തുന്നവരുടെ എണ്ണം ഈ നാട്ടിൽ ചെറുതല്ല. സമൂഹത്തിൽ മത്സരത്തിന്റെ വേഗം കൂടുന്തോറും മക്കളെ തള്ളിത്തള്ളിവിടാനുള്ള ആവേശവും വർദ്ധിച്ചുവരുന്നു. നവമാതൃത്വം ആനന്ദകരമാണെങ്കിലും പല ആശങ്കകൾക്കും അത് ഇടയാക്കുന്നുവെന്ന് അതിന്റെ ആദ്യകാല വക്താക്കൾതന്നെ വളരെപ്പണ്ടേ നിരീക്ഷിച്ചിട്ടുണ്ട്. കുട്ടി ജനിക്കുമ്പോൾത്തന്നെ അതിന്റെ ഭാവിയെപ്പറ്റി വിചാരിച്ച് മാതാവ് ആശങ്കാകുലയാകുന്നതിന്റെ നിരവധി ചിത്രങ്ങൾ ബാലാമണിയമ്മയുടെ കവിതകളിലുണ്ട്. ('അമ്മയും മകനും', 'പിച്ചവെപ്പ്' മുതലായ കവിതകൾ). ആനന്ദവും ആശങ്കയും കൂടിക്കലർന്നുള്ള അവസ്ഥയെയാണ് ബാലാമണിയമ്മ വിവരിച്ചതെങ്കിൽ ഇന്ന് ആശങ്ക മാത്രമേയുള്ളോ എന്നു സംശയിച്ചുപോകുന്ന അവസ്ഥയാണ് പല വീടുകളിലും.
ഇത്രയുമധികം ശുഷ്കാന്തിയോടെ മക്കളെ പഠിപ്പിച്ച അമ്മമാർപോലും വാർദ്ധക്യകാലത്ത് പലപ്പോഴും അശരണരായിപ്പോകുന്നതെന്തുകൊണ്ട്? 'സൗമ്യാധികാര'ത്തിന്റെ പരിമിതികളിലേക്കല്ലേ ഇത് വിരൽചൂണ്ടുന്നതെന്ന് നാം ആലോചിക്കണം. മരുമക്കത്തായകൂട്ടുകുടുംബങ്ങളിലെ സ്ത്രീകൾ പണത്തിന് അത്യാർത്തി കാട്ടിയിരുന്നുവെന്ന ധാരണ പല സാഹിത്യകൃതികളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ടുകാണാറുണ്ട്. അവർക്ക് ആരോടും സ്നേഹമില്ലെന്നും മക്കളെ അവർ വേണ്ടത്ര പരിചരിക്കുന്നില്ലെന്നും മറ്റുമാണ് ആരോപണങ്ങൾ. സ്വന്തം സാമ്പത്തികസുരക്ഷിതത്വത്തെക്കുറിച്ച് വിചാരമുള്ള സ്ത്രീ 'ചീത്ത അമ്മ'യായി കണക്കാക്കപ്പെടും; എന്നാൽ ഉള്ളതുമുഴുവൻ മക്കൾക്ക് യാതൊരു ചോദ്യവുംകൂടാതെ കൊടുക്കുന്ന സ്ത്രീ 'നല്ല അമ്മയും' (സിനിമയിലെ 'കവിയൂർപൊന്നമ്മമാതൃത്വ'ത്തെക്കുറിച്ച് ആലോചിച്ചുനോക്കൂ). ഈ 'നല്ല അമ്മ'യ്ക്ക് 'സൗമ്യാധികാര'മുള്ളതുകൊണ്ട് അവരെ എല്ലാവരും സ്നേഹിക്കുകയും രക്ഷിക്കുകയും ചെയ്യുമെന്നാണ് നവമാതൃത്വത്തിന്റെ വക്താക്കൾ കരുതിയത്. 'സൗമ്യാധികാരം' എല്ലായ്പ്പോഴും പ്രവർത്തിക്കുമെന്നും അതിലൂടെ മാതാവിന്റെ സംരക്ഷണം ഉറപ്പാകുമെന്നും തീർച്ചയില്ലെന്നതാണ് കാര്യം. കേരളീയസ്ത്രീകൾക്കു മാതൃക എന്നു വാഴ്ത്തപ്പെട്ട വനിതകൾക്കുപോലും ഇത് എളുപ്പമായിരുന്നില്ല. അത്തരത്തിൽ പ്രശംസിക്കപ്പെട്ട ഒരു വനിത - സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭാര്യ ബി. കല്യാണിയമ്മ - ഇക്കാര്യം തുറന്നുസമ്മതിക്കുന്നുണ്ട്:
126