വത്തെക്കുറിച്ചു പറയുന്നുണ്ട്. ഒരേ സ്ത്രീയെ വിവാഹംകഴിച്ച രണ്ടു സഹോദരന്മാരിൽ ഒരാൾ ക്രിസ്തുമതം സ്വീകരിച്ച് ബന്ധമൊഴിഞ്ഞുപോയപ്പോൾ മറ്റേ ഭർത്താവ് വല്ലാതെ ചൊടിച്ചത്ര. മതംമാറി എന്നുവച്ച് ഭാര്യയെ ഉപേക്ഷിക്കേണ്ട കാര്യമെന്തെന്നായിരുന്നു അയാളുടെ ചോദ്യം!
പുടമുറി ഒഴിച്ചുള്ള മറ്റെല്ലാത്തരം വിവാഹരീതികളെയും അമർച്ചചെയ്യാനുള്ള പരിശ്രമമാണ് സമുദായപരിഷ്ക്കർത്താക്കളിൽനിന്നുണ്ടയത്. ഒരു സ്ത്രീക്ക് സ്വന്തം ജീവിതകാലത്ത് ഒരു ഭർത്താവിലധികം ഉണ്ടാകുന്നത് 'കുറച്ചി'ലാണെന്ന ധാരണ ക്രമത്തിൽ വളർന്നുവന്ന കാലവുംകൂടിയായിരുന്നു ഇത്. ഫാസറ്റ് അടക്കമുള്ള നിരവധി വിദേശികളും ചന്തുമേനോനെപ്പോലുള്ള സ്വദേശികളും ഇത്തരം നിലപാടുകളെ എതിർക്കാൻ ശ്രമിച്ചു. എന്നാൽ സമുദായപരിഷ്ക്കർത്താക്കളിൽ പലർക്കും ഇത് 'പുരുഷത്വം വീണ്ടെടുക്കലി'ന്റെ പ്രശ്നമായിരുന്നു. മരുമക്കത്തായത്തെ പൂർണ്ണമായും എതിർക്കാത്ത സമുദായമേധാവികൾപോലും അങ്ങനെ ചിന്തിച്ചു. 1909ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എഴുതിയ ലേഖനത്തിൽ ഇതു വ്യക്തമായും കാണാം:
യഥാർത്ഥത്തിൽ പുരുഷത്വമുള്ളവർ മേത്തരം മലയാളികളിൽ വളരെക്കുറഞ്ഞുതന്നെയാണു നിൽക്കുന്നത്... ഒരു കന്യകയെ സ്വന്തം ഭാര്യയാക്കി സ്വീകരിച്ചാൽ ആ പെൺകുട്ടിയെ ഭരിപ്പാൻപോലും ത്രാണിയുള്ളവരായ പുരുഷന്മാർ വളരെ കുറവാണെന്നുള്ളതു തീർച്ചതന്നെ. ഈ വകക്കാരിൽ ഭാര്യയുടെ പരിപൂർണ്ണഭരണം വിട്ടുകൊടുക്കാതെ സ്ത്രീകളുടെ തറവാട്ടുസ്വത്തിന്മേൽ അവർക്കവകാശം എന്നേക്കും നിലനിർത്തിക്കൊണ്ട് ഒരുവിധം തീറ്റിപ്പോറ്റി രക്ഷിക്കുന്നതിനിടയാക്കുന്ന മരുമക്കത്തായ സമ്പ്രദായം അഭിനന്ദനീയംതന്നെ. പക്ഷേ, ഈവക പുരുഷന്മാരെ ഇങ്ങനെ നപുംസകപ്രായന്മാരാ