ഭർത്താവിനെ അനുസരിക്കുകയല്ലാതെ ഉപദേശിക്കുക എന്ന കടമ ഞാൻ ഒരിക്കലും നിർവ്വഹിച്ചിരുന്നില്ല. അത് അദ്ദേഹത്തിനു ഹിതമായിരിക്കയില്ലെന്നും ഞാൻ അറിഞ്ഞിരുന്നു... വല്ല പുതിയ കാര്യങ്ങളും തുടങ്ങുമ്പോൾ അദ്ദേഹം ചിലപ്പോൾ എന്നോടു അഭിപ്രായം ചോദിക്കാറുണ്ടായിരുന്നു. അങ്ങനെയുള്ള അവസരങ്ങളിൽ അദ്ദേഹത്തിനു രസിക്കത്തക്ക അഭിപ്രായമേ ഞാൻ പറക പതിവായിരുന്നുള്ളൂ.
ചുരുക്കിപ്പറഞ്ഞാൽ നവമാതൃത്വത്തെക്കുറിച്ച് 20-ാം നൂറ്റാണ്ടിന്റെ മദ്ധ്യദശകങ്ങളിൽ ലേഖികമാർ ഉന്നയിച്ച സംശയങ്ങൾ അസ്ഥാനത്തായിരുന്നില്ല എന്ന് നാമിന്നു മനസ്സിലാക്കുന്നു. അവരുടെ വിമർശനങ്ങളിൽ അസാധുവായ ഒന്നുമില്ലെന്നല്ല ഇതിനർത്ഥം. തീർച്ചയായുമുണ്ട്. 'സ്ത്രീസഹജവാസന'യെപ്പറ്റി ചിന്നമ്മാളു അമ്മയും മാതൃത്വത്തിന്റെ മഹദ്ശക്തിയെക്കുറിച്ച് അന്തർജനവും സ്ത്രീശരീരത്തിന്റെ കുറവുകളെപ്പറ്റി സരസ്വതിയമ്മയും വച്ചുപുലർത്തിയ ധാരണകൾ അതിശയോക്തിപരമായിരുന്നില്ലേ എന്ന ചോദ്യമുണ്ട്; മാതൃത്വത്തിലൂടെ സ്ത്രീകൾ ഒന്നിക്കുമെന്നും അതിനെ വികസിപ്പിക്കുന്നതിലൂടെ സമൂഹം കൂടുതൽ മനുഷ്യത്വപൂർണ്ണമാകുമെന്നും മറ്റുമുള്ള പ്രതീക്ഷകൾ എത്ര അയഥാർത്ഥമാണെന്ന് പിൻദൃഷ്ടിയിൽ വ്യക്തമാകുന്നുമുണ്ട്. എന്നാൽ സ്വന്തം (അണു)കുടുംബത്തിന്റെ നാലുചുമരുകൾക്കപ്പുറത്തേക്ക് സ്ത്രീകളെ കടക്കാനനുവദിക്കാത്ത മാതൃത്വം സ്ത്രീവിരുദ്ധമാകാനാണിട എന്ന ആ തിരിച്ചറിവിന്റെ പ്രസക്തിയെ കുറച്ചുകാണാനെളുപ്പമല്ല! ഇക്കാര്യം തിരിച്ചറിയുക മാത്രമല്ല, ഇതിനനുസൃതമായി സ്വന്തം ജീവിതത്തെ പുനഃക്രമീകരിക്കാനും തയ്യാറായ സ്ത്രീകൾ കേരളത്തിൽ അക്കാലത്തുണ്ടായിരുന്നുവെന്നതാണ് വസ്തുത! അവരിലൊരാളായിരുന്ന കെ. ചിന്നമ്മയുടെ ജീവചരിത്രകാരൻ വിവരിച്ച ഒരു സംഭവമാണ്
മാറുന്ന മാതൃത്വം