താൾ:Kulastreeyum Chanthapennum Undayathengane.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

യിൽ ചിലത്. കുറേക്കൂടി സമീപമായ ഭൂതകാലം - അതായത്, ഒരിരുനൂറു-മുന്നൂറു വർഷം മുമ്പു മുതലുള്ള കാലം - പഠിക്കുന്നവർക്ക് കുറേക്കൂടി സൗകര്യമുണ്ട്. കാരണം ഈ കാലത്തെപ്പറ്റി പഠിക്കാനാവശ്യമായ സാമഗ്രികൾ കുറേക്കൂടി ലഭിക്കാൻ സാദ്ധ്യതയുണ്ട്. അപ്പോൾ നമുക്കു തോന്നും കൂടുതൽക്കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തിയങ്ങനെ വരുമ്പോൾ ഒരുസമയത്ത് പഴയകാലത്തിന്റെ പരിപൂർണ്ണചിത്രം നമുക്ക് കിട്ടുമായിരിക്കും. പക്ഷേ, ഇങ്ങനെ പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല. കാരണം പഴയകാലത്തിന്റെ - ഭൂതകാലത്തിന്റെ - എന്തെല്ലാം അംശങ്ങളാണ് നഷ്ടപ്പെട്ടുപോയതെന്ന് കൃത്യമായി തിട്ടപ്പെടുത്താൻ നമുക്ക് വഴിയൊന്നുമില്ലല്ലോ.


'ചരിത്രം' എന്ന വാക്കിന് രണ്ടു പ്രത്യേക അർത്ഥങ്ങളാണ് നാം കല്പിക്കാറ്.

ഒന്ന്, കഴിഞ്ഞുപോയകാലം അഥവാ ഭൂതകാലം.

രണ്ട്, ആ കഴിഞ്ഞ കാലത്തെക്കുറിച്ച് പഠനത്തിലൂടെ, ഗവേഷണത്തിലൂടെ നാം ഉണ്ടാക്കിയെടുക്കുന്ന അറിവ്. ഈ ഒന്നാമത്തെ അർത്ഥത്തിലുള്ള ചരിത്രത്തെ - ഭൂതകാലത്തെ - രണ്ടാമത്തെ അർത്ഥത്തിലുള്ള ചരിത്രത്തിലൂടെയല്ലാതെ തിരിച്ചറിയാനാവില്ലെന്നതാണ് വാസ്തവം. ചരിത്രഗവേഷണത്തിൽ അവശ്യം പാലിക്കപ്പെടേണ്ട നിബന്ധനകൾക്ക് (ഇവയ്ക്ക് പൊതുവിൽ പറയുന്ന പേരാണ് 'രീതിശാസ്ത്രം') വിധേയമായി ഭൂതകാലത്തെക്കുറിച്ച് നാം തയ്യാറാക്കുന്ന വിജ്ഞാനത്തിനു മാത്രമേ 'ചരിത്രവിജ്ഞാനം' എന്ന അംഗീകാരം കൈവരൂ. എന്നാൽ ചരിത്രപഠനവസ്തുക്കൾ എല്ലായ്പ്പോഴും അപൂർണ്ണങ്ങളായിരിക്കുമെന്നതുകൊണ്ട് ഈ വിജ്ഞാനവും ഭാഗികമായിരിക്കും. മാത്രമല്ല, ചരിത്രം രചിക്കാനുള്ള നിബന്ധനകളിലും പല മാറ്റങ്ങളും സംഭവിച്ചുകൊണ്ടിരിക്കും. അതുകൊണ്ട്, "ഇതാണ് നമ്മുടെ ചരിത്രപാരമ്പര്യം" എന്ന് ആരെങ്കിലും ഉറപ്പിച്ചു പ്രസ്താവിക്കുന്നതു കേട്ടാൽ നാം ഉടനെ ചോദിക്കണം: "ഇന്നത്തെ നിലയ്ക്കുള്ള ചരിത്രഗവേഷണങ്ങളുടെ നിബന്ധനകൾക്കനുസരിച്ച് ഉണ്ടാക്കിയെടുത്തിരിക്കുന്ന അറിവാണോ ഇത്?; ചരിത്രഗവേഷണത്തിനു സഹായകമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെട്ട അറിവാണോ ഇത്?"


15


ചരിത്രപഠനം കൊണ്ട് എന്തു കാര്യം?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/15&oldid=162783" എന്ന താളിൽനിന്ന് ശേഖരിച്ചത്