താൾ:Kulastreeyum Chanthapennum Undayathengane.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


പുതുമയല്ല. പക്ഷേ, അവയുടെ ഉൾക്കാഴ്ചകൾ കഴിയുന്നത്ര വായനക്കാരിലേക്ക് എത്തിക്കേണ്ടതാണ്. നമുക്കിന്ന് ലഭ്യമായ സ്ത്രീചരിത്രരചനകളുടെ ഉൾക്കാഴ്ചകളെ കഴിവതും ചുരുക്കി, ലളിതമായഭാഷയിൽ, വായനക്കാരികൾക്ക് എത്തിച്ചു കൊടുക്കുകയെന്നതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. കൂടാതെ സ്ത്രീചരിത്രപഠനം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും ഈ പുസ്തകം ഗുണകരമാകണമെന്നും ഉദ്ദേശിക്കുന്നുണ്ട്.

ചരിത്രമെന്നാൽ അറുമുഷിപ്പൻ വിഷയമാണെന്ന അഭിപ്രായം നമ്മുടെയിടയിൽ പരക്കെയുണ്ട്. കാണാപ്പാഠം പഠിക്കേണ്ടിവരുന്നതുകൊണ്ട് സ്കൂൾ വിദ്യാർത്ഥികളിൽ വലിയൊരു വിഭാഗത്തിന് ചരിത്രത്തോട് അകൽച്ചയാണ്. പൊതുവേ ബുദ്ധിയില്ലാത്തവർ പഠിക്കുന്ന വിഷയമാണ് ചരിത്രമെന്നുപോലും പല മിടുമിടുക്കികളും മിടുക്കന്മാരും പറഞ്ഞുകേട്ടിട്ടുണ്ട്. ചരിത്രത്തിന് ഇത്രയും ചീത്തപ്പേര് എങ്ങനെ കിട്ടി?

ഇതിന് പല കാരണങ്ങളുണ്ട്. ഒന്നാമതായി, ചരിത്രമെന്നാൽ എന്താണെന്ന ചോദ്യത്തിന് 'കഴിഞ്ഞുപോയകാലത്തിന്റെ കലർപ്പില്ലാത്ത ചിത്രം' എന്ന ഉത്തരമാണ് നമുക്ക് സാധാരണ കിട്ടാറുള്ളത്. അപ്പോൾ സ്വഭാവികമായും നമ്മുടെ സാമാന്യബുദ്ധിയിൽ ഒരു ചോദ്യമുദിക്കുന്നു. കഴിഞ്ഞുപോയതിനെപ്പറ്റി പഠിച്ചിട്ട് എന്തുകാര്യം? രണ്ടാമതായി, ചരിത്രത്തിൽ നാം പഠിക്കുന്നത് എന്തിനെപ്പറ്റിയാണ്? രാജാക്കന്മാർ, മഹാന്മാർ എന്നിവരെപ്പറ്റി. (റാണിമാരും മഹതികളും അധികമൊന്നും പ്രത്യക്ഷപ്പെടാറില്ല). യുദ്ധങ്ങൾ, പടയോട്ടങ്ങൾ, വിപ്ലവങ്ങൾ മുതലായ മഹാസംഭവങ്ങളെപ്പറ്റി. ഇതുകൂടാതെ സമൂഹത്തിലെ ഏറ്റവും ഉയർന്ന തട്ടിലുള്ളവർക്ക് ആസ്വദിക്കാവുന്ന കല, സാഹിത്യം, സംസ്കാരം തുടങ്ങിയവയെപ്പറ്റി. സാധാരണക്കാരുടെ സാധാരണ ജീവിതത്തിന് ചരിത്രമില്ലേയെന്ന് നമ്മൾ ചോദിച്ചുപോകും. അതോ കൃഷിക്കും വീട്ടുജോലിക്കും കൈവേലകൾക്കും ഫാക്ടറിപ്പണികൾക്കും കുട്ടികളെ പ്രസവിക്കലിനും വളർത്തലിനുമൊന്നും ചരിത്രമേയില്ല എന്നാണോ? ഈ ചോദ്യത്തിന് കാര്യമായ ഉത്തരമൊന്നും ക്ലാസ്മുറികളിൽനിന്ന് കിട്ടാറില്ല. പലപ്പോഴും പാഠപുസ്തകങ്ങൾ മെച്ചമാണെങ്കിലും പഠിപ്പിക്കുന്ന രീതി ലവലേശം മാറിയിട്ടില്ല. ഫലമോ, ഇന്നും സ്കൂളുകളിൽ (കലാലയങ്ങളിലും) ചരിത്രപഠനം കാണാപ്പാഠംപഠിത്തവും "തീയതിവിഴുങ്ങലും' മാത്രമായി തുടരുന്നു. ഈ പരാതികൾ ഗൗരവത്തോടുകൂടി കാണേണ്ടവയാണ്. നമുക്ക് ഏറ്റവും ആവശ്യമായ ഒരു വിജ്ഞാനശാഖയാണ് ചരിത്രം. അതു നമ്മളിൽനിന്ന് വളരെ അകലെയാണെന്നാണ് ഈ പരാതികൾ സൂചിപ്പിക്കുന്നത്. ഇതിന് എങ്ങനെ സമാധാനം കാണാം?

