പഴയകാലത്തിന്റെ അവശിഷ്ടങ്ങളിൽനിന്ന് ഒരുകാര്യം വ്യക്തമാണ് - ഇവ അധികവും പറയുന്നത് അന്നത്തെ സമൂഹത്തിൽ അധികാരവും പണവും പ്രതാപവും ഉണ്ടായിരുന്ന കൂട്ടരെക്കുറിച്ചാണ്. അത് പ്രതീക്ഷിക്കേണ്ടതുതന്നെ. ഇന്നത്തെപ്പോലെ അന്നും ഈടും ഉറപ്പുമുള്ള വസ്തുക്കൾ, വിലപിടിപ്പുള്ള ലോഹങ്ങൾ, എഴുത്തും വായനയും - ഇതെല്ലാം അധികാരിവർഗ്ഗങ്ങളുടെ കൈവശമായിരുന്നുവെന്നത് നേരാണ്. ഇതിനിടയിൽക്കൂടെ അന്നത്തെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചു വിവരമേ നമുക്ക് കിട്ടുന്നുള്ളു. അതുതന്നെ അധികാരിവർഗ്ഗങ്ങളുടെ കണ്ണിലൂടെയാണ് നമ്മളിലേക്ക് എത്തുന്നത്. ഇങ്ങനെ മേലാളരുടെ ഭൂതകാലത്തിലേക്ക് വെളിച്ചംവീശുന്ന ചരിത്രസാമഗ്രികൾക്കപ്പുറം സാധാരണജനങ്ങളുടെ ജീവിതത്തിന്റെ ചരിത്രം പഠിക്കാനുതകുന്ന സാമഗ്രികളെക്കുറിച്ച് ആരായേണ്ടതാണെന്ന ബോധംപോലും താരതമ്യേന സമീപകാലത്തുമാത്രമുണ്ടായതാണ്. പുരാതനസമുദായങ്ങളുടെ ഉത്ഖനനങ്ങളിൽനിന്ന് വൈവിദ്ധ്യമാർന്ന വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സംസ്കൃതികളുടെ സവിശേഷതകളെക്കുറിച്ചറിയാനുള്ള ആവേശത്തിനുപരിയായി സാധാരണജനങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ജിജ്ഞാസ ചരിത്രരചനാരംഗത്ത് സാർവ്വത്രികമായത് താരതമ്യേന സമീപകാലത്താണ്. അടുത്തകാലംവരെയും മേലാളവർഗ്ഗക്കാരുടെ ചരിത്രത്തെയാണ് ഇന്ത്യാചരിത്രം, കേരളചരിത്രം, ലോകചരിത്രം എന്നൊക്കെയുള്ള വിശാലമായ തലക്കെട്ടുകളിലൂടെ അവതരിപ്പിച്ചുകൊണ്ടിരുന്നത്. ഈ ചരിത്രത്തെ 'നിഷ്പക്ഷചരിത്രം' എന്ന ലേബലോടുകൂടിയാണ് മിക്ക പാഠപുസ്തകങ്ങളും അവതരിപ്പിക്കുന്നത്.
ലോകത്തെമ്പാടും അധികാരമില്ലാത്ത ജനങ്ങൾക്കുവേണ്ടി സമരംചെയ്ത ഇടതുപക്ഷപ്രസ്ഥാനങ്ങൾ വളർന്നതിനൊപ്പം, പണിയെടുക്കുന്ന വർഗ്ഗങ്ങളുടെ ചരിത്രവും രൂപപ്പെട്ടുതുടങ്ങിയെന്നത് നേരുതന്നെ. മാർക്സിസ്റ്റ് ചരിത്രരചനയിൽ കർഷകർ, തൊഴിലാളികൾ, അടിമകൾ, മേലാളർക്കെതിരെ സമരംചെയ്ത അടിയാളർ മുതലായവരുടെ ചരിത്രാനുഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം സജീവമായി.
16