Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

'കേരളമാതൃക'യും മാതൃത്വവും

1930കളിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലും തൊഴിലാളിസ്ത്രീകളെ ഭാരമേറിയ വേലകളിൽനിന്നു ഒഴിവാക്കാനെന്ന പേരിൽ നടപ്പാക്കിയ നിയമങ്ങളും യന്ത്രസംവിധാനങ്ങളുടെ വരവോടെ സ്ത്രീകളെ തൊഴിലിടത്തുനിന്നു പുറത്താക്കുന്ന രീതിയും ശക്തമായിയെന്നു സ്ത്രീചരിത്രരചയിതാക്കൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മേൽവിവരിച്ച മാതൃത്വപ്രത്യയശാസ്ത്രം തൊഴിലാളി സ്ത്രീകൾക്കിടയിൽ പ്രചരിക്കാനുള്ള അന്തരീക്ഷം ഇതോടുകൂടി സജ്ജമായിത്തുടങ്ങിയെന്നും ഇവർ നിരീക്ഷിക്കുന്നു. 1939ൽ തിരുവിതാംകൂറിൽ സ്ത്രീകൾ രാത്രിസമയത്ത് പണിയെടുത്തുകൂടെന്നു നിയമംവന്നു — രാവിലെ 7നും വൈകിട്ട് 5നും ഇടയിൽ മാത്രമേ അവർക്കു പണിനൽകാവൂ. ഇതവർക്കു കൂടുതൽ വിശ്രമംകിട്ടട്ടെ എന്ന കരുതലിൽനിന്നല്ല ജനിച്ചതെന്നു കശുവണ്ടിത്തൊഴിലാളികളുടെ ചരിത്രം പഠിച്ച അന്നാ ലിന്റബർഗ് പറയുന്നു. സ്ത്രീകളുടെ ഗൃഹജോലികളെ ഫാക്ടറിസമയം ബാധിക്കരുതെന്ന കരുതലേ നിയമത്തെ അനുകൂലിച്ചവർക്കുണ്ടായിരുന്നുള്ളൂ. 1940കളിൽ തൊഴിലിടത്തെ ലിംഗതുല്യതയ്ക്കും സ്ത്രീകൾക്ക് അധികമായി വഹിക്കേണ്ടിവന്ന കുടുംബഭാരവും തുല്യപ്രാധാന്യമുള്ള പ്രശ്നങ്ങളാണെന്ന വസ്തുതയെ പരോക്ഷമായി അംഗീകരിക്കുന്ന നീക്കങ്ങൾ തൊഴിലാളിപ്രസ്ഥാനത്തിന്റെ നിലപാടുകളിൽ ദൃശ്യമായിരുന്നു. ഉദാഹരണത്തിന്, ആലപ്പുഴജില്ലയിൽ ശക്തമായിരുന്ന കയർത്തൊഴിലാളിയൂണിയനിലെ സ്ത്രീകളുടെ ഫാക്ടറിക്കമ്മറ്റികളുടെ ഇടപെടൽമൂലം 1944-45ൽ 288 കേസുകളിൽ പ്രസവാനുകൂല്യങ്ങൾ അനുവദിക്കപ്പെട്ടുവെന്നും, പ്രസവാനുകൂല്യനിയമം നിലവിലുണ്ടായിരുന്ന കൊച്ചിയിലെ അവസ്ഥയോടു താരതമ്യംചെയ്യുമ്പോൾ ഇതു വളരെ മെച്ചമാണെന്നും മീരാ വേലായുധൻ പറയുന്നു. എന്നാൽ ഈ കമ്മറ്റികൾ സ്ത്രീകളുടെ കൂലിയിൽ കുറവു വരുത്തൽ, ജോലിയിൽനിന്നു അന്യായമായ പിരിച്ചുവിടൽ, ഗാർഹികപീഡനം, എന്നിവയെ പ്രസവാനുകൂല്യം നേടിയെടുക്കലിനൊപ്പം പ്രാധാന്യത്തോടുകൂടിത്തന്നെ പരിഗണിച്ചിരുന്നു (കാണുക, മീരാ വേലായുധൻ, 'Women Workers and Struggle in Alleppey', Samya-Shakti-A Journal of Women Studies, Vol.1, No. 2). ഈ കാലത്ത് സ്ത്രീകളുടെ തുല്യവേതനത്തിന്റെ പ്രശ്നവും ഇവ ഉയർത്തിയിരുന്നു. 1943ൽ ഈ പ്രശ്നമുയർത്തിയപ്പോൾ തുല്യവേതനമുറപ്പാക്കാമെങ്കിൽ കൂലികൂട്ടുന്നതിൽ അല്പംകൂടി സാവധാനം അംഗീകരിക്കാൻ യൂണിയൻ തയ്യാറായിരുന്നെന്ന് മീര രേഖപ്പെടുത്തുന്നു. ഇക്കാലത്ത് യൂണിയൻ നേതൃത്വത്തിൽ സവിശേഷമായ സ്ത്രീസാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന കാര്യം പ്രധാനമാണ് — 1940കളിലെ രാഷ്ട്രീയപ്രക്ഷുബ്ദ്ധതമൂലം പുരുഷന്മാരായ നേതാക്കളിൽ അധികംപേരും ഒളിവിലും മറ്റുമായിരുന്ന കാലമായിരുന്നു ഇത്. 1950കളിൽ ഈ സ്ത്രീപക്ഷ കാഴ്ചപ്പാടു മാറിപ്പോവുകയും തൊഴിലാളിസ്ത്രീകൾ പ്രഥമവും പ്രധാനവുമായി വീട്ടമ്മമാരാണെന്ന ധാരണയെ അരക്കിട്ടുറപ്പിക്കുന്ന നിലപാടുകൾ പൊതുവേ ശക്തമാവുകയും ചെയ്തു. തൊഴിലാളിസ്ത്രീകളുടെ ലോകത്തേക്ക് പുതിയ മാതൃത്വാദർശത്തിന് പ്രവേശമുണ്ടാകാനുള്ള സാഹചര്യം അങ്ങനെ മെല്ലെ ഒരുങ്ങി.

