താൾ:Kulastreeyum Chanthapennum Undayathengane.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


2. ചരിത്രരചന ഏറ്റവുമധികം പ്രാധാന്യം നൽകേണ്ടത് ദേശീയരാഷ്ട്രീയരംഗത്തുണ്ടാകുന്ന മാറ്റങ്ങൾക്കാണ്.

3. ചരിത്രമെപ്പോഴും മുകളിൽനിന്നുള്ള ചരിത്രമാണ്. അതായത് ഭരണാധികാരിവർഗ്ഗത്തിന്റെ വീക്ഷണത്തിൽനിന്നും എഴുതപ്പെടുന്ന, ഭരണാധികാരിവർഗ്ഗത്തിന്റെ വികസനപരിണാമങ്ങൾക്ക് ഊന്നൽ നൽകുന്ന ആഖ്യാനമാണ് ചരിത്രം.

4. ഔദ്യോഗികരേഖകളെയും ആധികാരിക പുരാവസ്തു-പുരാരേഖാശേഖരങ്ങളെയും ആശ്രയിക്കുന്ന ചരിത്രരചനയാണ് ഉത്തമസ്വഭാവമുളളത്. ഔദ്യോഗികരേഖകൾ ഭരണാധികാരത്തിന്റെ കണ്ണിലൂടെ സൃഷ്ടിക്കപ്പെടുന്നവയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

5. ചരിത്രപുരുഷന്മാരുടെ പ്രവൃത്തികൾ മനസ്സിലാക്കാൻ അവരുടെ മനോവ്യാപാരങ്ങൾ, വിശ്വാസങ്ങൾ, അവർ സ്വീകരിച്ചിരുന്ന ആശയങ്ങൾ ഇതൊക്കെ മനസ്സിലാക്കിയാൽ മതി. അല്ലാതെ അവർ ജീവിച്ചിരുന്ന വിശാലപശ്ചാത്തലത്തിന്റെ പ്രസക്തിയോ മറ്റു സങ്കീർണ്ണതകളോ കണക്കാക്കേണ്ടതില്ല.

മേൽപ്പറഞ്ഞ അഞ്ചു തത്ത്വങ്ങളും അടിമുടി ചോദ്യംചെയ്യപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. മാർക്സിസ്റ്റ്ചിന്തയെ ആധാരമാക്കി ചരിത്രരചന നടത്തിയവർ വളരെ മുമ്പുതന്നെ ഇവയെ തള്ളിക്കളഞ്ഞിരുന്നു. എങ്കിലും തൊഴിലാളിവർഗ്ഗത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെടാത്തവർക്ക് അപ്പോഴും ചരിത്രത്തിനു പുറത്തുതന്നെ നിൽക്കേണ്ടിവന്നു. തൊഴിലാളിവർഗ്ഗത്തിന്റെ ചരിത്രമെന്നതിനപ്പുറം അധികാരമില്ലാത്തവരുടെ ചരിത്രത്തിന് വേറേതന്നെ പ്രാധാന്യമുണ്ടെന്ന് ചരിത്രഗവേഷകർക്കും വിദ്യാർത്ഥികൾക്കും ബോദ്ധ്യംവന്നത് പിന്നീടാണ്. കീഴാളജനങ്ങളുടെ (അധികാരം നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങളാണ് കീഴാളർ - സ്ത്രീകൾ, അടിമകൾ, കീഴ്ജാതിക്കാർ, പാവപ്പെട്ടവർ, തൊഴിലാളികൾ) ചരിത്രങ്ങൾ പഠിക്കാൻ പുതിയ ശ്രമങ്ങൾ ഇന്നുണ്ട്. കൂടുതൽ സൂക്ഷ്മമായ വായനയിലൂടെയും പുതിയ ചരിത്രസാമഗ്രികൾ കണ്ടെത്തുന്നതിലൂടെയും കീഴാളചരിത്രാന്വേഷികൾ ചരിത്രപഠനത്തിന്റെ മുഖംതന്നെ മാറ്റിയെഴുതുകയാണ്. എന്നാൽ ഇത്തരം ശ്രമങ്ങൾക്ക് ആക്കംകൂടിയത് അടുത്തകാലത്താണ്.

