയിലിറങ്ങിയ മുപ്പതു സ്ത്രീകൾ ദേശീയപതാകയുമേന്തി പ്രകടനം നടത്തുകയും സർക്കാരിനെ കരിങ്കൊടി കാണിക്കു
224