സദസ്സിൽ സ്ത്രീ എന്നും പുരുഷൻ എന്നുമുള്ള വിഭിന്നത പ്രത്യക്ഷപ്പെടുത്തേണമെന്ന് പരിഷത് പ്രവർത്തകന്മാർ നിശ്ചയിച്ചതും പുരുഷസാഹിത്യസദസ്സിൽ സ്ത്രീകൾക്കു പ്രസംഗിക്കാൻ പാടില്ലെന്നു തീരുമാനിച്ചതും ആവശ്യമില്ലാത്ത സംഗതിയാണെന്നു 'മഹിളാ' പ്രസാധിക അന്നു പ്രസ്താവിക്കയുണ്ടായി...
എഴുത്തുകാരിയുടെ ജീവിതം 'പരിചയക്കാർ' അസാദ്ധ്യമാക്കിത്തീർത്തതുമൂലം ആത്മഹത്യചെയ്യേണ്ടിവന്ന ഒരെഴുത്തുകാരി മലയാളത്തിലുണ്ട് - രാജലക്ഷ്മി. എഴുത്തിലേക്കുള്ള വഴിയുടെ കാഠിന്യത്തെക്കുറിച്ചെഴുതാത്ത സാഹിത്യകാരികൾ മലയാളത്തിൽ നന്നേ കുറയും. ലളിതാംബിക മുതൽ കെ.ആർ. മീര വരെയുള്ളവർ ആ വെല്ലുവിളിയെക്കുറിച്ച് എഴുതിയിട്ടുണ്ട്.
സാഹിത്യരംഗത്തേക്കു പ്രവേശിക്കുന്നു
'സ്ത്രീഗുണ'ത്തെ കൈവിട്ട് എഴുത്തുകാരിയാവുക എന്ന ലക്ഷ്യം സ്ത്രീകൾക്ക് ഒരിക്കലും എളുപ്പമായിരുന്നില്ല. സ്ത്രീകൾ എങ്ങനെയിരിക്കണമെന്നും അവർക്കെന്തൊക്കെ ചെയ്യാമെന്നുംമറ്റും നിർണ്ണയിക്കുന്ന ശക്തികളോട് - സമുദായം, മതം, ഭരണകൂടം, രാഷ്ട്രീയശക്തികൾ - മല്ലടിക്കാതെ സ്വന്തമായ ആശയങ്ങളും ശൈലിയുമുള്ള എഴുത്തുകാരിയായിത്തീരാൻ കഴിയില്ല. അക്കാലത്താണെങ്കിൽ സ്ത്രീകൾ പൊതുരംഗത്തേക്കു കടന്നുതുടങ്ങിയിരുന്നതേയുള്ളൂ; സ്വന്തംപേരിൽ ലേഖനമെഴുതാൻപോലും സ്ത്രീകൾ ഭയപ്പെട്ടിരുന്നകാലം. അക്കാലത്താണ് ആധുനികമലയാളസാഹിത്യരംഗത്തേക്ക് ലളിതാംബിക അന്തർജനം, ബാലാമണിയമ്മ, കടത്തനാട്ടു മാധവിയമ്മ, മേരിജോൺ കൂത്താട്ടുകുളം, സിസ്റ്റർ മേരി ബെനീഞ്ഞ മുതലായവർ കടന്നുവന്നത്. ഈ കടന്നുവരവിൽ അനുഭവിച്ച സംഘർഷങ്ങളെക്കുറിച്ച് അവരിൽ പലരുമെഴുതിയിട്ടുണ്ട്. ലളിതാംബിക അന്തർജനം ഇതേക്കുറിച്ച് ഇങ്ങനെ എഴുതി:
എന്നെപ്പോലെയുള്ള ഒരു സ്ത്രീക്ക് ഒരു കലാകാരിണിയെന്ന ബിരുദം കിട്ടുക അത്ര എളുപ്പമല്ല. കിട്ടിയാൽത്തന്നെ അതു വച്ചുപുലർത്തുക അത്രയുംകൂടി എളുപ്പമല്ല. ഒരു കലാജീവിതത്തെ ചൂഴുന്ന നിരവധി സംശയ
പുതിയ സാഹിത്യം, പുതിയ കല, പുതിയ സ്ത്രീത്വം