Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്കയും ധാരാളംപേർ പ്രകടിപ്പിച്ചു. കുടുംബജോലികൾതന്നെ ഏറ്റവും നല്ല ക്രമത്തിൽ ചെയ്യണമെന്ന ആവശ്യം സ്കൂൾപഠിപ്പുകൊണ്ട് സാധിക്കില്ലെന്നതിനാൽ പെൺകുട്ടികൾക്ക് ഈവക കഴിവുകൾ ഉണ്ടാക്കിക്കൊടുക്കുന്ന പ്രത്യേക 'സ്ത്രീവിദ്യാഭ്യാസം' വേണമെന്ന വാദം സാധാരണ കേട്ടിരുന്നു. സർക്കാരും സമുദായപ്രമാണികളും ഈ സ്ത്രീവിദ്യാഭ്യാസം പരീക്ഷിച്ചുനോക്കുകയും ചെയ്തു. 1914-ൽ തിരുവിതാംകൂർ സർക്കാർപള്ളിക്കൂടങ്ങൾക്ക് വേണ്ടി രചിക്കപ്പെട്ട സ്ത്രീവിദ്യാഗൃഹപാഠാവലി എന്ന പുസ്തകം നമുക്കൊന്നു പരിശോധിച്ചുനോക്കാം. എൻ.ശിവരാമപിള്ള, ചെങ്കോട്ട ഡി.രാമയ്യർ എന്നീ രണ്ടു പുരുഷന്മാരാണ് ഈ പുസ്തകത്തിന്റെ രചന നിർവഹിച്ചത്. പുരുഷന്റെ വരുതിക്ക് സ്ത്രീയെ നിർത്താനുള്ള എളുപ്പമാർഗ്ഗം എന്തെന്നുള്ള പ്രശ്നമാണ് പുസ്തകത്തിലെ ആമുഖത്തിലെ മുഖ്യചർച്ചാവിഷയം. സ്ത്രീകൾ പഠിച്ചാൽ ഉദ്യോഗംതേടുമെന്നോ പുരുഷന്റെ വരുതി നിഷേധിച്ചു വിദ്യാഗർവുകൊണ്ട് 'ദുർമാർഗികളായി ഭവിക്കു'മെന്നോ പലരും ഭയക്കുന്നുണ്ടെന്ന് ആദ്യംതന്നെ ലേഖകർ തിരിച്ചറിയുന്നു. എന്നാൽ 'യഥാർത്ഥസ്ത്രീവിദ്യാഭ്യാസം' ഇങ്ങനെ സ്വാതന്ത്ര്യബോധമുള്ള 'ഗർവ്വുകാരികളെ' ഉണ്ടാക്കില്ലെന്നും മറിച്ച്, അവർ കൂടുതൽ അടക്കവും വിനയവും അനുസരണയും വീട്ടുത്തരവാദിത്വങ്ങൾ വഹിക്കാനുള്ള പ്രാപ്തിയും ഉള്ളവരായി ഭവിക്കുമെന്നുമാണ് ലേഖകരുടെ വാദം:

ക്ഷേത്രങ്ങളിൽമാത്രം ദൈവമുണ്ടെന്നും അവിടെയുള്ള വിഗ്രഹങ്ങളെക്കൂടാതെ വേറെ ദൈവമില്ലെന്നുമോർക്കുന്ന പാമരസ്ത്രീകൾ മേൽപ്രകാരം വിഗ്രഹങ്ങളില്ലാത്ത ഭവനങ്ങളിൽ പാപകൃത്യങ്ങൾചെയ്യുന്നതിന് ഭയപ്പെടുന്നതാണോ? സ്ത്രീകൾ പഠിച്ചാലവർക്ക് സകല വിവേകവും ഉണ്ടാകുന്നതാകയാൽ അവർ പുരുഷന്മാർക്ക് മന്ത്രികളെപ്പോലെ സമയങ്ങളിൽ ബുദ്ധിപറയുന്നതാണ്, കാര്യസ്ഥന്മാരെപ്പോലെ ഗൃഹകൃത്യങ്ങളെല്ലാം നടത്തിയും നടത്തിച്ചുംകൊള്ളും, കണക്കുകളെല്ലാം എഴുതിക്കൊള്ളും. മാതാവിനെപ്പോലെ പുരുഷന്മാരെ സംരക്ഷണംചെയ്യും.

തന്നെയുമല്ല; ഏറ്റവും പ്രധാനപ്പെട്ട കാര്യം പിന്നാലെ വരുന്നു:

സ്ത്രീകൾ വിദ്യാഭ്യാസം ചെയ്തിരുന്നുവെങ്കിൽ വിദ്യതന്നെ പാതിവ്രത്യത്തിന് കാവലായിരുന്ന് പാതിവ്രത്യത്തിന് ഭംഗംവരാതെ സൂക്ഷിക്കുമെന്നുള്ളത് അസംശയമാകുന്നു.

പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവസാനകാലത്തു പ്രത്യക്ഷപ്പെട്ട ആദ്യ മലയാളനോവലുകളിലെ നായികമാരിൽ പലരും ഇപ്പറഞ്ഞ പുതിയ വിദ്യാഭ്യാസംചെയ്ത ഉത്തമസ്ത്രീകളായാണ് ചിത്രീകരിക്കപ്പെട്ടത്. സംസ്കൃതവിദ്യാഭ്യാസം ദോഷകരമാണെന്നും പെണ്ണുങ്ങളിൽ ഗർവ്വുണ്ടാക്കുമെന്നുമറ്റും ആരോപിച്ചശേഷം, സ്ത്രീകളെ ഭർത്താവിന് വിധേയകളാക്കിത്തീർക്കുന്ന പുതിയ വിദ്യാഭ്യാസരീതിയുടെ ഗുണഗണങ്ങളെ പ്രകീർത്തിക്കുന്ന പ്രസംഗങ്ങൾ ഇവയിൽ പലതിലും ചേർത്തിട്ടുണ്ട്. ക്രമേണ സ്ത്രീവിദ്യാഭ്യാസം കേരളത്തിൽ വളർന്നുവന്ന സമുദായങ്ങളുടെ പ്രിയപ്പെട്ട വിഷയമായി തീർന്നു. സ്ത്രീകളെ ഉത്തമകുടുംബിനികളും പതിവ്രതകളുമാക്കിത്തീർക്കുന്ന വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കേണ്ട കടമ സമുദായങ്ങൾക്കുണ്ടെന്നു വാദിച്ച പലരും സമുദായത്തിന്റെ സൽപ്പേരും നന്മയും മുഴുവൻ സ്ത്രീകളുടെ (മാത്രം) ഉത്തരവാദിത്വമാണെന്നുപോലും വാദിക്കാൻ മുതിർന്നു. സ്ത്രീക്ക് പുരുഷനൊപ്പം എല്ലാകാര്യങ്ങളും ചെയ്യാൻ കഴിവുണ്ടെന്നോ സ്ത്രീക്കും പുരുഷന്റെയൊപ്പം കുടുംബപരവും സാമൂഹ്യവുമായ കടമകളുണ്ടെന്നോ മാത്രമല്ല ഇവിടെ പറഞ്ഞതെന്ന് ശ്രദ്ധിക്കേണ്ടതാണ്. മറിച്ച്, സ്ത്രീക്ക് കഴിവ് പുരുഷനൊപ്പമാണെങ്കിലും സമുദായത്തോടുള്ള ഉത്തരവാദിത്വം കൂടുതലാണെന്ന വാദമാണിത്. ലഘുവായി പറഞ്ഞാൽ, സമുദായനന്മയെന്ന ഭാരം കൂടുതൽ വഹിക്കേണ്ടത് സ്ത്രീയാണെന്നവകാശപ്പെടാൻ പലരും മടിച്ചില്ല. അതിലൊരാൾ അന്നത്തെ അറിയപ്പെടുന്ന നായർസമുദായപ്രവർത്തകയായിരുന്ന കെ. ചിന്നമ്മയായിരുന്നു. അവരുടെ വാക്കുകളിൽ :

ഒരു ഗൃഹത്തിലേയോ സമുദായത്തിലേയോ മാനത്തിനും അപമാനത്തിനും കാരണം സ്ത്രീകൾതന്നെയാണെന്നുള്ളത് പറയേണ്ടതില്ലല്ലോ. പുരുഷന്മാർ ദുഃസ്വഭാവികളും അറിവില്ലാത്തവരും ആയിത്തീർന്നാലുണ്ടാകുന്ന ഭവിഷ്യത്തുകൾ അത്ര അസഹ്യമാകയില്ല. നേരെമറിച്ച് സ്ത്രീയുടെ ദുഃസ്വഭാവവും അറിവില്ലായ്മയും നിമിത്തം ഉണ്ടാകുന്ന ഭവിഷ്യത്തുകൾ 'ഗുരുതര'മാണ്.

('വിദ്യാഭ്യാസത്തിൽ സ്ത്രീകളുടെ സ്ഥാനം', ലക്ഷ്മീഭായി 8 (6) 1913)


തന്നെയുമല്ല, അനുസരണകാട്ടാത്ത സ്ത്രീകളെ അടിച്ചുനന്നാക്കാനുള്ള അധികാരം ഭർത്താക്കന്മാർക്ക് വകവച്ചുകൊടുക്കുന്ന വാദങ്ങൾ ഈ ചർച്ചയിലുടനീളം കേൾക്കാനുമുണ്ടായിരുന്നു. അധികം ചോദ്യംചെയ്യപ്പെടാതെ അവ ഉന്നയിക്കപ്പെട്ടു. മുമ്പ് പരിശോധിച്ച സ്ത്രീവിദ്യാഗൃഹപാഠാവലിയിലെ പാഠപുസ്തകത്തിൽ ഭർത്താവിനുമുമ്പിൽ പാതിവ്രത്യസത്യം ചെയ്തിട്ട് സൂത്രത്തിൽ അയാളെ പറ്റിക്കുന്ന ഒരു കൗശലക്കാരിയുടെ കഥ

156

വിദ്യാഭ്യാസമുള്ള സ്ത്രീ സ്വതന്ത്രയോ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/156&oldid=162790" എന്ന താളിൽനിന്ന് ശേഖരിച്ചത്