താൾ:Kulastreeyum Chanthapennum Undayathengane.djvu/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വല്ലോ. തുടർന്നുള്ള കാലത്തും ജാതിയുടെ ചിഹ്നങ്ങളായ വസ്ത്രങ്ങളും ആഭരണങ്ങളും ഉപേക്ഷിക്കാനും അന്തസ്സുള്ള വസ്ത്രംധരിക്കാനും കീഴ്ജാതിനേതാക്കന്മാർ ആഹ്വാനംചെയ്തു. ഇത്തരം അവശതകൾ നാട്ടിലെ ബഹുഭൂരിപക്ഷം സ്ത്രീകളും അനുഭവിക്കവെ, ചില വിഭാഗക്കാർമാത്രം അനുഭവിച്ചിരുന്ന പരിമിതസ്വാതന്ത്ര്യത്തെ ഉയർത്തിക്കാട്ടി പൊള്ളയായ അവകാശവാദങ്ങൾ അവതരിപ്പിക്കുന്നതിന്റെ അർത്ഥശൂന്യത അക്കാലത്ത് ചിലരെങ്കിലും തിരിച്ചറിഞ്ഞിരുന്നു.

തോട്ടയ്ക്കാട്ട് മാധവിയമ്മ (1888-1968)
സുഭദ്രാർജ്ജുനം നാടകമെഴുതി പ്രശസ്തയായിത്തീർന്ന തോട്ടയ്ക്കാട്ട് ഇക്കാവമ്മയുടെ മകൾ. മലയാളത്തിനുപുറമെ സംസ്കൃതത്തിലും ഇംഗ്ലിഷിലും മറ്റു യൂറോപ്യൻഭാഷകളിലും പ്രാവീണ്യം സമ്പാദിച്ചു. എറണാകുളം സ്ത്രീസമാജത്തിന്റെ സജീവപ്രവർത്തകയായിരുന്നു. 1952ൽ കൊച്ചി നിയമനിർമ്മാണ കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. നായർസമുദായ സംഘടനാപ്രവർത്തനങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്നു. 1932ൽ നായർസമുദായനേതാവ് മന്നത്തു പത്മനാഭനെ വിവാഹംകഴിച്ചു.


വഴിനടക്കാനുള്ള അവകാശത്തിനായി നിരവധി ചെറുസമരങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിലും അതിനുശേഷവുമുണ്ടായി. ഏറ്റവുമധികം ശ്രദ്ധ പക്ഷേ, ലഭിച്ചത് വൈക്കംസത്യാഗ്രഹത്തിനായിരുന്നു. സ്ത്രീകളെ പ്രത്യേക ജനവിഭാഗമായി കരുതണമെന്ന വാദം (അതായത് നായർ, ഈഴവ, മുസ്ലിം, ക്രിസ്ത്യൻ മുതലായ വിഭാഗങ്ങളെപ്പോലെ) ഇക്കാലത്ത് പരിചിതമായിക്കഴിഞ്ഞിരുന്നു. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ചുരുക്കം മലയാളിസ്ത്രീകളിൽ ഒരാളായിരുന്ന വടക്കേച്ചരുവിൽ കല്ല്യാണി ക്ഷേത്രങ്ങൾക്ക് ചുറ്റുമുള്ള വഴികളിൽ കീഴാളജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യമില്ലെന്ന വസ്തുത കീഴ്ജാതിക്കാരായ സ്ത്രീകളുടെയും പ്രശ്നമാണെന്ന് ചൂണ്ടിക്കാണിച്ചു. അതിലുപരിയായി, കീഴ്ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിന്റെ പ്രശ്നത്തെ സ്ത്രീകളുടെ പൊതുപ്രശ്നമായി കണക്കാക്കണമെന്ന് അവർ വാദിച്ചു.

പ്രിയ സഹോദരികളെ, ഈയവസരത്തിൽ നമ്മുടെ കടമയെന്താണ്? സഞ്ചാരസ്വാതന്ത്ര്യം ആർക്കും ലഭിക്കേണ്ടതല്ലയോ? വഴിനടക്കേണ്ടത് സ്ത്രീകളുടേയും ആവശ്യമാണല്ലോ. സ്ത്രീകളിൽ ഒരു വലിയവിഭാഗത്തിനുള്ള ഈ അസ്വാതന്ത്ര്യം നീക്കിയെടുക്കേണ്ടത് മറ്റുള്ളവരുടെ കടമയാണ്.