നവവരേണ്യസാംസ്കാരികപരിസരങ്ങളിൽ ഉടലെടുത്ത മേൽവിവരിച്ച മാതൃത്വാദർശം തൊഴിലാളിസ്ത്രീകളുടെ ജീവിതയാഥാർത്ഥ്യങ്ങളെയോ താൽപര്യങ്ങളെയോ പരിഗണിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവ ഇരട്ടഭാരം അടിച്ചേൽപ്പിക്കുന്നവയായിരുന്നു. എന്നാൽ സർക്കാരിനും പൊതുസമൂഹത്തിനും ഇതൊരു നേട്ടമായിരുമന്നു —പൊതുജനാരോഗ്യരംഗത്ത് ഒരു കുതിച്ചു ചാട്ടം തന്നെ ഇതിലൂടെയുണ്ടായി എന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു.

1960കളോടെ പുതിയ മാതൃത്വം കേരളത്തിൽ യാഥാർത്ഥ്യമായിക്കഴിഞ്ഞുവെന്ന് സർക്കാരിന്റെ ഭാഗത്തുനിന്ന് സമ്മതമുണ്ടായി. അഭ്യസ്തവിദ്യയായ മലയാളിസ്ത്രീ കുട്ടികളെ നന്നായി പരിചരിക്കാൻ തുടങ്ങിയതിന്റെ ഫലമായി ശിശുമരണങ്ങളും ബാലമരണങ്ങളും കുറഞ്ഞുതുടങ്ങിയെന്നും കുട്ടികളുടെ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും മെച്ചം കണ്ടുതുടങ്ങിയെന്നും സ്ഥിതിവിവരക്കണക്കുകളിൽനിന്ന് സൂചനകൾ ഇക്കാലത്തു ലഭിച്ചു. കേരളത്തിലെ നാലാം പഞ്ചവത്സരപദ്ധതി (1969-74) നിർമ്മിച്ചവർ തങ്ങളുടെ റിപ്പോർട്ടിൽ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. കുടുംബ-ശിശു ക്ഷേമകേന്ദ്രങ്ങളനുവദിച്ചുകൊണ്ടുള്ള കേന്ദ്രപദ്ധതിക്ക് കേരളത്തിലുള്ള പ്രസക്തിയെക്കുറിച്ചു പറയുന്നിടത്താണിത്. ഈ പദ്ധതി സ്ത്രീകളെ നല്ല മാതാക്കളാക്കാനുള്ള പരിശീലനത്തിനാണ് ഊന്നൽ നൽകുന്നതെന്നും അത് കേരളത്തിൽ അപ്രസക്തമാണെന്നും ലേഖകർ വാദിക്കുന്നു: 'രാജ്യത്തിന്റെ ഈ ഭാഗത്തെ ഗ്രാമീണമാതാക്കൾക്ക് ബാലപരിചരണത്തെക്കുറിച്ച് വേണ്ടത്ര ഗ്രാഹ്യമുള്ളതിനാൽ മാതൃത്വപരിശീലനത്തിനു നൽകിയിട്ടുള്ള ഊന്നൽ ഇവിടെ പ്രസക്തമല്ലാതെയാണിരിക്കുന്നത്.' (നാലാംപദ്ധതി 1969-1974, കരടുരേഖ, സംസ്ഥാന ആസൂത്രണബോർഡ്, തിരുവനന്തപുരം, 1969, പുറം 248). 1970കൾമുതൽ ആരംഭിച്ച കേരളമാതൃകാവികസനത്തെക്കുറിച്ചുള്ള ചർച്ചയിൽ കേരളത്തിലെ അമ്മമാർ വലിയ കയ്യടിനേടു

124

മാറുന്ന മാതൃത്വം


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/124&oldid=162755" എന്ന താളിൽനിന്ന് ശേഖരിച്ചത്