താൾ:Kulastreeyum Chanthapennum Undayathengane.djvu/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ങ്ങൾ, അസ്വാതന്ത്ര്യങ്ങൾ - പേടികൾ - പുരുഷനാണെങ്കിൽ നിസ്സംശയം ചവുട്ടിമെതിക്കാവുന്ന ആ മുൾപ്പടർപ്പുകളിലൂടെ ഞങ്ങൾ സ്ത്രീകൾ എത്ര കരുതലോടെ, ഭയാശങ്കകളോടെ, നൂഴ്ന്നുകയറിപ്പോകണം? ഒരു കലാഹൃദയത്തിന്റെ സ്വച്ഛന്ദവികാസത്തിന് ഏറ്റവും വലിയ ശത്രുവാണീ ഭയം.

('കഥയെങ്കിൽ കഥ', തെരഞ്ഞെടുത്ത കഥകൾ, കോട്ടയം, പുറം. 74)


NotesBullet.png പുരോഗമനപ്രസ്ഥാനം സാഹിത്യത്തിൽ
ഇന്ത്യൻ ഭാഷാസാഹിത്യങ്ങളിൽ സാർവ്വലൗകികവീക്ഷണം വളർന്നുകൊണ്ടിരുന്നകാലത്ത് രൂപമെടുത്ത പ്രസ്ഥാനമാണ് 'പുരോഗമനസാഹിത്യ'ത്തിന്റേത്. 1930കളിലെ ലോകസാഹചര്യങ്ങളോട് സാഹിത്യകാരന്മാർ ക്രിയാത്മകമായി പ്രതികരിക്കണമെന്ന ലക്ഷ്യത്തോടുകൂടിയാണ് ഇന്ത്യയിൽ മുൻഷി പ്രേംചന്ദ് അദ്ധ്യക്ഷനായി പുരോഗമനസാഹിത്യസംഘടന രൂപമെടുത്തത്. അതിന്റെ കേരളശാഖയിൽ അന്നത്തെ പ്രമുഖരായ എഴുത്തുകാരും നിരൂപകരും ഉൾപ്പെട്ടിരുന്നു: 1937 ഏപ്രിൽമാസം തൃശൂരിൽ കൂടിയ യോഗത്തിൽ ടജീവൽസാഹിത്യസംഘം' രൂപമെടുത്തു. നിലവിലുണ്ടായിരുന്ന പരമ്പരാഗതസാമൂഹ്യക്രമത്തോടും പുതുതായി ഉയർന്നുവന്ന നവവരേണ്യവർഗ്ഗസമ്പന്നതയോടും കടുത്ത എതിർനില പാലിക്കുന്ന എഴുത്തുകാരുടെ കൂട്ടായ്മയായി അതു വളർന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തോടാഭിമുഖ്യം പുലർത്തിയവരും പുരോഗമനവാദികളായ, എന്നാൽ, കമ്മ്യൂണിസ്റ്റ് ആശയങ്ങളെ സംശയത്തോടെ സമീപിച്ചിരുന്നവരായ എഴുത്തുകാരും അതിലുണ്ടായിരുന്നു. 1939നുശേഷം നിർജ്ജീവമായിരുന്ന ജീവൽസാഹിത്യസംഘം 1944ൽ പുരോഗമനസാഹിത്യസംഘടനയായി പുനർജ്ജനിച്ചു. പ്രശസ്തനിരൂപകനായ എം.പി. പോൾ, അന്നത്തെ പ്രമുഖ എഴുത്തുകാരായിരുന്ന പി. കേശവദേവ്, തകഴി ശിവശങ്കരപ്പിള്ള, പൊൻകുന്നം വർക്കി, ജോസഫ് മുണ്ടശ്ശേരി, സി. അച്യുതക്കുറുപ്പ്, ജി. ശങ്കരക്കുറുപ്പ് മുതലായവർ 1944ലെ സമ്മേളനത്തിൽ പങ്കെടുത്തു. രാഷ്ട്രീയസമരങ്ങളിൽ എഴുത്തുകാർ ജനങ്ങൾക്കൊപ്പം നിൽക്കണമെന്ന തത്വത്തെക്കുറിച്ച് പൊതുവേ യോജിപ്പുണ്ടായിരുന്നെങ്കിലും ചുരുങ്ങിയ കാലത്തിനിടയിൽ വലിയ ഭിന്നതകൾ സംഘടനയെ തളർത്തി. പ്രസ്ഥാനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയോടും പ്രസ്ഥാനത്തോടും നേരിട്ട് വിധേയരായവരും അല്ലാത്തവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂത്തതോടുകൂടി സംഘടന പിളർന്നു. 1950കളുടെ ആരംഭത്തിൽ അനുരഞ്ജനശ്രമങ്ങൾ നടന്നുവെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല.