ഒന്നാമത്തെ പ്രശ്നം നോക്കാം. ചരിത്രമെന്നാൽ കഴിഞ്ഞകാലത്തിന്റെ കലർപ്പില്ലാത്ത ചിത്രംമാത്രമാണോ? രണ്ടുകാര്യങ്ങൾ തുടക്കത്തിൽത്തന്നെ വ്യക്തമാകുന്നുണ്ട്:

(1) കഴിഞ്ഞകാലത്തെ സമ്പൂർണ്ണമായി വീണ്ടെടുക്കാൻ നമുക്കൊരിക്കലും കഴിയില്ല,

(2) ചരിത്രം സമീപകാലംവരെയും സമൂഹത്തിലെ മേലാളവിഭാഗങ്ങളുടെ കുത്തകയായിരുന്നു.

NotesBullet.png ചരിത്രരചനയ്ക്കും ചരിത്രമോ?
അതേ! Historiography എന്ന ആശയത്തെ 'ചരിത്രശാസ്ത്രം' എന്നു പരിഭാഷപ്പെടുത്തിക്കാണാറുണ്ട്. എന്നാൽ 'ചരിത്രരചനയുടെ ചരിത്രം' എന്നു പറയുന്നതാവും കൂടുതൽ ഉചിതം. മറ്റേതൊരു ജ്ഞാനശാഖയേയുംപോലെ ചരിത്രവിജ്ഞാനവും കാലത്തിന്റെ ഒഴുക്കിൽ രൂപപ്പെട്ടതാണ്. സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ ചരിത്രരചനയെക്കുറിച്ചുള്ള ആശയങ്ങളെയും ചരിത്രപഠന രീതികളെയും സ്വാധീനിക്കുന്നു. ഇങ്ങനെ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അറിവിനെയാണ് ഹിസ്റ്റോറിയോഗ്രഫി എന്നു വിളിക്കാറുള്ളത്. മിക്ക ചരിത്രപഠന കോഴ്സുകളിലും ഹിസ്റ്റോറിയോഗ്രഫി പ്രാധാന്യത്തോടുകൂടി പഠിപ്പിക്കുന്നുണ്ട് - ആ പേരിലും അല്ലാതെയും.


ഏറ്റവും വിശാലമായി ആലോചിച്ചാൽ കഴിഞ്ഞുപോയ - അതായത്, ഇനി ഒരിക്കലും മടങ്ങിവരാത്ത - കാലത്തെക്കുറിച്ച് പൂർണ്ണമായ അറിവ് മനുഷ്യർക്കു കിട്ടില്ലെന്ന സത്യം അംഗീകരിക്കേണ്ടിവരും. കഴിഞ്ഞുപോയ കാലത്തേക്ക് മടങ്ങിപ്പോയി അന്നത്തെ അവസ്ഥകൾ എന്തൊക്കെയായിരുന്നുവെന്ന് നേരിൽക്കണ്ട് മനസ്സിലാക്കാനുള്ള വിദ്യയൊന്നും മനുഷ്യരുടെ പക്കലില്ലല്ലോ. അതുകൊണ്ട് പൊയ്പ്പോയകാലം ബാക്കിവച്ചിട്ടുള്ള അവശിഷ്ടങ്ങൾ തിരഞ്ഞുപിടിച്ച് പഠിക്കുന്നതിലൂടെയാണ് ഗവേഷകർ ചരിത്രവിജ്ഞാനം ഉണ്ടാക്കുന്നത്. പഴയകാലത്തെ താളിയോലഗ്രന്ഥങ്ങൾ, ശിലാലിഖിതങ്ങൾ, പണ്ടുകാലത്തുള്ളവർ ഉപയോഗിച്ചിരുന്ന വസ്തുക്കൾ മുതലായവയാണ് അവ


14

ചരിത്രപഠനം കൊണ്ട് എന്തു കാര്യം?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/14&oldid=162772" എന്ന താളിൽനിന്ന് ശേഖരിച്ചത്