മാർക്സിസ്റ്റ് ചരിത്രരചനയിൽ മഹാന്മാരുടെ ചെയ്തികൾക്കപ്പുറം മുതലാളിത്തവ്യവസ്ഥയുടെ രൂപീകരണത്തിന്റെ ഫലമായി ശക്തിപ്രാപിച്ച അധികാരരൂപങ്ങൾ, ആശയസമുച്ചയങ്ങൾ, സാമ്പത്തികപ്രയോഗങ്ങൾ, രാഷ്ട്രീയ സംഘർഷങ്ങൾ, പുതിയ സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗവേഷണത്തിന് പ്രാധാന്യം കൈവന്നു. എങ്കിലും പണിയെടുക്കുന്നവരുടെ ചരിത്രങ്ങൾ എഴുതിയവർ എല്ലാ തൊഴിലാളികൾക്കും ഒരേ പ്രാധാന്യം കൊടുത്തില്ല. സമൂഹത്തെ മുന്നോട്ടുനയിക്കുന്നത് തൊഴിലാളികളാണെന്ന ബോധമായിരുന്നു ഇടതുപക്ഷചരിത്രരചനയ്ക്ക് പലപ്പോഴും പ്രചോദനമായത്. എന്നാൽ ഇവിടെയും സംഘടനകളിലൂടെ ശക്തരായിത്തീർന്ന തൊഴിലാളികൾക്കാണ് പ്രാധാന്യംകിട്ടിയത്. തൊഴിലാളികളിൽ വലിയൊരു വിഭാഗം സ്ത്രീകളായിരുന്നിട്ടും അവർ അപ്പോഴും അദൃശ്യരായിത്തന്നെയിരുന്നു. എന്നാൽ ഇന്ന് മേലാള-മാർക്സിസ്റ്റ് ചരിത്രത്തിന്റെ പരിമിതികളെ മറികടക്കാൻ ശ്രമിക്കുന്ന ചരിത്രരചനാധാരകൾ അനവധിയാണ്.
പാഠപുസ്തകങ്ങളിൽ നാം പഠിക്കുന്ന 'നിഷ്പക്ഷചരിത്ര'ത്തിന് താഴെപ്പറയുന്ന അഞ്ചു പ്രധാന ധാരണകളാണുള്ളത്. അഞ്ചും കാലഹരണപ്പെട്ടുകഴിഞ്ഞുവെന്ന് പുതുചരിത്രകാരന്മാരും ചരിത്രകാരികളും പറയുന്നുണ്ടെങ്കിലും, പലയിടങ്ങളിലും പഠനസമ്പ്രദായത്തിൽ മാറ്റംവരുത്താൻ ശ്രമം നടക്കുന്നെങ്കിലും, ഇന്നും ചരിത്രത്തെക്കുറിച്ചുളള സാമാന്യബോധം ഇതൊക്കെത്തന്നെയാണ്.
1. ഭൂതകാലംമുതൽ വർത്തമാനകാലംവരെ നടന്നിട്ടുളള ചരിത്രസംഭവങ്ങളെ അവയുടെ കാലമനുസരിച്ച് ക്രമത്തിൽ അടുക്കിപ്പറയുന്ന രീതിയാണ് ഉത്തമ ചരിത്രരചനയുടെ ലക്ഷണം. മറ്റൊരുവിധത്തിൽപ്പറഞ്ഞാൽ, ചരിത്രരചനയെന്നാൽ ചരിത്രസംഭവങ്ങളെ സംഭവിച്ച ക്രമമനുസരിച്ച് കോർത്തിണക്കി അവതരിപ്പിക്കുന്ന പറച്ചിൽ അഥവാ ആഖ്യാനമാണ്.
ചരിത്രപഠനം കൊണ്ട് എന്തു കാര്യം?