മറ്റൊരുവിധത്തിൽ പറഞ്ഞാൽ ആധുനികസാഹിത്യരചനയ്ക്ക് ആവശ്യമെന്ന് കുഞ്ഞുലക്ഷ്മി കെട്ടിലമ്മ ചൂണ്ടിക്കാട്ടിയ 'സാമുദായികസ്വാതന്ത്ര്യം' എഴുത്തുകാരികൾക്ക് അധികമൊന്നും ഇല്ലായിരുന്നു. ആധുനികസാഹിത്യരംഗം ഏതാണ്ടു മുഴുവൻ പുരുഷന്മാരുടെ കുത്തകയായിരുന്നു - കെ. സരസ്വതിയമ്മയുടെ സഹപാഠിയായിരുന്ന എസ്. ഗുപ്തൻ നായർ അവരെക്കുറിച്ചോർക്കുന്നുണ്ട്, 1940കളിൽ കോളേജിലെ സാഹിത്യസമാജത്തിന്റെ ചർച്ചയിലേക്ക് കൂസലില്ലാതെ കയറിച്ചെന്ന പെൺകുട്ടിയായി. താനും കഥയെഴുതാറുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നത്രെ അത്. എന്നാൽ സാഹിത്യചർച്ചയിൽ തനിക്കർഹതപ്പെട്ട പങ്കാളിത്തം ആവശ്യപ്പെട്ട സ്വതന്ത്രവ്യക്തിയായിട്ടല്ല ഗുപ്തൻനായർ അവരെ ഓർമ്മിക്കുന്നത് - തന്റെ തുറന്ന പെരുമാറ്റത്തെക്കുറിച്ച് മറ്റുള്ളവരെന്തു കരുതുമെന്ന ചിന്തയില്ലാത്ത ശുദ്ധഗതിക്കാരിയായിട്ടാണ് അദ്ദേഹം അവരെ കണ്ടത്. ബാലാമണിയമ്മയെയോ അന്തർജനത്തെയോ ഇങ്ങനെ ശുദ്ധഗതിക്കാരാക്കാൻ എളുപ്പമായിരുന്നില്ല. അവരുടെ സാംസ്കാരികപശ്ചാത്തലവും കുടുംബനിലയുംമറ്റും കണക്കിലെടുക്കേണ്ടിവന്നേനെ. എന്നിട്ടുപോലും എതിർപ്പും വിമർശനവും ധാരാളമേൽക്കേണ്ടിവന്നു; പ്രത്യേകിച്ച് അന്തർജനത്തിന്.

എന്നാൽ ഇരുവർക്കും 'എഴുത്തുകാരി' എന്ന അംഗീകാരം സുലഭമായിക്കിട്ടിയിരുന്നു. പരിമിതമായ വായനയിലൂടെ 'സ്ത്രീഗുണങ്ങളു'ടെ വക്താക്കളായി ബാലാമണിയമ്മയെയും അന്തർജനത്തെയും 'ഒതുക്കുന്ന' രീതിയാണ് നടപ്പിൽവന്നത്. അന്തർജനം 'നമ്പൂതിരിസ്ത്രീകളുടെ കണ്ണീരൊപ്പിയ കഥാകാരി'യാണെന്നും 'മാതൃമഹിമയുടെ കഥാകാരി'യാണെന്നുംമറ്റുമുള്ള പരാമർശങ്ങൾ നമുക്ക് പരിചിതങ്ങളാണ്. ബാലാമണിയമ്മയെയും 'മാതൃത്വ'ത്തിന്റെ കവി എന്നൊക്കെയാണ് സാധാരണഗതിയിൽ വിശേഷിപ്പിക്കാറ്. എന്നാൽ അന്തർജനത്തിന്റെയോ ബാലാമണിയമ്മയുടേയോ ചിന്താപ്രപഞ്ചം ഒരിക്കലും വെറും മാതൃത്വവാഴ്ത്തായിരുന്നില്ല; നിലവിലുണ്ടായിരുന്ന മാതൃത്വദർശനങ്ങളുമായി 'പാടിപ്പുകഴ്ത്തലി'ന്റെ ബന്ധമായിരുന്നില്ല അവരുടെ എഴുത്തിന്. മറിച്ച് അക്കാലത്തുയർന്നുവന്ന മാതൃത്വദർശനങ്ങളെ വിമർശനപരമായി പരിശോധിക്കുന്ന, അല്ലെങ്കിൽ അവയുടെ സങ്കീർണ്ണതകളെയും വിഹ്വലതകളെയും അനാവരണംചെയ്യുന്ന, എഴുത്തായിരുന്നു അവരുടേത്. > കാണുക പുറം 120 <

ബാലാമണിയമ്മ മാതൃത്വത്തെ വാഴ്ത്തി കവിതകളെഴുതിയിരുന്നു; ആ കവിതയിൽ പുതിയ മാതൃത്വത്തിൽനിന്നുള്ള ആനന്ദം മാത്രമല്ല, ആശങ്കകളും വൈരുദ്ധ്യങ്ങളും തെളിയുന്നുണ്ട്. മലയാളബ്രാഹ്മണരുടെ കുടുംബങ്ങളിലെ സ്ത്രീകളുടെ നരകജീവിതത്തെ വർണ്ണിച്ച നിരവധി കഥകൾ അന്തർജനം 1930കളിലും 40കളിലുമെഴുതിയിട്ടുണ്ട്;

180

പുതിയ സാഹിത്യം, പുതിയ കല, പുതിയ സ്ത്രീത്വം


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/180&oldid=162817" എന്ന താളിൽനിന്ന് ശേഖരിച്ചത്