Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണ്ടതുകൊണ്ട് സമുദായകാര്യങ്ങളിൽ പ്രവേശിച്ചുകൂടാ എന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ വാസ്തവത്തിൽ കാര്യം നേരെ മറിച്ചാണ്. മാതൃത്വം സ്ത്രീക്കുമാത്രം നിറവേറ്റുവാൻ കഴിയുന്ന ഒരു അവസ്ഥയായി എത്രത്തോളംകാലം ഈശ്വരൻ നിശ്ചയിക്കുന്നുവോ, അത്രത്തോളംകാലം സമുദായത്തിലെ എല്ലാ കാര്യങ്ങളിലും സ്ത്രീബുദ്ധിയും സ്ത്രീയുടെ അഭിപ്രായങ്ങളും പ്രബലപ്പെട്ടു കാണേണ്ടതാണ്. കാരണം, മനുഷ്യജീവന്റെ വില സ്ത്രീ അറിയുന്നതുപോലെ ഒരുകാലത്തും പുരുഷൻ അറിയുന്നില്ല...

...യുദ്ധം എങ്ങനെയാണ് ഇല്ലാതാക്കേണ്ടത് എന്ന് ലോകത്തിൽ സകല രാജ്യക്കാരും ആലോചിച്ചുവരുന്നു... സ്ത്രീകൾക്കും പുരുഷന്മാരെപ്പോലെ സാമുദായികകാര്യങ്ങളിൽ പ്രാബല്യമുണ്ടായിരുന്നെങ്കിൽ ഈ അവസ്ഥ ഒരിക്കലും വരുന്നതല്ല. ഭൂമി മനുഷ്യരക്തംകൊണ്ടു നനയുന്നതുകണ്ടു മേലിലുണ്ടാവാൻപോകുന്ന ധനവും കച്ചവടലാഭവും ആലോചിച്ച് സ്ത്രീക്ക് സന്തോഷിപ്പിക്കാൻ കഴിയുന്നതല്ല.

... രാജ്യത്തു വൈദ്യന്മാരും ആസ്പത്രികളും സ്കൂളുകളും പോരാ എന്നു പറയുമ്പോൾ സൈന്യച്ചെലവിനു പണം ആവശ്യമുള്ളതുകൊണ്ട് ഈവക കാര്യങ്ങളിൽ പണം ചെലവുചെയ്യാൻ സാധിക്കയില്ലെന്നാണ് ഇന്നത്തെ ഭരണാധികാരികൾ പറയുന്നത്. മനുഷ്യജീവനെ നശിപ്പിക്കുന്നതിന് അതിനെ രക്ഷിക്കുന്നതിനേക്കാൾ ആവശ്യമായ സംഗതിയായിട്ട് അവർ വിചാരിക്കുന്നു. പൗരകാര്യങ്ങളിൽ പുരുഷന്മാർക്കെന്നപോലെ സ്ത്രീകൾക്കും അധികാരമുണ്ടെങ്കിൽ നിശ്ചയമായും ഇങ്ങനെ ഒരു അഭിപ്രായം ഒരുരാജ്യത്തും പ്രചാരത്തിൽ വരികയില്ല.

സ്ത്രീകളുടെ പൊതുപ്രവർത്തനം അവരുടെ കുടുംബ ഉത്തരവാദിത്വത്തെ ബാധിക്കുമെന്ന എതിർപ്പിനെ മുൻകൂട്ടി കണ്ടുകൊണ്ട് ചിന്നമ്മാളു അമ്മ അതിനു മറുപടി പറയുന്നുണ്ട്:

ഒന്നാമത്തെ വിരോധം പൗരകാര്യങ്ങളിൽ പ്രവേശിച്ചാൽ മാതൃത്വവും ഭാര്യാത്വവും സ്ത്രീകൾക്കു കുറഞ്ഞുപോകുമെന്നാണ്. അവ സ്വീകരിച്ചാൽത്തന്നെയും വേണ്ടുംവണ്ണം നിർവ്വഹിക്കയില്ല എന്നാണു പിന്നത്തെ വാദം. പ്രഥമദൃഷ്ടിയിൽ ഈ ന്യായങ്ങൾക്കു വളരെ അടിസ്ഥാനമുണ്ടെന്നു തോന്നിപ്പോകും. പക്ഷേ, അൽപ്പം ആലോചിച്ചാൽ അവ നിസ്സാരങ്ങളാണെന്നു കാണാം. ഒരു സമുദായത്തിൽ ജനിച്ച എല്ലാ സ്ത്രീകളും മാതൃത്വത്തെയും ഭാര്യാപദത്തെയും വഹിക്കുന്നില്ല. ചിലർ വിധവകളായിപ്പോകുന്നുണ്ട്. ചിലർ കന്യകകളായിത്തന്നെ ഇരിക്കുന്നു. സമുദായത്തിന്റെ നിലനിൽപ്പിന് എല്ലാ സ്ത്രീകളും ആ പദവികൾ വഹിക്കണമെന്നും ഇല്ല. നാം ഇപ്പോൾ ആ അപരിഷ്കൃതകാലത്തിലല്ല ജീവിക്കുന്നത്.

