ആണുങ്ങളെല്ലാം ഒളിവിലായ സാഹചര്യത്തിൽ കുടുംബത്തിന്റെ സംരക്ഷണമേറ്റെടുത്ത ഉമ്മയെപ്പറ്റി പരപ്പനങ്ങാടിയിലെ കുഞ്ഞീവി എന്ന ഇമ്പിച്ചീവി വിവരിക്കുന്നുണ്ട്. വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടാതെ നോക്കാനും പട്ടാളത്തിന്റെ കണ്ണിൽപ്പെടാതെ ഒളിച്ചിരിക്കാനും ഒളിവിൽ തീരെ പട്ടിണിയാവാതിരിക്കാനും അവർ നല്ല കരുതൽചെയ്തു.
എന്നാൽ പട്ടാളക്കാരോട് ശത്രുതയും ഭീതിയും പരിഹാസവും എല്ലാമുണ്ടെങ്കിലും അവരോട് ചിലപ്പോഴൊക്കെ ഒരുതരം ഇഷ്ടവും ഈ സ്ത്രീകളുടെ ആഖ്യാനങ്ങളിൽ കാണുന്നുവെന്ന് ഷംഷാദ് നിരീക്ഷിക്കുന്നു. വ്യവസ്ഥാപിതചരിത്രത്തിൽ എല്ലാം ഒന്നുകിൽ കറുപ്പോ അല്ലെങ്കിൽ വെളുപ്പോ ആയിരിക്കണം. ഉദാഹരണത്തിന് ബ്രിട്ടിഷുകാർ മുഴുവൻ ചീത്തയും ദേശീയപ്രസ്ഥാനക്കാർ മുഴുവൻ നല്ലതും ആയിരിക്കണം. അങ്ങനെയുള്ള ചരിത്രരചനയെ കുഴയ്ക്കുന്ന രേഖകളാണിവ എന്നാണ് ഷംഷാദിന്റെ വാദം. കാരണം ഇവയിൽ പട്ടാളക്കാർ ക്രൂരന്മാരാണെങ്കിൽ ചിലപ്പോൾ കാരുണ്യമുള്ളവരുമാണ്. അവരോട് വെറുപ്പുണ്ടെങ്കിൽ ചിലപ്പോൾ ആരാധനയുടെ അംശങ്ങളുമുണ്ട്. ദേശീയപ്രസ്ഥാനത്തിലും മാപ്പിളകലാപത്തിലും സ്ത്രീകൾ പങ്കുചേർന്നെങ്കിലും അവർ എല്ലായ്പ്പോഴും പാർശ്വവൽക്കരിക്കപ്പെട്ടിരുന്നുവെന്നതിനാലാകാം ഇത്. വ്യക്തിഗത അനുഭവമായി കലാപത്തെ അവതരിപ്പിക്കാൻ സ്ത്രീകൾ പൊതുവെ ശ്രമിക്കുമ്പോൾ പുരുഷന്മാരുടെ ആഖ്യാനങ്ങളിൽ അതൊരു വിജ്ഞാനവിഷയമായി മാറുന്നുവെന്ന് ഷംഷാദ് പറയുന്നുണ്ട്. അധികം ഔപചാരികവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത പല പുരുഷന്മാരും സ്ത്രീകളുടെ രീതി അവലംബിക്കുന്നുണ്ടെന്നും അതുകൊണ്ട് സ്ത്രീകളുടെ പാർശ്വവൽകൃത നിലയാവാം അവരുടെ ആഖ്യാനങ്ങളെ ഇത്തരത്തിലാക്കുന്നതെന്ന് ഒരുപക്ഷേ കരുതാനാകും. രാഷ്ട്രത്തിന്റെയോ ജന്മിത്തവിരുദ്ധപ്രസ്ഥാനത്തിന്റെയോ മഹത്വം സ്ഥാപിക്കുന്ന ബൃഹദാഖ്യാനമായി ചരിത്രം പ്രവർത്തിക്കുമ്പോൾ കേൾക്കാതാകുന്ന സ്വരങ്ങളാണ് ഷംഷാദിന്റെ പ്രബന്ധത്തിൽ. അവയിൽ നല്ലൊരുപങ്ക് സ്ത്രീകളുടേതായതിൽ അതിശയകരമായി ഒന്നുമില്ല.
222