Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കയും ചെയ്തു. ശിശുമരണനിരക്കു കുറയ്ക്കുന്നതിലും സ്കൂൾപഠനത്തിലേക്കു കുട്ടികളെ തയ്യാറാക്കുന്നതിലും ജനനനിരക്കുകുറച്ച് ആരോഗ്യമുള്ള കുടുംബങ്ങൾ ഉണ്ടാക്കുന്നതിലും ഇവിടുത്തെ അഭ്യസ്തവിദ്യരായ കുടുംബിനികളുടെ സംഭാവന മുന്തിയതാണെന്ന അംഗീകാരം അന്താരാഷ്ട്രതലത്തിൽത്തന്നെയുണ്ടായി.

ഈ അനുമോദനങ്ങൾ അവിടെ നിൽക്കട്ടെ. പ്രശംസയ്ക്കപ്പുറം കേരളത്തിലെ മാതാക്കളുടെ ഇന്നത്തെ നില എന്താണെന്ന് തിരക്കിയാലോ? പ്രശംസകൊണ്ട് വയറുനിറയില്ലെന്ന് പണ്ടാരോ പറഞ്ഞതുപോലെ പ്രശംസകൊണ്ട് അമ്മമാരുടെ സ്ഥിതി മെച്ചപ്പെടുമെന്നില്ലെന്നു സമ്മതിക്കേണ്ടിവരും! കേരളത്തിലെ പ്രായമായ അമ്മമാരുടെ സാമ്പത്തികവും സാമൂഹികവുമായ നില തീരെ മെച്ചമല്ലെന്നാണ് ഗവേഷകർ പറയുന്നത്. വയസ്സുകാലത്ത് സ്വത്തുക്കളോ വരുമാനമോ ഇല്ലാത്ത വിധവകളുടെയും ഒറ്റയ്ക്കു താമസിക്കേണ്ടിവരുന്ന വൃദ്ധമാതാക്കളുടെയും എണ്ണം ഇവിടെ കൂടുതലാണ്. ഇതൊരുകാര്യം.

മറ്റൊരു കാര്യം, കുടുംബാസൂത്രണത്തെക്കുറിച്ചാണ്. നവമാതൃത്വത്തിന് പറ്റിയ ഉപകരണമാണ് കുടുംബാസൂത്രണമെന്ന ആശയം 1930കളിലേ കേട്ടുതുടങ്ങിയതാണ് - എണ്ണം കുറയുമ്പോൾ കുട്ടികളെ കൂടുതൽ പരിചരിക്കാനാകുമെന്ന സാമാന്യബോധമായിരുന്നു ഇതിനു പിന്നിൽ. 1960കളായപ്പോഴേക്കും ഈ ആശയം ദേശീയകുടുംബാസൂത്രണപരിപാടിയിലൂടെ വലിയ പ്രചാരംനേടി. കുടുംബത്തിന്റെ വലുപ്പം നിയന്ത്രിക്കുന്നതിന്റെ മുഖ്യ ഉത്തരവാദിത്വം മാതാവിനാണെന്ന് പ്രത്യക്ഷമായും പരോക്ഷമായും സ്ഥാപിക്കപ്പെട്ടു. 1970കളുടെ ഒടുക്കമായപ്പോഴേക്കും കേന്ദ്രസർക്കാർ നയംതന്നെ ഇതിനെ അനുകൂലിക്കുന്നവിധം മാറ്റിയെഴുതാനുള്ള സാഹചര്യം വന്നു. പുരുഷന്മാരുടെ വന്ധ്യംകരണം 1970കളുടെ ആദ്യവർഷങ്ങളിൽ കേരളത്തിൽ വളരെയധികം നടന്നിരുന്നു. കുടുംബനാഥന്മാർ എന്ന നിലയിൽ പുരുഷന്മാർ തങ്ങളുടെ കർത്തവ്യം നിർവ്വഹിക്കണമെന്നും ജനപ്പെരുപ്പത്തെ അകറ്റി രാജ്യത്തെ രക്ഷിക്കണമെന്നും മറ്റുമുള്ള ആഹ്വാനങ്ങൾ വളരെയധികം കേട്ടിരുന്നു. പക്ഷേ, 1970കളുടെ ഒടുക്കത്തോടെ സ്ത്രീകളുടെ വന്ധ്യംകരണത്തിന് വർദ്ധിച്ച പ്രചാരംനൽകാനുള്ള ശ്രമങ്ങൾ സജീവമാവുകയാണുണ്ടായത്. ഇതോടെ 'ചെറിയകുടുംബ'ത്തിന്റെ ഭാരംമുഴുവൻ അമ്മമാരുടെ തലയിലാവുകയും ചെയ്തു - ഇന്നും അങ്ങനെതന്നെ. 2000-01ലെ കണക്കുപ്രകാരം ഇവിടെ 1,545 പുരുഷവന്ധ്യംകരണങ്ങളും 1,49,498 സ്ത്രീവന്ധ്യംകരണങ്ങളുമായിരുന്നു നടന്നത്. 1999-2000 വർഷത്തിലാണെങ്കിൽ ഈ സംഖ്യകൾ 653 ഉം 1,53,515 ഉം ആയിരുന്നു! വളരെ ചെറുപ്പത്തിൽത്തന്നെ സ്ത്രീകൾ വന്ധ്യംകരണത്തിന് വിധേയരാകുന്നുണ്ട്, കേരളത്തിൽ. ഗർഭമലസിപ്പിക്കൽ കുടുംബാസൂത്രണരീതിയായി ഉപയോഗിക്കുന്ന പ്രവണതയും കാണാനുണ്ട്. ചുരുക്കിപ്പറഞ്ഞാൽ സ്ത്രീശരീരത്തെ 'ചെറിയ കുടുംബം' എന്ന ലക്ഷ്യംനേടാനുള്ള വെറുമൊരു മാർഗ്ഗംമാത്രമായി തരംതാഴ്ത്തുകയായിരുന്നു നാം. നവമാതൃത്വം സ്ത്രീശരീരത്തെ മാനിക്കുന്നില്ലെന്ന ലളിതാംബികാ അന്തർജനത്തിന്റെ വിമർശനം അസ്ഥാനത്തായിരുന്നില്ലെന്ന് ചുരുക്കം!

