താൾ:Kulastreeyum Chanthapennum Undayathengane.djvu/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ത്രീകൾക്കു സംഭവിച്ച ദുരന്തമെന്ന സന്ദേശമാണ് അഗ്നിസാക്ഷി എന്ന അവരുടെ നോവൽ നൽകുന്നത്. (അഗ്നിസാക്ഷി ഒരർത്ഥത്തിൽ വരേണ്യമലയാളിസ്ത്രീകളുടെ ചരിത്രംതന്നെയാണ്.)

അന്തർജനവും സരസ്വതിയമ്മയും രണ്ടുവിധത്തിൽ നടത്തിയ ആഴത്തിലുള്ള വിമർശനം അടുത്തകാലംവരെയും ശ്രദ്ധിക്കപ്പെടാതെ പോയതെന്തുകൊണ്ടെന്ന ചോദ്യം ചോദിക്കാതെ വയ്യ! ഇവിടുത്തെ സാഹിത്യവിമർശകർ അന്തർജനത്തെ 'മാതൃത്വത്തിന്റെ കഥാകാരി' എന്നു പ്രഖ്യാപിച്ച് ഒരു മൂലയ്ക്കിരുത്തി; ചിലരൊക്കെ സരസ്വതിയമ്മയെ 'കുടുംബവിരോധി'യായി മുദ്രകുത്തി. പുതിയ മാതൃത്വത്തെക്കുറിച്ച് ഇവരുയർത്തിയ ചോദ്യങ്ങളുടെ ഗൗരവം സാഹിത്യവിമർശകരും പണ്ഡിതരും തിരിച്ചറിഞ്ഞതേയില്ല! പുതിയ മാതൃത്വത്തെക്കുറിച്ചൊരു ചർച്ച, അത് സാഹിത്യത്തിലൂടെയാണെങ്കിലും, ഈ നാട്ടിൽ നടന്നുവെന്ന കാര്യംപോലും ചരിത്രരചയിതാക്കൾ തിരിച്ചറിഞ്ഞില്ല എന്നതാണ് ദുഃഖകരമായ വസ്തുത. പക്ഷേ, മാതൃത്വത്തെ ചരിത്രദൃഷ്ടിയിലൂടെ വിലയിരുത്താനുള്ള സാദ്ധ്യതപോലും അടുത്തകാലത്താണ് വെളിവായത് എന്നകാര്യം ഓർക്കേണ്ടതാണ്. 'അമ്മ' എന്ന നില ശാശ്വതവും ചോദ്യങ്ങൾക്കപ്പുറവുമാണെന്ന ധാരണ ശക്തമായിത്തുടർന്ന അന്തരീക്ഷമായിരുന്നു കേരളത്തിൽ അടുത്തിടെവരെയുണ്ടായിരുന്നത്. ഇന്നത് മാറിവരുന്നു - അതോടുകൂടി മാറിവരുന്ന കുടുംബരീതികളെയും മാതൃത്വസങ്കൽപ്പങ്ങളെയും ചരിത്രദൃഷ്ടിയിലൂടെ നാം വിലയിരുത്തിത്തുടങ്ങിയിരിക്കുന്നു.

സരസ്വതി അമ്മ
ലളിതാംബികയുടെ ശൈലിയിൽനിന്നും തീർത്തും വ്യത്യസ്തമായ കഥകളായിരുന്നു സരസ്വതി അമ്മ എഴുതിയതെങ്കിലും പുതിയ സാമൂഹ്യസാഹചര്യങ്ങൾ സ്ത്രീകൾക്കു നൽകിയ സാദ്ധ്യതകളെപ്പറ്റിയുള്ള വിചിന്തനങ്ങളാണ് അവരുടെ കഥകളിലും. 1919ൽ കുന്നപ്പുഴയിൽ കിഴക്കേവീട്ടിൽ കാർത്ത്യായനിയമ്മയുടെ മകളായി അവർ ജനിച്ചു. 1928 മുതൽ തിരുവനന്തപുരത്തായിരുന്നു സരസ്വതിയമ്മയുടെ കുടുംബം താമസിച്ചത്. തിരുനന്തപുരത്തു സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ പഠനത്തിൽ മികവു കാട്ടിയിരുന്നു. കുടുംബത്തിന് സാമ്പത്തികശേഷി കുറവായിരുന്നു. വീട്ടിൽനിന്നു പ്രോത്സാഹനം കുറവായിരുന്നു. എങ്കിലും സ്കോളർഷിപ്പിന്റെ പിൻബലത്തിൽ ഗവൺമെന്റ് വിമൻസ് കോളേജിൽ ഇന്റർമീഡിയറ്റിനു ചേർന്നു. വളരെ ബുദ്ധിമുട്ടിയാണ് പിന്നീടു ബിരുദവിദ്യാഭ്യാസം പൂർത്തിയാക്കിയത്. പുരുഷന്മാരായ വിദ്യാർത്ഥികളോട് സമഭാവനയോടെ പെരുമാറിയിരിന്നതുകൊണ്ടും പെൺകുട്ടികൾ കയറിച്ചെല്ലാൻ മടിച്ചിരുന്ന വേദികളിലേക്ക് സധൈര്യം കടന്നുചെന്നിരുന്നതുകൊണ്ടുമാവാം 'വട്ടുസരസ്വതി' എന്ന പരിഹാസപ്പേർ അവർക്കു വീണു എന്ന് സഹപാഠികൾ പറയുന്നു. 1942 ൽ ബി.ഏ പാസായശേഷം കുറച്ചുകാലം അദ്ധ്യാപികയായി പ്രവർത്തിച്ചു. 1945 ൽ ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥയായി. സ്വന്തം വീട് പണികഴിപ്പിച്ച് ഒറ്റയ്ക്കു താമസിച്ചു. കേരളത്തിൽ അക്കാലത്തു പ്രചരിച്ചുവന്ന പുതിയകുടുംബമൂല്യങ്ങളുടെ സ്ത്രീവിരുദ്ധതയെ വിട്ടുവീഴ്ച്ചയില്ലാതെ തുറന്നുകാട്ടുന്ന കഥകളാണവരുടേത്.


123


മാറുന്ന മാതൃത്വം

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/123&oldid=162754" എന്ന താളിൽനിന്ന് ശേഖരിച്ചത്