... ഈ 20-ാം നൂറ്റാണ്ടിൽ സമുദായത്തിന്റെ എണ്ണമല്ല ഗുണമാണ് ഉത്ക്കർഷത്തിന്റെ ലക്ഷണം.

('സമുദായത്തിൽ സ്ത്രീകളുടെ സ്ഥാനം', മഹിള 4(7), 1924)


വേങ്ങാലിൽ കെ. ചിന്നമ്മാളു അമ്മ
കഴിവുള്ള പുരുഷന് പ്രശസ്തിയും അംഗീകാരവും കൂടുതൽ എളുപ്പത്തിൽ കിട്ടുന്നു; കഴിവുള്ള സ്ത്രീയോ, പലപ്പോഴും കുടത്തിലെ ദീപംപോലെയാണ്. ഈ ദുഃഖസത്യത്തിനു തെളിവാണ് വി.കെ. ചിന്നമ്മാളു അമ്മ. കോഴിക്കോട് പന്നിയങ്കരയ്ക്കു സമീപമുള്ള പ്രശസ്തമായ വേങ്ങാലിൽ തറവാട്ടിൽ കോമത്ത് കൃഷ്ണക്കുറുപ്പിന്റെയും വേങ്ങാലിൽ ലക്ഷ്മിക്കുട്ടിയമ്മയുടെയും മൂത്തമകളായിരുന്നു അവർ. അസാമാന്യമായ ഭാഷാപാടവമുണ്ടായിരുന്ന അവർ മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഫ്രഞ്ച്, ലാറ്റിൻ എന്നീ ഭാഷകളിൽ ലേഖനങ്ങളും പ്രബന്ധങ്ങളും രചിച്ചിരുന്നു. അവർ 14-ാം വയസ്സിൽ രചിച്ച സംസ്കൃതഗ്രന്ഥം മെട്രിക്കുലേഷൻ (10-ാം ക്ലാസ്) പരീക്ഷയ്ക്കു പാഠപുസ്തകമായിരുന്നു. അങ്ങനെ സ്വന്തം പുസ്തകം പരീക്ഷയ്ക്കു പഠിച്ചു പാസാവുക എന്ന അപൂർവ്വഭാഗ്യം അവർക്കു കൈവന്നു! വിദ്യാഭ്യാസാനന്തരം ചിന്നമ്മാളുവമ്മ മദ്രാസിലേക്ക് താമസം മാറ്റി; വിവാഹം വേണ്ടെന്നുവച്ചു. അദ്ധ്യാപിക, സാമൂഹ്യപ്രവർത്തക എന്ന നിലകളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാൽ, ചിന്നമ്മാളുവമ്മയെക്കുറിച്ചറിയുന്ന മലയാളികൾ ചുരുങ്ങും. അവരുടെ സഹോദരനെ, പക്ഷേ, എല്ലാവരുമറിയും - സാക്ഷാൽ വി.കെ. കൃഷ്ണമേനോൻ, നെഹ്രുവിന്റെ സന്തതസഹചാരി, ആദ്യകാല ഇന്ത്യൻ വിദേശനയം രൂപപ്പെടുത്തുന്നതിൽ മുഖ്യപങ്കുവഹിച്ച വ്യക്തി, നെഹ്രു മന്ത്രിസഭയിലെ പ്രതിരോധമന്ത്രി എന്നീ നിലകളിൽ പ്രശസ്തനാണല്ലോ അദ്ദേഹം.


പുതിയ മാതൃത്വത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങളെ വിപുലീകരിക്കുകയായിരുന്നു വി.കെ. ചിന്നമ്മാളു അമ്മയുടെ താൽപ്പര്യം. എന്നാൽ ഈ അടിസ്ഥാനലക്ഷ്യങ്ങൾ സമൂഹത്തിന് ഹിതകരമാണോ സ്ത്രീകൾക്ക് അവ കൂടുതൽ അനുകൂലംതന്നെയോ എന്നുള്ള ചോദ്യങ്ങളുന്നയിച്ചവരും ഇതേകാലത്തുതന്നെയുണ്ടായിരുന്നു. ഇവരുടെ വിമർശനം പുതിയ മാതൃത്വത്തിന്റെ അടിസ്ഥാന ന്യായീകരണങ്ങൾക്കുനേരെയായിരുന്നു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരികളായ ലളിതാംബികാ അന്തർജനം, കെ. സരസ്വതി അമ്മ എന്നിവരുടെ പേരുകൾ ഇവിടെ ഓർക്കേണ്ടതുണ്ട്. തികച്ചും വ്യത്യസ്തമായ


121


മാറുന്ന മാതൃത്വം

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/121&oldid=162752" എന്ന താളിൽനിന്ന് ശേഖരിച്ചത്