('കേരളീയ ഹിന്ദുസ്ത്രീകളോട് ഒരഭ്യർത്ഥന', മലയാളമനോരമ, 24 ജൂലൈ 1924)


പൊതുവഴികളിലും പുറംലോകത്തും അനുഭവിച്ചുവന്ന അസ്വാതന്ത്ര്യങ്ങൾക്കുപുറമെ കുടുംബത്തിലും അകത്തളങ്ങളിലും സ്ത്രീകൾക്ക്, പ്രത്യേകിച്ച് ഉയർന്നജാതിക്കാരായ സ്ത്രീകൾക്ക്, കടുത്ത നിയന്ത്രണങ്ങളെ നേരിടേണ്ടിവന്നിരുന്നു. സമുദായപരിഷ്ക്കരണപ്രസ്ഥാനങ്ങൾ പലപ്പോഴും ഇവയെ വിമർശിച്ചിരുന്നുവെന്നത് നേരാണ്. പക്ഷേ, സ്ത്രീകളുടെ തുല്യപൗരത്വത്തെ അവ ഹൃദയപൂർവ്വം സ്വാഗതംചെയ്തിരുന്നോ എന്നത് സംശയമാണ്. കേരളത്തിലെ ഏറ്റവും ഉയർന്നജാതിക്കാരായിരുന്ന നമ്പൂതിരിബ്രാഹ്മണരുടെയിടയിൽ സ്ത്രീകൾ വളരെ കഠിനമായ നിയന്ത്രണത്തിനുള്ളിലാണ് കഴിഞ്ഞിരുന്നതെന്നു കണ്ടല്ലോ. 1920കളിൽ ഇവർക്കുവേണ്ടി സമരംചെയ്യാൻ 'നമ്പൂതിരിയുവജനസംഘം' തയ്യാറായി. നമ്പൂതിരിമാരുടെ സാമുദായികസംഘടനയായ 'യോഗക്ഷേമസഭ'യോട് ഇവർ നിരവധി തവണ ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലുകളിലെ നായകസ്ഥാനത്ത് വി.ടി. ഭട്ടതിരിപ്പാട്, എം.ആർ. ഭട്ടതിരിപ്പാട് മുതലായവരായിരുന്നു. > കാണുക പുറം 84,87< നമ്പൂതിരിസ്ത്രീകൾക്ക് ആധുനിക വിദ്യാഭ്യാസവും വസ്ത്രധാരണരീതി കളും പരിഷ്കൃതവിവാഹവും നേടിക്കൊടുക്കാൻ ഇവർ വളരെ പണിപ്പെട്ടു. ഇതുപോലെ സ്ത്രീ കളുടെ നില മെച്ചപ്പെടുത്താനും അവരെ വിദ്യാസമ്പന്നരാക്കാനും ഒട്ടുമിക്ക സാമുദായിക പ്രസ്ഥാനങ്ങളും പണിപ്പെട്ടു. എന്നാൽ സ്ത്രീകളെ പൂർണ്ണപൗരത്വത്തിനർഹതയുള്ള സവിശേഷജനവിഭാഗമായി കണക്കാക്കി, അവരുടെ പൗരത്വാവകാശത്തിനുവേണ്ടി പോരാടുന്ന രീതിയല്ല മിക്ക സാമുദായികപ്രസ്ഥാനങ്ങളും സ്വീകരിച്ചത്. പിന്നെയോ, സമുദായത്തെ നവീകരിക്കാനാവശ്യമായ അൽപ്പം സ്വാതന്ത്ര്യം സ്ത്രീകൾക്ക് നൽകുകയെന്ന പരിമിതലക്ഷ്യമേ അവർക്കുണ്ടായിരുന്നുള്ളു. 1916ലെ ക്രിസ്ത്യൻ പിന്തുടർച്ചാവകാശനിയമം സ്ത്രീകളോടു കാണിച്ച അനീതിക്കെതിരെ ശബ്ദമുയർത്തിയ ശ്രീമതി ഐ.സി. ചാക്കോ > കാണുക പുറം 106< 1927ൽ കത്തോലിക്കാസമുദായ സമ്മേളനത്തിൽ സ്ത്രീകളുടെ ഹിതമോ മതമോ അന്വേഷിക്കാതെ അവരുടെ തലയിൽ ഇത്ര അന്യായമായൊരു നിയമത്തെ കെട്ടിവച്ച സർക്കാരിനെ ശക്തമായഭാഷയിൽ അപലപിക്കുകയുണ്ടായി. ഈ പ്രസംഗം വലിയ വിവാദമാകുകയും ശ്രീമതി ഐ.സി. ചാക്കോയ്ക്ക് നിരവധി ഭീഷണിക്കത്തുകൾ ലഭിക്കുകയും ചെയ്തു. സ്ത്രീകളുടെ പക്ഷം

196

കുടുംബിനിയോ പൗരയോ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/196&oldid=162834" എന്ന താളിൽനിന്ന് ശേഖരിച്ചത്