Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാര്യത്തിൽ ഇവിടുത്തെ സ്ത്രീകൾ വളരെയധികം ശ്രദ്ധിക്കുന്നത് ഇക്കാരണത്താലാകാം. 'സാരിക്കിടയിലൂടെ വയർ കാണുന്നല്ലോ', 'ദുപ്പട്ട സ്ഥാനത്തുതന്നെയല്ലേ' - ഇങ്ങനെ പല പരിശോധനകളും സ്വയം നടത്തിയശേഷമാണ് മലയാളിസ്ത്രീ ഇന്ന് വീട്ടിൽനിന്ന് ഇറങ്ങുന്നത്. കോളേജ്, ജോലിസ്ഥലം ഇവിടെയെല്ലാം ഈ പരിശോധനകൾ ആവർത്തിക്കപ്പെടുന്നതും പതിവാണ്. ആണുങ്ങൾക്ക് ഇത്തരം അസൗകര്യങ്ങൾ കുറവാണ്. തലമുടിയുടെ സ്റ്റൈൽ, ഷർട്ട് എവിടംവരെ തുറന്നിടാം എന്ന കാര്യങ്ങളിൽ ആൺകുട്ടികൾക്ക് ചിലപ്പോഴൊക്കെ നിയന്ത്രണമുണ്ടാവാം. പക്ഷേ, പൊതുവെ പറഞ്ഞാൽ സ്വന്തം ശരീരത്തെ എങ്ങനെ കൊണ്ടുനടക്കണമെന്ന കാര്യത്തിൽ ആണുങ്ങൾക്ക് കുറേക്കൂടി സ്വാതന്ത്ര്യമുണ്ട്. പെണ്ണിന്റെ ഉടുപ്പിന് കഴുത്തിറക്കം കൂടിപ്പോയെന്നു പറയുന്നവൻ പലപ്പോഴും ഇറുകിപ്പിടിച്ച ജീൻസോ കണ്ണാടിപോലെ സുതാര്യമായ മുണ്ടോ ഉടുത്തിട്ടായിരിക്കും കമന്റ് പാസ്സാക്കുക! പെണ്ണിനുമേൽ അടിച്ചേൽപ്പിക്കുന്ന 'വസ്ത്രസദാചാരം' ആണുങ്ങൾക്കു ബാധകമല്ലെന്ന പരിപൂർണ്ണവിശ്വാസത്തിലാണ് ഇദ്ദേഹം കമന്റടിക്കുന്നത്.

പടിഞ്ഞാറൻ വസ്ത്രങ്ങൾ - ജീൻസ്, പാന്റ്സ്, ചെറിയ പാവാട - ധരിച്ചാൽ സ്ത്രീകൾ 'ഇന്ത്യൻ സംസ്കാര'ത്തിനു പുറത്താകുമെന്ന് അടുത്തകാലത്ത് ചില തീവ്രവാദികൾ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. പുരുഷന്മാർ കോട്ടും സൂട്ടും ജീൻസും ധരിച്ചു നടക്കുന്നതിൽ തെറ്റില്ല; അവർക്ക് മുണ്ടിനടിയിൽ അടിപ്പാവാട വേണ്ട; നേർത്ത ഷർട്ടിനടിയിൽ ബനിയൻ ഇടാതെയും നടക്കാം; ചെറിയ കുട്ടിനിക്കറുമിട്ട്, കയ്യില്ലാത്ത ബനിയനും കയറ്റി റോഡിലൂടെ കറങ്ങാം - ഇതൊന്നും 'ഇന്ത്യൻസംസ്കാര'ത്തിനു കുഴപ്പംവരുത്തില്ല. എന്നാൽ സ്ത്രീകൾ അതിന്റെ പകുതിവഴിയെത്തിയാൽ 'എല്ലാംനശിച്ചു' എന്നു പ്രഖ്യാപിക്കാൻ ആളുണ്ട്! വാസ്തവത്തിൽ ഈ ഇരട്ടത്താപ്പ് ഏറിയോ കുറഞ്ഞോ ഇന്ത്യയിലെല്ലായിടത്തുമുണ്ട്. മതതീവ്രവാദം വളർന്നതോടെ ഇത്തരം ഭ്രാന്ത് അല്പം കുറവായിരുന്ന നഗരപ്രദേശങ്ങളിൽപ്പോലും ഈ ഇരട്ടസദാചാരം നടപ്പിലാക്കാനുള്ള ശ്രമങ്ങൾ കൂടുതലായി കാണുന്നുണ്ട്.

