ആറ്റിങ്ങൽ സ്വദേശിയായിരുന്ന കെ. ചിന്നമ്മ ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ തിരുവിതാംകൂറിൽ സാമൂഹ്യസേവനരംഗത്ത് തനതായ മുദ്രപതിപ്പിച്ച സ്ത്രീയായിരുന്നു. കുറഞ്ഞ സാമ്പത്തികസ്ഥിതിമാത്രമുണ്ടായിരുന്ന കുടുംബത്തിൽപ്പിറന്ന അവർക്ക് വിദ്യാഭ്യാസം സമുദായത്തിൽ ഉയരാനുള്ള മാർഗ്ഗമായി. തിരുവനന്തപുരത്തെ സെനനാ മിഷൻ സ്ത്രീവിദ്യാലയത്തിൽനിന്ന് അടിസ്ഥാനപഠനം പൂർത്തിയാക്കിയശേഷം തിരുവനന്തപുരം വനിതാകോളേജിൽനിന്ന് ബി.എയ്ക്കു താഴെയുള്ള എഫ്.എ. ബിരുദം സമ്പാദിച്ചു. പൊതുവിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റന്റ് ഇൻസ്പെക്ട്രസ്സായി ജോലിക്കുചേർന്നു. വിവാഹിതകളായ ഉദ്യോഗസ്ഥകളുടെ അവകാശങ്ങൾക്കുവേണ്ടി വാദിച്ചു. 1911ൽ ചേർന്ന നായർസമുദായസമ്മേളനത്തിൽ സ്ത്രീകൾക്ക് സമുദായകാര്യങ്ങളിലും സമുദായപരിഷ്ക്കരണത്തിലും അർഹിക്കുന്ന പ്രാധാന്യം നൽകാത്തതിൽ വ്യസനംപ്രകടിപ്പിച്ചുകൊണ്ടു നടത്തിയ പ്രസംഗം വളരെ ശ്രദ്ധപിടിച്ചുപറ്റി. മന്നത്തുപത്മനാഭനടക്കമുള്ള നായർനേതാക്കളുടെ ആദരവും അംഗീകാരവും ചുരുങ്ങിയവേളയിൽ നേടാൻ അവർക്കു കഴിഞ്ഞു. നിരവധി വനിതാസമാജങ്ങൾ സ്ഥാപിച്ചു. 1918ൽ തിരുവനന്തപുരത്ത് ശ്രീമൂലം ഷഷ്ട്യബ്ദപൂർത്തിസ്മാരക ഹിന്ദുമഹിളാമന്ദിരം സ്ഥാപിച്ചു. സാധുപെൺകുട്ടികൾക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകുന്ന സ്ഥാപനമെന്ന നിലയ്ക്ക് കഠിനാദ്ധ്വാനത്തിലൂടെ അതിനെ വളർത്തിയെടുത്തു. മഹിളാമന്ദിരം എന്ന പേരിൽ ഒരു സ്ത്രീപ്രസിദ്ധീകരണവും നടത്തിയിരുന്നു. 1930ൽ ചിന്നമ്മ അന്തരിച്ചുവെങ്കിലും അവർ തുടങ്ങിയ സ്ഥാപനം ഇന്നും നിലനിൽക്കുന്നു.
ലേഖകർ വിവരിക്കുന്നുണ്ട്. ഇങ്ങനെയുള്ള പെണ്ണുങ്ങളെ ഭർത്താക്കന്മാർ 'കോലുകൊണ്ട് പഠിപ്പിച്ചാലേ നന്നാവൂ' എന്ന് പറയുന്നതിൽ യാതൊരു തെറ്റും അക്കാലത്ത് അവർക്കു തോന്നിയില്ല. മറിച്ച്, ഇത്തരം പെരുമാറ്റം ഭർത്താക്കന്മാരിൽനിന്ന് ഉണ്ടായാൽ അവരെ കോലുകൊണ്ട് പഠിപ്പിക്കാനുള്ള അധികാരം ഭാര്യമാർക്കുള്ളതായി ഇവരും, ഇവരെപ്പോലുള്ള മറ്റുകൂട്ടരും ആരും പറഞ്ഞതേയില്ല. 'നല്ലപിള്ള'യായിക്കഴിയുക എന്ന ഭാരം എപ്പോഴും സ്ത്രീയുടെ തലയിലാണല്ലോ? ഇതിനെക്കുറിച്ചാണ് തിരുവിതാംകൂർസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിൽ ജോലിനോക്കിയ ആദ്യത്തെ വനിതകളിൽ ഒരാളായിരുന്ന കെ. ലക്ഷ്മി അമ്മ 'പുരുഷധർമ്മം' എന്ന തന്റെ ലേഖനത്തിൽ പറഞ്ഞത്:
ഭാര്യാധർമ്മം, സ്ത്രീധർമ്മം മുതലായ ധർമ്മങ്ങളെപ്പറ്റി അനേകം ലേഖനങ്ങൾ ഈയിടെ കാണുന്നുണ്ട്. എന്നാൽ, അതുപോലെതന്നെ ഭർത്തൃധർമ്മത്തെയോ പുരുഷധർമ്മെത്തയോപറ്റി യാതൊന്നും പ്രസിദ്ധപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. സ്ത്രീകൾക്ക് മാത്രമാണോ അവരുടെ മുറയെപ്പറ്റി ഓർമ്മയില്ലാതിരിക്കുന്നത്. അല്ലെങ്കിൽ പുരുഷന്മാർക്ക് യാതൊരു ചുമതലയും ഇല്ലെന്നുണ്ടോ?
...ഭർത്താവിനെ ശുശ്രൂഷിക്കുന്നത് ഭാര്യയുടെ ചുമതലയാണെങ്കിൽ അതുപോലെതന്നെ അവശ്യം ഭാര്യയെ ശുശ്രൂഷിക്കുന്നത് ഭർത്താവിന്റെയും ചുമതലയാണെന്നതിൽ സംശയമില്ല. അതുകൊണ്ട് സ്ത്രീധർമ്മത്തെ ഉപദേശിക്കുന്ന മഹാത്മാക്കൾ അവരവരുടെ കർത്ത