ക്കിത്തീർക്കാൻ കാരണവും മരുമക്കത്തായംതന്നെയാണെന്നു ചിലർ പറയുമായിരിക്കും. വാസ്തവത്തിൽ അങ്ങനെയല്ല. മരുമക്കത്തായത്തിന്റെ യഥാർത്ഥമല്ലാത്ത നിർവ്വഹണവും അവിഭക്തകുടുംബത്തിന്റെ ദുർഭരണവും നവീനവിദ്യാഭ്യാസത്തിന്റെ വികടഗതിയും എല്ലാം കൂടിക്കലർന്ന് നിലതെറ്റിയതിനാൽ മലയാളികളുടെ ഇടയിൽ പൌരുഷം അല്ലെങ്കിൽ പുരുഷത്വം ക്ഷയിച്ചു... ഈ സ്ഥിതിക്കു ഭാര്യയേയും മക്കളേയും ഭരിപ്പാനുള്ള പ്രാപ്തി ഈ യുവാക്കളിൽ അധികപക്ഷം ആളുകൾക്കും കിട്ടാഞ്ഞാൽ അത്ഭുതമില്ലല്ലോ...
ഈ മനോഭാവം വ്യാപകമായിത്തുടങ്ങുന്നകാലത്താണ് വരവിലയും വളർന്നത്. 'യഥാർത്ഥ പുരുഷൻ' ഭാര്യയെ ഭരിക്കുന്നവനാണെങ്കിൽ അവരുടെ സ്വത്തുക്കൾ കൈകാര്യംചെയ്യാനുള്ള അധികാരവും അയാൾക്കുതന്നെ എന്ന വിചാരത്തോടെ വിവാഹവേളയിൽ വധുവിന്റെ സ്വത്തിനെക്കുറിച്ചുള്ള അന്വേഷണവും തുടങ്ങി. സർക്കാർജോലിക്കാർക്ക് 'ഡിമാന്റുകൾ' ഏറുകയുംചെയ്തു. 1925ൽ തിരുവിതാംകൂറിലെ നായർ കൂട്ടുകുടുംബങ്ങൾ ഭാഗംവയ്ക്കാൻ അനുവദിച്ച നായർബിൽ പാസായതോടുകൂടി ഭാര്യയ്ക്കു ലഭിക്കേണ്ട ഓഹരി 'സ്ത്രീധന'മായി ഭർതൃഗൃഹത്തിലേക്ക് ഒഴുകാനും തുടങ്ങി.
1931ലെ തിരുവിതാംകൂർ ജനസംഖ്യാകണക്കെടുപ്പു (സെൻസസ്) റിപ്പോർട്ടിൽ 'യോഗ്യത'യുള്ള പുരുഷന്മാർക്ക് വൻതുക നൽകി പെൺകുട്ടികളെ വിവാഹംകഴിപ്പിക്കുന്ന രീതി നായർ-ഈഴവ കുടുംബങ്ങളിൽ കണ്ടുതുടങ്ങിയെന്ന നിരീക്ഷണമുണ്ട്. എന്നാൽ ഇതിനു വളരെമുമ്പുതന്നെ, ഈ സമ്പ്രദായം ആദ്യം കണ്ടുതുടങ്ങിയ ഘട്ടംമുതൽക്കേ, ഇതിനെയും ഇതിന്റെ സംരക്ഷകരായ സമുദായനേതാക്കന്മാരെയും കഠിനമായി വിമർശിച്ചവരുണ്ടായിരുന്നു. നായർ-ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്ന് ആധുനികവിദ്യാഭ്യാസം ചെയ്ത ആദ്യതലമുറക്കാരികൾ പലരും വരവിലയെ നിശിതമായി വിമർശിച്ചു. അവരിലൊരാളായിരുന്ന കെ. പത്മാവതി അമ്മ 1912ൽത്തന്നെ 'പണമെത്ര തരും?' എന്ന ചോദ്യവുമായി എത്തുന്ന സംബന്ധാന്വേഷകരെ നാല് ഇനമായി തിരിച്ചു. ആദ്യത്തേത് 'ശുദ്ധനാടൻ', അത് നാലാംക്ലാസ്സുകാർ. രണ്ടാമത്തേത്, അൽപ്പസ്വൽപ്പം ഇംഗ്ലീഷറിയും, ഒരു ചെറിയ ജോലിയുണ്ട് - അത് മൂന്നാം ക്ലാസ്സ്. നാലാം ക്ലാസ്സുകാരുടെ റേറ്റ് 200-500 രൂപയായിരിക്കുമ്പോൾ, മൂന്നാംക്ലാസ്സുകാരുടെ റേറ്റ് ആയിരമോ അതിനപ്പുറമോ ആയിരിക്കും. ബി.ഏ പാസായവരാണ് പിന്നെ രണ്ടാംക്ലാസ്സുകാർ. ആയിരത്തിനുമേലാണ് അവരുടെ റേറ്റ്. ഇവരുടെ ഉപരിപഠനം പലപ്പോഴും വധുവിന്റെ ചെലവിലാണ്. ഏറ്റവും മുകളിൽ ഒന്നാംക്ലാസ്സുകാരാണ്. അവർ സർക്കാരിന്റെ വകുപ്പുകളിൽ ഉദ്യോഗസ്ഥന്മാരോ വക്കീലന്മാരോ ഒക്കെയാണ്. ഇവരെക്കുറിച്ച് 'സാമാന്യക്കാരൊന്നും ഇവരുടെ കാര്യത്തെപ്പറ്റി ആലോചിക്കുകയേ വേണ്ട' എന്നാണ് പത്മാവതി അമ്മ പറയുന്നത്!
