താൾ:Kulastreeyum Chanthapennum Undayathengane.djvu/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജാതിവ്യവസ്ഥയുമായി ചേർന്നുനിന്നിരുന്നവയാണ്. പൊതുവെ പറഞ്ഞാൽ, കീഴ്ജാതിക്കാർക്ക് മോശപ്പെട്ട വസ്ത്രം ധരിക്കാനേ അവകാശമുണ്ടായിരുന്നുള്ളൂ; മുട്ടിനുതാഴെ കഷ്ടിച്ചെത്തുന്ന അരവസ്ത്രം മാത്രമെ കീഴ്ജാതിക്കാരിൽ ആണുംപെണ്ണും ധരിച്ചിരുന്നുള്ളു. ഓരോ ജാതിവിഭാഗക്കാർക്കും പ്രത്യേകതരം വസ്ത്രധാരണം നിർബന്ധമായിരുന്നതുകൊണ്ട് ഏതൊരാളുടെയും ജാതി പെട്ടെന്നുതന്നെ വെളിവായിരുന്നു. ഈ ചിട്ടകളെ ലംഘിക്കാൻ ശ്രമിക്കുന്നത് വലിയ കുറ്റമായി കണക്കാക്കപ്പെട്ടുമിരുന്നു.

ജാതിവ്യവസ്ഥയ്ക്കെതിരെ പത്തൊമ്പതാം നൂറ്റാണ്ടിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളിൽ വസ്ത്രധാരണം വലിയ വിവാദവിഷയമായത് ചുമ്മാതല്ല. ഇക്കാലത്ത് തെക്കൻതിരുവിതാംകൂർ പ്രദേശങ്ങളിൽ മതപ്രചരണം നടത്താനെത്തിയ മിഷണറിമാർ - എൽ.എം.എസ്. സഭയുടെ പ്രവർത്തകർ - മതംമാറിയ കീഴ്ജാതിക്കാരുടെ വസ്ത്രധാരണരീതിയിൽ മാറ്റംവരുത്താൻ ശ്രമിച്ചു. ക്രിസ്തീയവീക്ഷണപ്രകാരം സ്ത്രീകളുടെ നഗ്നത അനുവദിച്ചുകൂടാത്തതായതുകൊണ്ട് മതംമാറിയ സ്ത്രീകൾ മാറുമറയ്ക്കണമെന്ന് അവർ നിർബന്ധിച്ചു. എന്നാൽ ഇത്തരം പാപബോധം പരിചയിക്കാത്ത സ്ത്രീകളെക്കൊണ്ട് ഇത് അനുസരിപ്പിക്കാൻ എളുപ്പമായിരുന്നില്ല. മാത്രമല്ല, തെക്കൻതിരുവിതാംകൂറിൽ മതംമാറിയവരിൽ പ്രധാനികൾ ചാന്നാർ ജാതിയിൽപ്പെട്ടവരായിരുന്നു. അവരെസ്സംബന്ധിച്ചിടത്തോളം മതംമാറ്റം മാത്രമല്ല ജാതിക്കയറ്റവും പ്രധാനമായിരുന്നു. നായർസ്ത്രീകൾ ധരിച്ചിരുന്ന മേൽമുണ്ട് അന്ന് കീഴ്ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് അനുവദിച്ചിരുന്നില്ല. ഈ നിയമത്തെ ലംഘിക്കാൻ ചാന്നാർസ്ത്രീകൾ തയ്യാറായി. ബ്ലൗസ് ധരിച്ച് നഗ്നത മറയ്ക്കുന്നതിനു പുറമെ മേൽമുണ്ടുകൂടി ധരിക്കാൻ അവർ മുതിർന്നു. ക്രിസ്ത്യൻ ചാന്നാട്ടികളുടെ വസ്ത്രധാരണരീതിയെ മതംമാറാത്ത ചാന്നാട്ടികളും അനുകരിച്ചുതുടങ്ങി. വാസ്തവത്തിൽ ചാന്നാട്ടികളുടെ വസ്ത്രധാരണരീതിയിൽ മാറ്റമുണ്ടാകാൻ ഇതുമാത്രമായിരുന്നില്ല കാരണം. തിരുനെൽവേലി പ്രദേശത്ത് ജോലിചെയ്തിരുന്ന പല ചാന്നാന്മാരും സിലോൺ, മലയ പ്രദേശങ്ങളിലേക്ക് ഇക്കാലത്ത് കുടിയേറിത്തുടങ്ങിയിരുന്നു. ഇതിനെത്തുടർന്ന് ഇവരുടെ സ്ഥാനത്ത് തിരുനെൽവേലിയിലെത്തിയ ചാന്നാന്മാർ അവിടുത്തെ തമിഴ്സ്ത്രീകളെ അനുകരിച്ച് സ്വന്തം വസ്ത്രധാരണത്തിൽ മാറ്റംവരുത്തി. അങ്ങനെ, ചുരുക്കിപ്പറഞ്ഞാൽ, പല ചാന്നാട്ടികളും ബ്ലൗസ് ധരിക്കാൻ തുടങ്ങി; പലരും മേൽമുണ്ടിടാനും. ഇവർ ബ്ലൗസ് ധരിക്കുന്നതിനോട് ഉന്നതജാതിക്കാർക്ക് എതിർപ്പില്ലായിരുന്നെങ്കിലും മേൽമുണ്ട് ധരിക്കാനുള്ള അവകാശം അന്നത്തെ ജാതിനിയമപ്രകാരം ഉന്നതജാതിക്കാർക്കുമാത്രമേ ഉണ്ടായിരുന്നുള്ളു. ചാന്നാട്ടികളുടെ മേൽമുണ്ടുധാരണം തെക്കൻതിരുവിതാംകൂറിൽ പത്തൊമ്പതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ വലിയ ലഹളയ്ക്കും വഴക്കിനും ഇടവരുത്തി. അതിനെയാണ് 'മാറുമറയ്ക്കൽ സമരം' (Breast-cloth struggle) എന്നു വിളിക്കുന്നത്. > കാണുക പുറം 211, 212 <