'കേരളമാതൃക' (Kerala Model)
1970കൾവരെ കേരളം ഇന്ത്യയിലെ 'പ്രശ്നസംസ്ഥാന'മായാണ് എണ്ണപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രസംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കേരളം - രാഷ്ട്രീയസ്ഥിരത തീരെയില്ലാത്ത ഒരിടം. എന്നാൽ 1970കളിൽ ഈ ചിത്രത്തിനു മാറ്റമുണ്ടായി. ഈ സാമ്പത്തികപിന്നോക്കാവസ്ഥയിലും കേരളം സാമൂഹ്യവികാസത്തിൽ നേടിയ വൻനേട്ടങ്ങൾ ഗവേഷകർ തിരിച്ചറിയാൻ തുടങ്ങിയതോടെയാണ് ഇത്. വിദ്യാഭ്യാസം, ആരോഗ്യം, ജനസംഖ്യാനിയന്ത്രണം, ജനങ്ങളുടെ ആയുർദൈർഘ്യം (ഇതൊക്കെച്ചേർന്നതാണ് 'സാമൂഹ്യവികസനം') മുതലായവയിൽ മലയാളികൾ ഇന്ത്യയിലെ സമ്പന്നസംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലാണെന്നും വികസിതരാജ്യങ്ങൾക്കൊപ്പം പുരോഗതി നാം നേടിയെന്നും വ്യക്തമായതോടെയാണ് 'കേരളമാതൃകാവികസന'ത്തെക്കുറിച്ചുള്ള ചർച്ച സജീവമായത്. ഇത്രയും ദരിദ്രമായ ഒരു പ്രദേശം ഇത്രയും നേട്ടം കൊയ്തതെങ്ങനെ എന്ന ചോദ്യമായിരുന്നു ഗവേഷകരുടെയും ഭരണകർത്താക്കളുടെയും അന്താരാഷ്ട്രസംഘടനകളുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതോടെ ലോകത്തിലെ ദരിദ്രരാജ്യങ്ങൾക്ക് കേരളത്തിന്റെ സാമൂഹ്യവികസനം ഒരു 'മാതൃക'യാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. ഈ സാമൂഹ്യവികസനനേട്ടങ്ങളിൽ കേരളത്തിലെ അമ്മമാർക്ക് വലിയ പങ്കുണ്ടെന്ന് പലരും വാദിച്ചു.


നവമാതൃത്വത്തിന്റെ ദോഷവശങ്ങൾ പലതും നമ്മുടെ കണ്മുമ്പിൽത്തന്നെയുണ്ട്, പ്രത്യേകിച്ചും ഇടത്തരം വീടുകളിൽ. ട്യൂഷൻ, ഡാൻസ്ക്ലാസ്, പാട്ടുക്ലാസ്, ക്വിസ് മത്സരം, സ്കൂൾപഠനം എന്നിങ്ങനെയുള്ള പലതരം ശിക്ഷകളിലൂടെ കുട്ടികളെ ദിനംതോറും കടത്തിവിട്ട് അവരെ 'വിജയി'കളാക്കിത്തീർക്കുന്നതാണ് അമ്മമാരുടെ കടമ എന്നു കരു


125


മാറുന്ന മാതൃത്വം

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/125&oldid=162756" എന്ന താളിൽനിന്ന് ശേഖരിച്ചത്