വസ്ത്രധാരണത്തിന്റെ ചരിത്രമെടുത്താൽ കേരളത്തിന് ചില സവിശേഷതകളുണ്ട്. മേൽവസ്ത്രം ധരിക്കാത്ത സ്ത്രീകൾ അശ്ലീലപ്രദർശനം നടത്തുകയാണെന്ന ധാരണ രണ്ടുമൂന്നുതലമുറമുമ്പുവരെ ഇവിടെ വിരളമായിരുന്നുവെന്നതാണ് അവയിൽ ആദ്യത്തേത്. ഏകദേശം നാല്പത്-അമ്പത് വർഷം മുമ്പുവരെയും നാട്ടിൽപുറങ്ങളിൽ മാറുമറയ്ക്കാത്ത മുതിർന്ന സ്ത്രീകളെ സാധാരണയായി കാണാമായിരുന്നു. മുണ്ടുംബ്ലൗസും പേരിനൊരു തോർത്തും ധരിച്ച് കടയിലുംമറ്റും പോകുന്ന സ്ത്രീകൾ, മുട്ടൊപ്പം വസ്ത്രംധരിച്ച് പാടത്തും പറമ്പിലും പണിയെടുക്കുന്നവർ, ബ്ലൗസും ഒന്നരയും ധരിച്ച് ഈറനോടെ അമ്പലങ്ങളിൽ തൊഴുന്ന സ്ത്രീകൾ, കുഞ്ഞുങ്ങൾക്കു മുലകൊടുക്കുന്നവർ - ഇവരാരും ഇവിടെ കാഴ്ചവസ്തുക്കളായിരുന്നില്ല. ഇന്നത്തെയപേക്ഷിച്ച് ദാരിദ്ര്യം അധികമായിരുന്ന കാലമായിരുന്നതുകൊണ്ട് ഇന്നു നാം പാലിക്കുന്ന മോടിയൊന്നും അന്നത്തെ വസ്ത്രത്തിനില്ലായിരുന്നുവെന്നതു വാസ്തവംതന്നെ. വസ്ത്രംകൊണ്ട് മുഴുവനും മൂടിവെച്ചിട്ടില്ലാത്ത സ്ത്രീശരീരം എല്ലായ്പോഴും 'കുഴപ്പം' വിളിച്ചുവരുത്തുമെന്ന ഇന്നത്തെ ഭയം അന്ന് തീർച്ചയായും കുറവായിരുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ, സ്ത്രീശരീരം 'പാപത്തെ വിളിച്ചുവരുത്തു'മെന്ന പേടി അടുത്തിടെയാണ് ഇത്രയും വ്യാപകമായത്. വാസ്തവത്തിൽ പത്തൊമ്പതാം നൂറ്റാണ്ടുമുതൽ ഇരുപതാംനൂറ്റാണ്ടിന്റെ ഒടുക്കംവരെയും തുടർന്നുവന്ന ഒരു നീണ്ട 'യുദ്ധ'ത്തിന്റെ ഭാഗമായിട്ടാണ് ഈ ധാരണയ്ക്ക് ഇത്രയും ബലമുണ്ടായത്. ഇക്കാലത്ത് ശക്തമായിത്തീർന്ന സമുദായപരിഷ്കരണപ്രസ്ഥാനങ്ങളും സമൂഹത്തെ ആധുനികമാക്കിത്തീർക്കാൻ പ്രയത്നിച്ച സർക്കാരുകളും നാട്ടുകാരെ 'സംസ്ക്കാരം' പഠിപ്പിക്കാൻ വാശിയോടെ പ്രവർത്തിച്ച മിഷണറിമാരും ചേർന്നാണ് ഈ 'യുദ്ധ'ത്തിനു തയ്യാറായത്. പരമ്പരാഗതമായ അധികാരസ്ഥാപനങ്ങളിൽനിന്ന് - അതായത് പഴയ കുടുംബവ്യവസ്ഥകൾ, ജാതിനിയമങ്ങൾ മുതലായവയിൽനിന്ന് - സ്ത്രീശരീരത്തെ 'പിടിച്ചെടുത്ത്' തങ്ങളുടെ താത്പര്യങ്ങൾക്കനുസൃതമായി അതിനെ രൂപപ്പെടുത്താനുള്ള 'യുദ്ധ'മായിരുന്നു അത്. സ്ത്രീകൾ പലപ്പോഴും ഇതിൽ സജീവപങ്കാളികളായിരുന്നു. എന്നാൽ സ്ത്രീശരീരത്തെ സ്ത്രീകൾക്കു വിട്ടുകൊടുക്കണമെന്ന ആവശ്യം അവരിൽ അപൂർവ്വംപേർ മാത്രമേ ഉന്നയിച്ചുള്ളു. എന്നാൽ സ്ത്രീയുടെ നഗ്നതമറയ്ക്കുന്നതാണ് സംസ്കാരമെന്നു വാദിക്കുമ്പോഴും പുരുഷന് ഇഷ്ടപ്പെടുന്ന രീതിയിൽത്തന്നെ അതു ചെയ്തുകൊള്ളണമെന്ന ആശയം ഇരുപതാം നൂറ്റാണ്ടിൽ പലരും ഉന്നയിച്ചുകേട്ടപ്പോൾ ആദ്യകാലസ്ത്രീവാദികൾ അസ്വസ്ഥരായി. ഇന്നും ഈ 'യുദ്ധം' തുടരുന്നുണ്ടെന്നതാണ് സത്യം. അതേ ഭയങ്ങളും അസ്വാസ്ഥ്യങ്ങളും ഇന്നുമുണ്ട്. സ്ത്രീശരീരം സ്ത്രീയുടേതാണെന്ന് കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറയുന്ന സ്ത്രീശബ്ദങ്ങൾ ഇന്നുണ്ട് എന്നതാണ് വ്യത്യാസം.


മാറുമറയ്ക്കലും നാണവും മാനവും

പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളത്തിൽ നിലവിലുണ്ടായിരുന്ന വസ്ത്രധാരണരീതികൾ ഇവിടത്തെ


133


സ്ത്രീശരീരത്തിനു ചുറ്റും നടന്ന യുദ്ധങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/133&oldid=162765" എന്ന താളിൽനിന്ന് ശേഖരിച്ചത്