താൾ:Kulastreeyum Chanthapennum Undayathengane.djvu/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ടതിനുശേഷമോ? ആദ്യം കൂട്ട അഭിനന്ദനം; പിന്നീട് 'വീട്ടീപ്പോടീ' എന്ന ആജ്ഞ - നല്ല മൃദുവായ ഭാഷയിൽ! വിമോചനസമരത്തിന്റെ വിജയത്തിനുത്തരവാദികൾ സ്ത്രീകളാണെന്നും അവരെ വരുന്ന അസംബ്ലിതെരഞ്ഞെടുപ്പിൽ വേണ്ടവിധം ആദരിക്കണമെന്നും സാക്ഷാൽ ഇന്ദിരാഗാന്ധിവരെ പറഞ്ഞെങ്കിലും ഇവിടത്തെ സമുദായനേതൃത്വം വഴങ്ങിയില്ല. 1959 ആഗസ്റ്റ് 2-ലെ ദീപികയുടെ പത്രാധിപക്കുറിപ്പ് നോക്കൂ:

നമ്മുടെ വിമോചനസമരത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധയെ പ്രത്യേകം ക്ഷണിച്ച ഒരു വസ്തുത സ്ത്രീകൾ വഹിച്ച പങ്കാണ്. തങ്ങളുടെ ആദർശങ്ങളെ കുറിക്കുന്ന മുദ്രാവാക്യങ്ങളും മുഴക്കി നിസ്സങ്കോചം മുൻപോട്ടു നീങ്ങുന്ന കേരളവനിതകൾ നമ്മുടെ പഴയ പാട്ടുകളെ അനുസ്മരിപ്പിക്കുന്നതാണ്. ഇന്നത്തെ പ്രബുദ്ധത ഈ അടിയന്തരഘട്ടംകൊണ്ടു എരിഞ്ഞടങ്ങേണ്ടതല്ല; നമ്മുടെ സാമൂഹ്യജീവിതം കെട്ടുറപ്പുള്ളതാക്കുന്നതിന് അതു നിലനിറുത്തുകതന്നെ വേണം...

... എന്നാൽ നല്ല പാരമ്പര്യവും ഭക്തിയുമുള്ള വനിതകൾ താന്തോന്നികളായി മാറണമെന്നല്ല ഇതിന്റെ അർത്ഥം... സ്ത്രീക്ക് അവളുടേതായ ഗുണങ്ങളും പരിമിതികളുമുണ്ട്... അവളുടെ മനോവ്യാപാരത്തിന്റെ പശ്ചാത്തലം പുരുഷന്റേതിൽനിന്നും തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടു പുരുഷനു യോജിക്കുന്ന പ്രവർത്തനങ്ങളിലെല്ലാം സ്ത്രീകൾ എടുത്തുചാടുന്നതു സാഹസമായിരിക്കും.... സ്ത്രീയുടെ പ്രകൃതിദത്തമായ സ്വഭാവഗുണങ്ങൾ സാമൂഹ്യസംരംഭങ്ങളിൽ അവൾക്ക് ഒരു പ്രത്യേകദൗത്യം പ്രദാനംചെയ്യുന്നുണ്ട്. പുരുഷന്റെ വൈകല്യങ്ങളെ തിരുത്തുകയും സൽസ്വഭാവങ്ങളെ പൂർത്തീകരിച്ച് നേരായ വഴിയിൽ തിരിച്ചുവിടകയുമാണ് വനിതയ്ക്കു പ്രകൃതിനൽകുന്ന പ്രത്യേകദൗത്യം...

('സ്ത്രീകളുടെ സാമൂഹ്യദൗത്യം', ആഗസ്റ്റ് 2, 1959)


റോഡിൽ അക്രമാസക്തമായ ഉപരോധസമരവും കുറ്റിച്ചൂലുയർത്തിപ്പിടിച്ച് കമ്യൂണിസത്തെ തൂത്തെറിയുമെന്ന പ്രഖ്യാപനം നടത്തിയതുംമറ്റും പുരുഷന്റെ 'സത്സ്വഭാവത്തെ പൂർത്തീകരിക്കുവാൻ' വേണ്ടിയായിരുന്നെന്ന് എങ്ങനെ വിശ്വസിക്കും! എന്തായാലും 'സ്ത്രീയുടെ പ്രത്യേകഗുണം', "പ്രത്യേകദൗത്യം', സ്ത്രീക്കു പുരുഷനുമേലുള്ള സ്വാധീനം തുടങ്ങിയ സ്ഥിരംവാദങ്ങൾ - പ്രയോഗിച്ചുകൊണ്ട് സമരത്തിനിറങ്ങിയ പെണ്ണുങ്ങൾ പൊതുവിടത്തിൽ നിൽക്കേണ്ടതില്ലെന്ന് യാഥാസ്ഥിതികസമുദായശക്തി അറിയിച്ചു! പുറകേവന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ വാക്ക് കാറ്റിൽപ്പറന്നു. (പതിനഞ്ചുശതമാനം അസംബ്ലിസ്ഥാനാർത്ഥിസ്ഥാനങ്ങൾ സ്ത്രീകൾക്കായി മാറ്റിവയ്ക്കണമെന്ന നിർദ്ദേശത്തെ ഇവിടെ കോൺഗ്രസുകാർ 1956ൽത്തന്നെ നിരാകരിച്ചുകഴിഞ്ഞിരുന്നുവെന്നുകൂടി പറയട്ടെ - കേരളാപ്രദേശ്കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ കെ. മാധവമേനോൻ സ്ത്രീസ്ഥാനാർത്ഥികൾ മുന്നോട്ടുവരാത്തതാണ് പ്രശ്നമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു!) > കാണുക പുറം 64 <


