താൾ:Kulastreeyum Chanthapennum Undayathengane.djvu/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
'സാരി'യും ഇന്ത്യൻ സംസ്കാരവും.
'ഇന്ത്യൻ സംസ്കാര'ത്തിന്റെ ഉത്പന്നവും ചിഹ്നവുമായി എല്ലാവരും ആദരിക്കുന്ന 'സാരി' എന്ന വസ്ത്രം നാം ഇന്നു ധരിക്കുന്ന രീതി സംവിധാനംചെയ്തത് ഒരു വിദേശവനിതയായിരുന്നുവെന്ന കാര്യം എത്രപേർക്കറിയാം? ബംഗാൾ നവോത്ഥാനത്തിന്റെ നായകന്മാരിൽ ഒരാളായിരുന്ന കേശബ്ചന്ദ്ര സെന്നും സെനാനാമിഷനിൽ പ്രവർത്തിച്ചിരുന്ന ഒരു മിഷണറിവനിതയും ചേർന്നാണ് 'സാരി'ക്ക് ഈ പുതിയരൂപം നല്കിയത്. ബംഗാളിൽ സ്ത്രീകൾ കനംകുറഞ്ഞ പരുത്തിസാരികൾമാത്രമേ ഉടുത്തിരുന്നുള്ളു - അവർ ബ്ലൗസ്, പാവാട തുടങ്ങിയവയൊന്നും ഉപയോഗിച്ചിരുന്നില്ല. ബംഗാളിലെ ചൂടിനും വിയർപ്പിനും പറ്റിയ വസ്ത്രധാരണരീതിയായിരുന്നു അത്. അവിടുത്തെ സ്ത്രീകൾക്ക് അന്ന് ശരീരത്തെക്കുറിച്ച് പാപബോധമോ ലജ്ജയോ ഉണ്ടായിരുന്നില്ല. എന്നാൽ മിഷണറിമാർക്കും സാമൂഹ്യപരിഷ്കർത്താക്കൾക്കും വസ്ത്രരീതിയിൽ സൗകര്യം, സുഖം എന്നതിലുപരി 'മാന്യത'യായിരുന്നു പ്രധാനം. അവർ 'സാരി'യെ മാന്യമാക്കാൻ തീരുമാനിച്ചു. പത്തൊമ്പതാംനൂറ്റാണ്ടിലെ ബ്രിട്ടിഷ് സ്ത്രീകൾ ധരിച്ചിരുന്ന നീണ്ട ഗൗൺ (നമ്മുടെ ഇന്നത്തെ നൈറ്റിമാതിരി, കുറേക്കൂടി ഇറുകിയ, ഒരു വേഷം)പോലെ അതിനെ ആക്കിത്തീർക്കാനായിരുന്നു അവരുടെ ശ്രമം. ഇറുകിയ, കയ്യിറക്കവും മെയ്യിറക്കവുമുള്ള ബ്ലൗസ്, അടിപ്പാവാട (പെറ്റിക്കോട്ട് എന്നാണ് അന്നത്തെ മദാമ്മമാർ അതിനെ വിളിച്ചിരുന്നത്; നമ്മളിൽ ചിലർ ഇന്നും ആ വാക്ക് ഉപയോഗിക്കുന്നു.) ഇവകൂടി ചേർത്തപ്പോൾ 'സാരി' ഗൗൺമാതിരിയായി. 'ഇന്ത്യൻവേഷം' എന്ന പേരിൽ ഇത് നാട്ടിൽമുഴുവൻ പ്രചരിപ്പിച്ചു. ഇന്നാകട്ടെ മദാമ്മമാർ അവരുടെ വസ്ത്രശാഠ്യങ്ങളെല്ലാം കളഞ്ഞ് സൗകര്യം, സുഖം, ഭംഗി എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്നു. നമ്മളോ, അവർ കെട്ടിയേൽപ്പിച്ച വസ്ത്രസദാചാരത്തെ 'ഇന്ത്യൻ സംസ്കാര'മായി തെറ്റിദ്ധരിച്ച് അതിനെയും കെട്ടിയെഴുന്നള്ളിച്ചു കഴിയുന്നു!
സാരി എന്ന വസ്ത്രം 'ഭാരതീയ ദേശീയവേഷ'മായി മാറിയത് പലവഴിക്കാണ്. രാജാ രവിവർമ്മ ഹിന്ദുദേവതമാരെ ചിത്രീകരിക്കാൻ തുനിഞ്ഞപ്പോൾ അവർക്കു പറ്റിയ വസ്ത്രം സാരിയാണെന്നു തീരുമാനിക്കുകയായിരുന്നുവത്രേ. ഇന്ത്യയിലെ പല പ്രദേശങ്ങളിലും സ്ത്രീകൾ ഇതു ധരിക്കുന്നുവെന്ന കണ്ടെത്തലായിരുന്നു ഇതിനു പ്രചോദനം. എന്നാൽ രവിവർമ്മയുടെ കണ്ണിലെ 'ഹിന്ദുസ്ത്രീ'യുടെ മാതൃക സവർണ്ണഹിന്ദുവനിതയായിരുന്നുവെന്ന വാസ്തവം കാണേണ്ടതുണ്ട്. മഹാരാഷ്ട്രിയൻ ശൈലിയിൽ (മഹാരാഷ്ട്രയിലെ സവർണ്ണസ്ത്രീകളുടെ ശൈലിയിൽ) വസ്ത്രധാരണംചെയ്ത ദേവതകളെയും പുരാണകഥാപാത്രങ്ങളെയുമാണ് രവിവർമ്മച്ചിത്രങ്ങളിൽ നാം കാണുന്നത്.
"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/132&oldid=162764" എന്ന താളിൽനിന്ന് ശേഖരിച്ചത്