ഇവിടെ ഓർമ്മവരുന്നത്. തിരുവനന്തപുരത്ത് ഹിന്ദുമഹിളാമന്ദിരം എന്ന കേന്ദ്രം ദരിദ്രസ്ത്രീകൾക്കായി തുറന്ന മനുഷ്യസ്നേഹി എന്ന നിലയിൽ അവർ 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ പ്രസിദ്ധയായിരുന്നു.> കാണുക പുറം 155 < അവർക്കു നേരിടേണ്ടിവന്ന വിമർശനത്തെക്കുറിച്ചാണ് ജീവചരിത്രകാരൻ വിവരിക്കുന്നത്:
സാധാരണ ഒരു ഗൃഹനായികയെപ്പോലെ കഥാനായികയും [ചിന്നമ്മ] വീട്ടുകാര്യങ്ങളും ഭർതൃശുശ്രൂഷയും പുത്രപരിചരണവും നോക്കേണ്ടതായിട്ടുണ്ട് എന്നു പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ മന്ദിരത്തിന്റെ [ഹിന്ദുമഹിളാമന്ദിരത്തിന്റെ] ഭാരം കേവലം തന്റെ ചുമലിൽത്തന്നെ താങ്ങേണ്ടിവന്നതുമുതൽ വീട്ടുകാര്യങ്ങളിൽ കഥാനായിക കാണിച്ചിരുന്ന അനാസ്ഥയെക്കണ്ടിട്ടു "നിങ്ങൾ സ്വന്തംഭവനം മറന്നതുപോലെ തോന്നുന്നു, അല്ലേ" എന്ന് ഒരു ബന്ധു ചോദിച്ചപ്പോൾ, "അതെ എന്റെ വ്യക്തിത്വത്തിന് എനിക്കൊരു സ്വന്തം വീടുവേണ്ട..." എന്നാണെത്രെ മറുപടി പറഞ്ഞത്.
ഇങ്ങനെയുള്ള ധൈര്യം - വീട്ടിനുപുറത്തും മാതൃത്വം സാദ്ധ്യമാണെന്ന ആത്മവിശ്വാസവും അതു വെട്ടിത്തുറന്നങ്ങു പറയാനുള്ള പ്രതിബദ്ധതയും കലർന്ന ആ ധൈര്യം - ഇക്കാലത്ത് വിരളമായിമാത്രമേ കാണുന്നുള്ളുവെന്നതാണ് കേരളീയമാതൃത്വത്തിന്റെ പ്രശ്നം. നവമാതൃത്വത്തിന്റെ ദോഷഫലങ്ങൾ ഇന്ന് പരക്കെ വിമർശിക്കപ്പെടുന്നുണ്ടെന്നത് നേരുതന്നെ - പക്ഷേ, അതിനെ കുടുംബപരിധികൾക്കപ്പുറം നവീകരിക്കാൻ, സ്ത്രീശരീരത്തോട് നവമാതൃത്വം കാട്ടുന്ന അനീതികൾ അവസാനിപ്പിക്കാൻ, ത്യാഗം, ദയ മുതലായവയെ 'സ്ത്രീഗുണങ്ങളാ'യി ചിത്രീകരിക്കുന്നതിലൂടെ ഫലത്തിൽ പുരുഷന്മാരെ അവയിൽനിന്ന് ഒഴിവാക്കുന്ന രീതിയെ എതിർക്കാൻ, ആരുണ്ട് തയ്യാർ?
കൂടുതൽ ആലോചനയ്ക്ക്
പ്രബലചിന്താധാരകളിൽ 'ശാശ്വതം', 'ചരിത്രാതീതം' എന്നൊക്കെ വാഴ്ത്തപ്പെടുന്ന പ്രക്രിയകളെയും പ്രതിഭാസങ്ങളെയും ആ നിലയിൽനിന്നു താഴെക്കൊണ്ടുവന്ന് ചരിത്രദൃഷ്ടിക്കു വിധേയമാക്കാനുള്ള ശ്രമങ്ങളെയാണ് 'ചരിത്രവൽക്കരണശ്രമങ്ങ'ളെന്നു പറയുന്നത്. എല്ലാക്കാലത്തും നിലനിന്നുവെന്നു നാം കരുതുന്ന പലതും - മനുഷ്യശരീരം, ബാല്യകാലം, മാതൃത്വം ഇങ്ങനെ പലതും - ഇന്ന് 'ചരിത്രവൽക്കരിക്ക'പ്പെട്ടിരിക്കുന്നു. ഈ അദ്ധ്യായം 'കേരളീയ മാതൃത്വ'ത്തെ ചരിത്രദൃഷ്ടിയിലൂടെ പഠിക്കാനുള്ള പ്രാഥമികശ്രമമാണ്. 'ചരിത്രവൽക്കരണം' ഒരുതരം ചോദ്യംചെയ്യലാണ്: ഭൗതിക സാഹചര്യങ്ങളും ആശയവ്യവസ്ഥകളും മാറുന്നതനുസരിച്ച് 'മാറ്റമില്ലാത്തവ'യായി നാം പൂജിക്കുന്ന പ്രതിഭാസങ്ങളും പ്രക്രിയകളും രൂപപ്പെട്ടുവന്നതിന്റെ സങ്കീർണ്ണമായ ചരിത്രമാണ് ഇതിലൂടെ നാം തേടുന്നത്. ഇതുപോലുള്ള ചോദ്യംചെയ്യലിന് വിധേയമാക്കാൻ കഴിയുന്ന മറ്റേതൊക്കെ പ്രതിഭാസങ്ങളുണ്ട് കേരളത്തിൽ? ⚫