ദേശീയസമരത്തിന്റെ വേലിയേറ്റത്തിൽ സ്ത്രീകൾ

സ്ത്രീകളുടെ സമരപങ്കാളിത്തം എന്ന വിഷയം ചരിത്രപുസ്തകങ്ങളിൽ സാമാന്യേന കാണാറുള്ളത് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ഭാഗങ്ങളിലാണ്. ഗാന്ധിയൻ സമരങ്ങളാണ് സ്ത്രീകളെ വീട്ടിനുപുറത്തെത്തിച്ചതെന്ന് പറയാറുമുണ്ട്. എന്നാൽ കേരളത്തിൽ 1930കളിലെ സിവിൽനിയമലംഘനസമരത്തിൽ സ്ത്രീകൾ ധാരാളം പങ്കെടുത്തെങ്കിലും അതിനുമുമ്പുള്ള സാമ്രാജ്യത്വവിരുദ്ധസമരങ്ങളിലും അവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1921ലെ മാപ്പിളലഹളയിൽ സ്ത്രീകൾ പലപ്പോഴും ഏറ്റുമുട്ടലുകളിൽ പങ്കെടുത്തിരുന്നുവെന്ന സൂചന രേഖകളിലുണ്ട്. 1921ൽനടന്ന 'പൂക്കോട്ടൂർയുദ്ധം' എന്ന ഏറ്റുമുട്ടലിൽ ബ്രിട്ടിഷുകാരെ എതിരിട്ട മാപ്പിളമാരുടെ സംഘത്തിൽ സ്ത്രീകളുണ്ടായിരുന്നുവെന്ന് സർക്കാർരേഖകൾ വെളിപ്പെടുത്തുന്നു. പുരുഷന്മാരെ കയ്യാമംവയ്ക്കുന്നതു തടയാനും ചിലയിടത്ത് ബ്രിട്ടിഷ്‌പട്ടാളത്തെ ആക്രമിക്കാനും മാപ്പിള സ്ത്രീകൾ തയ്യാറായിയെന്ന് ഔദ്യോഗികരേഖകൾ പറയുന്നു.

പക്ഷേ, ഗാന്ധിയൻ സമരങ്ങളിലെ സ്ത്രീപങ്കാളിത്തം ഇതിനു നേർവിപരീതമായിരുന്നു. അഹിംസ സ്ത്രീകൾക്ക് സഹജമാണെന്നും അതിനാൽ അഹിംസാപരമായ സമരങ്ങളിൽ സ്ത്രീകൾക്ക് പുരുഷന്മാരെക്കാളധികം കഴിവുണ്ടാകുമെന്നുമുള്ള ഗാന്ധിയൻ ആശയം ദേശീയപ്രസ്ഥാനത്തിലേക്ക് ധാരാളം സ്ത്രീകളെ, വിശേഷിച്ചും അഭ്യസ്തവിദ്യരായ മേൽജാതിക്കാരികളെ, ആകർഷിച്ചു. നിസ്സഹകരണപ്രസ്ഥാനകാലത്തുതന്നെ ഈ തലമുറയിലെ സ്ത്രീകളിൽ പലരും ദേശീയസമരത്തിലേക്കാകർഷിക്കപ്പെട്ടിരുന്നു. അവരിൽ പലരും സർക്കാരിന്റെ നോട്ടപ്പുള്ളികളുമായി. 1921ൽ തിരുവനന്തപുരത്ത് സ്കൂളദ്ധ്യാപികയായിരുന്ന ലക്ഷ്മിക്കുട്ടിയമ്മയ്ക്കെതിരെ സർക്കാർ രഹസ്യാന്വേഷണത്തിനുത്തരവിട്ടത് ഈ പശ്ചാത്തലത്തിലായിരുന്നു. അവർ സ്കൂളിൽ സ്വദേശി പ്രചരിപ്പിക്കുന്നു, സ്കൂൾമുറികളിൽ ഗാന്ധിയെക്കുറിച്ചും നിസ്സഹകരണത്തെക്കുറിച്ചും പറയുന്നു മുതലായ പരാതികൾ സർക്കാരിനു ലഭിച്ചിരുന്നു. പിൽക്കാലത്ത് ലക്ഷ്മി എൻ. മേനോൻ എന്നറിയപ്പെട്ടത് ഈ ലക്ഷ്മിക്കുട്ടിയമ്മ ആയിരുന്നു.


223


സ്ത്രീകളും സമരങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/223&oldid=162865" എന്ന താളിൽനിന്ന് ശേഖരിച്ചത്