താൾ:Kulastreeyum Chanthapennum Undayathengane.djvu/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ത്രീകൾ പുരുഷന്മാരോടു സമത്വം നേടുന്നത് അവരുടെ പിന്നിൽ തൂങ്ങിയിട്ടാണുപോലും...ഇന്നു കണാരൻ മരിച്ചാൽ കണാരന്റെ മിസ്സിസ്സ് നാളെ ഒരു അമ്പുവിനെയായിരിക്കും മാലയിടുന്നത്. അപ്പോഴോ ഇന്നലത്തെ മിസ്സിസ്സ് കണാരൻ ഇന്നത്തെ മിസ്സിസ്സ് അമ്പുവായി. പോരാ മറ്റന്നാൾ അവൾ ഒരു കോപ്പനെ സ്വീകരിക്കുന്നു. അപ്പോഴോ അവൾ മിസ്സിസ്സ് കോപ്പനാകണം... ആ ചെറോട്ടിക്ക് എന്നും ചെറോട്ടിതന്നെയായി തന്റെ പേരു നിലനിർത്തരുതോ?

(ഇട്ടിച്ചിരിയമ്മ. 'പെണ്ണുങ്ങളും പരിഷ്ക്കാരവും'. മഹിള 16 (3).1935)


ഇട്ടിച്ചിരിയമ്മയുടെ വിമർശനം മുൻകാല ആദർശങ്ങളെ മുൻനിർത്തിയായിരുന്നെങ്കിൽ, പുതിയ മാതൃത്വാദർശത്തെ വിമർശിച്ച പലരും അതിനെ വിപുലീകരിക്കാനും പുനർനിർവ്വചിക്കാനുമാണ് ശ്രമിച്ചത്. ഇവർ പുതിയ മാതൃത്വത്തെ തള്ളിക്കളഞ്ഞില്ല; 'തറവാട്ടിലമ്മ'യുടെ സ്ഥാനം അതിനെക്കാൾ മഹത്തരമാണെന്ന് വാദിച്ചുമില്ല. യഥാർത്ഥമാതൃത്വത്തിന് ശാരീരികമായ വശങ്ങളുണ്ടെങ്കിലും അതിനു ചില പ്രത്യേക മനോഗുണങ്ങൾ ആവശ്യമാണെന്നും ഇവ സ്ത്രീകളിൽ സഹജമായുണ്ടെന്നും സമ്മതിച്ചു. സ്ത്രീകൾക്ക് ഏറ്റവും നന്നായി വഹിക്കാൻകഴിയുന്ന അധികാരം 'സൗമ്യാധികാര'മാണെന്നും അവർ കരുതി. ഒറ്റക്കാര്യത്തിലേ അവർക്കഭിപ്രായവ്യത്യാസമുണ്ടായിരുന്നുള്ളൂ; 'സൗമ്യമായ അധികാരം' ചെലുത്താനുള്ള സ്ത്രീയുടെ കഴിവിന് വീട്ടിനകത്തുമാത്രമല്ല, പുറത്തും പ്രസക്തിയുണ്ട്. പണ്ടുകാലത്തുണ്ടായിരുന്ന മർദ്ദനപരമായ ശിക്ഷാവിധികളുംമറ്റും ഉപേക്ഷിച്ച് ഭരണകൂടങ്ങൾപോലും ജനക്ഷേമപരിപാടികളിലൂടെ ജനങ്ങളെ ഉദ്ധരിക്കാൻ ശ്രമിക്കുന്ന ആധുനികലോകത്താണ് നാം ജീവിക്കുന്നതെന്ന് ഈ വിമർശകർ ചൂണ്ടിക്കാട്ടി. 'സൗമ്യമായ അധികാര'ത്തിന്റെ പ്രയോഗം ആവശ്യമായ സ്ഥാപനങ്ങൾ കുടുംബത്തിനുപുറമേ നിരവധിയുണ്ടെന്നും അവയുടെ എണ്ണവും ആവശ്യവും വളരുകയാണെന്നും. വിദ്യാലയങ്ങൾ, ആശുപത്രികൾ, അഗതിമന്ദിരങ്ങൾ, മുതലായ സ്ഥാപനങ്ങൾ മർദ്ദനപരമായ അധികാരത്തിലൂടെയല്ല, 'സൗമ്യാധികാര'ത്തിലൂടെയാണ് നന്നായി നടക്കുകയെന്നും അതിനാൽ സ്ത്രീകൾക്ക് അവരുടെ സഹജമായ കഴിവുകൾ പ്രകടിപ്പിക്കാൻ കുടുംബത്തിനു പുറത്തും സാധിക്കുമെന്ന് ഇക്കൂട്ടർ വാദിച്ചു - ഇത് ലോകത്തിന്റെ നന്മയ്ക്കുതന്നെ അത്യന്താപേക്ഷിതമാണെന്നായിരുന്നു അവരുടെ പക്ഷം. സ്ത്രീയെയും സൗമ്യമായി ഭരിക്കാൻ അവൾക്കുള്ള കഴിവിനെയും കുടുംബത്തിന്റെ നാലുചുമരുകൾക്കുള്ളിൽ തളച്ചിട്ടശേഷം ലോകം ഭരിക്കാനിറങ്ങിയ പുരുഷൻ ഇവിടെ ഹിംസയ്ക്കും യുദ്ധത്തിനും മത്സരത്തിനും അമിതമായ പ്രാധാന്യം കൽപ്പിക്കുന്നത് മനുഷ്യരാശിയെത്തന്നെ പ്രതിസന്ധിയിലാഴ്ത്തിയില്ലേ എന്നവർ ചോദിച്ചു. സ്ത്രീയുടെ സൗമ്യാധികാരമായിരുന്നു പൊതുഭരണത്തെ സ്വാധീനിച്ചതെങ്കിൽ ഇതുണ്ടാകില്ലായിരുന്നുവെന്ന് ഉറപ്പിച്ചുപറയുകയും ചെയ്ത വി.കെ. ചിന്നമ്മാളു അമ്മയുടെ വാക്കുകളിൽ:

താൻ ക്ലേശമനുഭവിച്ചു പ്രസവിച്ച് വളർത്തിയ സന്താനങ്ങളുടെ - സമുദായാംഗങ്ങളുടെ - ഭാവി നിയന്ത്രണം ചെയ്യുന്നതിൽ സ്ത്രീക്കും ഒരു സ്ഥാനം കൽപ്പിക്കേണ്ടത് ന്യായവും ആവശ്യവുമാണ്. സ്ത്രീ മാതൃത്വം വഹിക്കേ

120

മാറുന്ന മാതൃത്വം


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/120&oldid=162751" എന്ന താളിൽനിന്ന് ശേഖരിച്ചത്