ഈ വില തീർച്ചപ്പെടുത്തലും കൊടുക്കലും കഴിയുമ്പോൾ കച്ചവടത്തിന്റെ യുക്തിയനുസരിച്ച് എല്ലാവരും ചിന്തിച്ചുതുടങ്ങുന്നതെങ്ങനെ എന്നവർ വിശദീകരിക്കുന്നു; സ്ത്രീകൾക്ക് അത് പ്രതികൂലമാകുന്നതെങ്ങനെ എന്നും:
... പ്രിയസഹോദരിമാരെ! അല്പം ആലോചിച്ചാൽ നിങ്ങൾക്കുതന്നെ അറിവാൻ കഴിയും. വിലകൊടുത്തു വാങ്ങിയ ഒരു സാധനത്തിലോ അതല്ല വെറുതെ കിട്ടിയ ഒരു സാധനത്തിലോ നിങ്ങൾക്ക് അധികം പ്രിയമുണ്ടായിരിക്കുക? എന്തിനെയാണ് നിങ്ങൾ അധികം കരുതലോടും ശ്രദ്ധയോടുംകൂടി സൂക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക? വിലയ്ക്കുവാങ്ങിയ സാധനം നിങ്ങളുടെ ദൃഷ്ടിയിൽ പ്രത്യേകം പ്രിയമുള്ളതായും അതിനെ യാതൊരു കേടുപാടുംകൂടാതെ സൂക്ഷിക്കുന്നതിൽ നിങ്ങൾ അതീവനിഷ്ക്കർഷതയുള്ളവരുമായിരിക്കയില്ലെ? പുരുഷന്മാർ നിങ്ങളിൽനിന്നും മുഖ്യമായി ആവശ്യപ്പെടുന്നത് ഇതുതന്നെയാണ്... പണംകൊടുത്ത് ഒരു ഭർത്താവിനെ സമ്പാദിച്ചാൽ അദ്ദേഹത്തെ വേണ്ടപോലെ സൂക്ഷിക്കേണ്ടുന്ന ഭാരം ആർക്കാണെന്ന് ആലോചിച്ചു നോക്കുവിൻ... ഭർത്താവുംപോയി ചെലവുചെയ്ത പണവുംപോയി എന്നുള്ള നഷ്ടം സഹിക്കാതെ കഴിച്ചുകൂട്ടേണ്ടുന്ന ഭാരം ഭാര്യയ്ക്കാണ്...
വിവാഹം ഇത്രയും ചെലവുള്ള കാര്യമാകുമ്പോൾ വിവാഹമോചനത്തിന് സ്ത്രീകൾ മടിക്കും; പുനർവിവാഹത്തെക്കുറിച്ച് ആലോചിക്കാൻതന്നെ ഭയപ്പെടും! ഒരിക്കൽ വിവാഹമോചനം നേടിയ സ്ത്രീ രണ്ടാമതു വിവാഹംകഴിക്കാൻ ശ്രമിക്കുമ്പോൾ കൂടിയ വിലകൊടുക്കേണ്ടിവരും, കാരണം ഒരിക്കലവൾ വിവാഹംകഴിച്ചുവെന്ന കാര്യം അവളുടെ 'യോഗ്യതക്കുറവാ'യിട്ടാണ് നാട്ടിൽ എണ്ണുന്നത്! അവസാനമായി, 'യോഗ്യതയുള്ള' ഭർത്താവിനെ വിലയ്ക്കെടുക്കണമെങ്കിൽ കുടുംബസ്വത്തു പോര, സ്വകാര്യസ്വത്തുതന്നെ വേണമെന്ന് പത്മാവതി അമ്മ ഓർമ്മിപ്പിക്കുന്നു. കുടുംബസ്വത്താകുമ്പോൾ പൊതു ഉടമസ്ഥതയാണ്; സ്വകാര്യസ്വത്താണെങ്കിലേ അത് ചെറുക്കൻവീട്ടുകാർക്ക് കൈമാറാനൊക്കൂ. പെണ്ണിന്റെ യോഗ്യതയ്ക്ക് അത്ര വിലയൊന്നുമില്ല: 'പണം റൊക്കം കൊടുക്കാൻ ഒരുക്കമുണ്ടെങ്കിൽ എല്ലാം ഗുണപ്പെടും; ഇല്ലെങ്കിൽ ഒക്കെ ഗ്രഹപ്പിഴതന്നെ'
ക്രിസ്ത്യാനികളുടെയിടയിലും ഇതേകാല
106