ഈ സമരത്തിൽ മിഷണറിമാരും ബ്രിട്ടീഷധികാരികളും ചാന്നാന്മാരുടെ പക്ഷത്തായിരുന്നു. 1812ൽത്തന്നെ തിരുവിതാംകൂർ ഭരണം ഏറ്റെടുത്ത ബ്രിട്ടീഷ് പ്രതിനിധി കേണൽ മൺറോ കീഴ്ജാതിക്കാരികൾക്ക് കുപ്പായംധരിക്കാൻ അനുവാദമുണ്ടെന്ന് കൽപ്പന പുറപ്പെടുവിച്ചിരുന്നു. എന്നാൽ 'മേൽമുണ്ട്പ്രശ്നം' രൂക്ഷമായതിനെത്തുടർന്ന് 1822 മുതൽ തെക്കൻകേരളത്തിൽ പലയിടത്തും വസ്ത്രംധരിച്ച ചാന്നാർസ്ത്രീകൾക്കെതിരെ നായന്മാർ അക്രമം അഴിച്ചുവിട്ടു. ഇടയ്ക്കും മുറയ്ക്കും ലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ ക്രിസ്ത്യൻചാന്നാട്ടികൾക്ക് ബ്ലൗസിടാമെന്നും എന്നാൽ അവർ നായന്മാരെപ്പോലെ മേൽമുണ്ട് ധരിച്ചുകൂടെന്നും സർക്കാർ പ്രഖ്യാപിച്ചു. മതംമാറാത്ത ചാന്നാട്ടികൾക്ക് ഇതു രണ്ടും പാടില്ലായിരുന്നു. 1858ൽ വീണ്ടും രൂക്ഷമായ സംഘർഷമുണ്ടായി. 1859ൽ ക്രിസ്ത്യൻചാന്നാട്ടികൾക്കു കുപ്പായമിടാമെന്നും അതേവസ്ത്രം മറ്റു ചാന്നാട്ടികൾക്കുമാകാമെന്നും സമ്മതിച്ചുകൊണ്ടുള്ള സർക്കാർ പ്രഖ്യാപനമുണ്ടായി. മിഷണറിമാർ മദ്രാസിലെ ബ്രിട്ടീഷ് അധികാരികളെ സമീപിച്ച് തിരുവിതാംകൂർ സർക്കാരിനുമേൽ കൂടുതൽ സമ്മർദ്ദംചെലുത്തണമെന്ന് അഭ്യർത്ഥിച്ചു. അപ്രകാരം ബ്രിട്ടീഷ് അധികാരികൾ പ്രവർത്തിക്കുകയും ചെയ്തു. ഒടുവിൽ 1865ൽ വസ്ത്രധാരണക്കാര്യത്തിൽ നിലവിലുണ്ടായിരുന്ന നിരോധനങ്ങളെ മുഴുവൻ നീക്കംചെയ്ത പ്രഖ്യാപനം സർക്കാരിൽ നിന്നുണ്ടായി. വളരെപ്പതുക്കെ എല്ലാ ജാതിക്കാരും കുപ്പായവും മേൽമുണ്ടും ധരിച്ചുതുടങ്ങി.

ജാതിയെക്കുറിക്കുന്ന വസ്ത്രധാരണരീതികളെ പരസ്യമായി ഉപേക്ഷിച്ചുകൊണ്ട് പുതിയരീതികളെ സ്വീകരിക്കുന്നത് ഇക്കാലത്തെയും പിൽക്കാലത്തെയും ജാതിവിരുദ്ധസമരങ്ങളുടെ ഒരു സവിശേഷപ്രയോഗമായി മാറി. 1916ൽ കൊല്ലത്തു നടന്ന യോഗത്തിൽവച്ച് തിരുവിതാംകൂറിലെ കീഴാളനേതാവായിരുന്ന അയ്യങ്കാളിയുടെ നേതൃത്വത്തിൽ പുലയസ്ത്രീകൾ തങ്ങൾ പരമ്പരാഗതമായി ധരിച്ചുവന്നിരുന്ന 'കല്ലയും മാലയും' വലിച്ചെറിഞ്ഞു. പൊയ്കയിൽ അപ്പച്ചന്റെ അനുകൂലികളായ കീഴാളജനങ്ങൾ വൃത്തിയുള്ള വെള്ളവസ്ത്രം ധരിക്കാൻ തുടങ്ങി. > കാണുക പുറം 40 <

134

സ്ത്രീശരീരത്തിനു ചുറ്റും നടന്ന യുദ്ധങ്ങൾ


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/134&oldid=162766" എന്ന താളിൽനിന്ന് ശേഖരിച്ചത്