ഇന്ന് വളർന്നുകൊണ്ടിരിക്കുന്ന ഈ പുതിയ ചരിത്രവിജ്ഞാനം നമ്മുടെയിടയിൽ വേണ്ടത്ര എത്തിയിട്ടില്ല. ഇപ്പോഴും നമ്മുടെ സ്കൂളുകളിലെ ചരിത്രപഠനത്തിന്റെ ലക്ഷ്യം ഭൂതകാലത്തിന്റെ കലർപ്പില്ലാത്ത, അല്ലെങ്കിൽ നിഷ്പക്ഷമായ ചരിത്രംപഠിക്കൽ തന്നെയാണ്. അപ്പോൾ ചരിത്രമെന്നാൽ മഹാന്മാരും രാജാക്കന്മാരും അവരുടെ ചെയ്തികളുമാണെന്ന് നമ്മൾ ധരിക്കാനിടവന്നത് ചുമ്മാതല്ല. മഹാന്മാരിൽ പലരും ജനസമ്മതിയുള്ളവരായിരുന്നുവെന്നതിൽ തർക്കമില്ല. (ഗാന്ധിജി, പണ്ഡിറ്റ് നെഹ്രു മുതലായവർ ഉദാഹരണം) എന്നാൽ, ഇവരോട് ഒപ്പത്തിനൊപ്പം പ്രധാനികളായി നിന്നിരുന്ന കീഴ്ജാതിനേതാക്കൾക്കോ സ്ത്രീകൾക്കോ പല പുസ്തകങ്ങളിലും വേണ്ടത്ര പ്രാധാന്യം കിട്ടാതെപോകുന്നത് എന്തുകൊണ്ടാണെന്ന് നാം ആലോചിക്കണം. കീഴാളരുടെ ഭൂതകാലത്തെക്കുറിച്ച് അറിവുനൽകുന്ന ചരിത്രവസ്തുക്കൾ കുറവാണെന്നു സമ്മതിക്കാം. എങ്കിലും ഈ കുറവിനെ വലിയൊരളവുവരെ പരിഹരിച്ച് മുന്നോട്ടുപോകാനാകുമെന്ന് അടുത്തകാലങ്ങളിൽ ഗവേഷകർ നിർമ്മിച്ച കീഴാളചരിത്രങ്ങൾ തെളിയിക്കുന്നു. ഇന്ന് പ്രചാരത്തിലിരിക്കുന്ന ഔദ്യോഗികചരിത്രം (അത് ഇന്ത്യയുടേതായാലും ശരി, കേരളത്തിന്റേതായാലും ശരി) അവകാശപ്പെടുന്ന നിഷ്പക്ഷത മേലാളചരിത്രത്തിനുള്ള മറ മാത്രമാണെന്ന് ചരിത്രഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

പൊതുവേ ഈ മാറ്റങ്ങൾ 'നിഷ്പക്ഷചരിത്ര'ത്തിന്റെ വക്താക്കളെ വളരെ ചൊടിപ്പിക്കുന്നുണ്ട്. ചരിത്രമെന്നാൽ പഴയകാലത്തിന്റെ കലർപ്പില്ലാത്ത ചിത്രമല്ലെന്നു പറയുമ്പോൾ അവർ ചോദിക്കാറുണ്ട്, 'ഓ, പിന്നെ അതെന്താ കെട്ടുകഥയാണോ?' തീർച്ചയായും 'അല്ല' എന്നാണ് ഈ ചോദ്യത്തിനു മറുപടി. നേരത്തെ സൂചിപ്പിച്ചതുപോലെ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ ചരിത്രരചനകൾ ഉണ്ടായിരിക്കുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനമെന്തായിരിക്കുമെന്ന ചോദ്യം ചരിത്രപണ്ഡിതർ ഇന്നും ചർച്ചചെയ്യുന്ന ഒന്നാണെങ്കിലും, വിശ്വസിക്കാവുന്ന വാദങ്ങൾ എങ്ങനെ നിർമ്മിക്കാമെന്നതിനെപ്പറ്റി ചില പൊതുസമ്മതങ്ങൾ അവർക്കിടയിലുണ്ട്. എന്നാൽ, എന്തൊക്കെ നല്ല തെളിവായി കണക്കാക്കാമെന്നതിനെപ്പറ്റി പഴയരീതിയിൽ ചിന്തിക്കുന്ന ചരിത്രകാരന്മാരും പുതിയ രീതിയിൽ ചിന്തിക്കുന്നവരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്നതു നേരു തന്നെ. ഇക്കാര്യത്തെപ്പറ്റി പൂർണ്ണമായ അഭിപ്രായ ഐക്യം ഇല്ലാത്തതുകൊണ്ടുതന്നെ നിരവധി ചരിത്രരചനാധാരകളും വ്യത്യസ്ത രചനാപദ്ധതികളും നിലവിലുണ്ട്. ഇവ തമ്മിലുള്ള നിരന്തരസംവാദങ്ങളിലൂടെയാണ് ചരിത്രവിജ്ഞാനം വിസ്തൃതമാകുന്നത്. ഇത്തരം സംവാദത്തിലൂടെ, അനവധി ഗവേഷകരുടെ സൂക്ഷ്മപരിശോധനയിലൂടെ കടന്ന ചരിത്രസാമഗ്രികൾക്കുമാത്രമെ തെളിവെന്ന സമ്മതം ലഭിക്കൂ. വേണ്ടത്ര, തക്കതായ

18

ചരിത്രപഠനം കൊണ്ട് എന്തു കാര്യം?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/18&oldid=162816" എന്ന താളിൽനിന്ന് ശേഖരിച്ചത്